KeralaNews

വിജിലന്‍സ് അന്വേഷണം; ശ്രീലേഖയ്ക്ക് രക്ഷകനായി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ എഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ഇതുമായി ബന്ധപ്പെട്ട് ശ്രീലേഖ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. ഫയലിൽ അന്തിമ തീരുമാനം കൈക്കൊള്ളുക മുഖ്യമന്ത്രി ആയിരിക്കും. നടപടി ക്രമങ്ങളിൽ ചെറിയ വീഴ്ചകളാണ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊക്കെ ശ്രീലേഖ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഗതാഗത വകുപ്പാണ് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാമ്പത്തിക ക്രമക്കേട്, ഭരണപരമായ വീഴ്ച എന്നീപരാതികളിൽ കഴമ്പുണ്ടെന്ന് പ്രാഥമികഅന്വേഷണം നടത്തിയ മുൻ ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ടാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം, പാലക്കാട്. ചിറ്റൂര്‍ ആര്‍ടിഒ ഓഫീസ് നവീകരണം എന്നിവയില്‍ ക്രമക്കേട് നടന്നുവെന്നാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്.

ലണ്ടനിൽ സ്വകാര്യമായ പഠനത്തിന് പോകാൻ 2015ജൂലായ്31ന് ശ്രീലേഖ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതിന്റെ മറവിൽ ആസ്ട്രിയ, ഫ്രാൻസ്, ജർമ്മിനി, ബഹ്‌റൈൻ, ദുബായ് എന്നിവിടങ്ങളിൽ ശ്രീലേഖ സന്ദർശനം നടത്തിയെന്നും യാത്രയുടേതടക്കം ചെലവുകളെല്ലാം സ്വകാര്യവ്യക്തികളാണ് വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ അനുമതിയില്ലാതെ വിദേശത്തുപോയത് ഗുരുതരമായ അച്ചടക്കലംഘനവും അധികാരദുർവിനിയോഗവുമാണെന്നും റിപ്പോർട്ടിലുണ്ട്.

ചിറ്റൂര്‍, പാലക്കാട് ആര്‍ടി ഓഫീസുകളില്‍ എസി സ്ഥാപിക്കാനുള്ള നീക്കം ക്രമവിരുദ്ധമായിരുന്നു. ഇതേ തുടര്‍ന്ന് എസി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കം നടന്നു. സ്ഥലംമാറ്റങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്നു. എന്നാല്‍ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥക്കെതിരെ അന്വേഷണറിപ്പോര്‍ട്ട് നല്‍കിയത് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തില്‍ ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശമാണ് ഗതാഗതവകുപ്പ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button