NewsIndia

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍ ആഞ്ഞടിക്കുന്നു : കാറ്റിന് 120-150 കിലോമീറ്റര്‍ വേഗത

ചെന്നൈ: വർധ ചുഴലിക്കാറ്റിന്റെ കേന്ദ്ര ബിന്ദു ചെന്നൈ തീരം തൊട്ടു. ചെന്നൈയിലും പരിസരത്തും കനത്ത കാറ്റ്. 120 മുതൽ 150 വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് പൂർണമായും തീരത്തടിക്കുമെന്നാണ് കരുതുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശ്രീഹരിക്കോട്ടയ്ക്കും ചെന്നൈയ്ക്കും ഇടയിലൂടെയാണ് കാറ്റ് ഇപ്പോൾ കടന്നുപോകുന്നത്. 2 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.

വ്യോമ, റെയിൽ, റോഡ് ഗതാഗതം പൂർണമായും താളം തെറ്റി. തമിഴ്നാട്ടിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാരിനു വേണ്ട മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിന്റെ വേഗം കുറച്ചു. ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. എണ്ണായിരത്തോളം പേരെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി പ്രവേശിപ്പിക്കുകയും ആന്ധ്രയിൽ 9,400 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ജനങ്ങൾ പുറത്തേക്കിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. നഗരം സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

വൈകിട്ട് നാലുവരെ പുറത്തിറങ്ങരുതെന്ന് തമിഴ്നാട് സർക്കാർ ജനത്തിനു നിർദേശം നൽകി. ആവശ്യമായ അളവിൽ ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും ശേഖരിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു വ്യക്തമാക്കി. അടുത്ത 36 മണിക്കൂറുകൾ കടലിലേക്ക് പോകരുതെന്ന് മൽസ്യത്തൊഴിലാളികൾക്ക് നിർദേശം നൽകി. വൈദ്യുതിബന്ധം തകരാറിലായി. റയിൽവേ ലൈനുകൾ പലയിടത്തും തകർന്നു.1600 ഓളം മരങ്ങൾ കടപുഴുകി വീണു വാഹന ഗതാഗതം താറുമാറായി. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ :9445477201,  9445477203,9445477205,  9445477206,  9445477207.

shortlink

Related Articles

Post Your Comments

Related Articles


Back to top button