Prathikarana Vedhi

കല്ലിൽ കടിച്ച് പല്ലു കളയുന്ന ഫേസ്‌ബുക്ക് പോരാളികളോട് പ്രശസ്ത സാഹിത്യ നിരൂപകൻ രമാകാന്തൻ നായർ ചോദിക്കുന്നു: തീയിൽ കുരുത്തത് വെയിലത്ത് വാടുമോ?

ശരീരം അനുവദിച്ചാലും മനസ്സ് ഒരിടത്തും സ്ഥിരമായി നിൽക്കാറില്ല. അതു കൊണ്ട് തന്നെ പലപ്പോഴും യാത്രകളിലാണ്. കഴിഞ്ഞ രണ്ടു മാസങ്ങളായി ബീഹാർ, ഹരിയാന, ഉത്തർ പ്രദേശ്, എന്നിവിടങ്ങളിൽ ഒരു ദീർഘ യാത്രയിലായിരുന്നു. എന്റെ മറ്റു ആറ് മുഖങ്ങളിൽ ഏതിനെയെങ്കിലും കണ്ടെത്താനുള്ള ശ്രമം. നടന്നില്ല, എന്നാലും സന്തോഷവാനാണ്. കാരണം പല മുഖങ്ങളിലൂടെ എനിക്ക് എന്നെ തന്നെ കാണാൻ കഴിഞ്ഞു, ഒന്നല്ല ഒരുപാട് വട്ടം. ദേശാടനം കഴിഞ്ഞ് വന്ന് കയറിയതോ, കൊല്ലം അഞ്ചലിൽ (മലമേൽ) നമ്മുടെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ കുടുംബ വീട്ടിൽ. അവിടെ വർഷാവർഷം നടക്കാറുള്ള കുടുംബസംഗമത്തിന്റെ പുതിയ പതിപ്പിൽ പങ്കെടുക്കാനായി, ആ സന്തുഷ്ട കുടുംബത്തിന്റെ ഒത്ത നടുവിലോട്ട് ഞാനങ്ങ് ഇടിച്ച് കയറി. കൊള്ളാം. നിറവ് എന്ന അവസ്ഥയുടെ പാരമ്യത കാണാൻ കഴിഞ്ഞു. ഈ അമ്മയും മകനും എന്നെ പിന്നെയും പിന്നെയും ഞെട്ടിക്കുകയാണ്.

IMG_1693

വിജയനെ എനിക്ക് കാലങ്ങളായി അറിയാം. നമ്മുടെ ആശയങ്ങൾ തമ്മിൽ ഒരിക്കലും യോജിക്കില്ല, ഒന്നു പറഞ്ഞ് രണ്ടിന് വഴക്കാണ്, എന്നാലും അവയുടെ വിനിമയം നടക്കുമ്പോൾ എവിടെയൊക്കെയോ ഒരു കണക്ഷൻ തോന്നാറുണ്ട്. നെഗറ്റീവ് എന്ന ഘടകം സമ്പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ള സെഷൻസ് ആണ് അവയെല്ലാം. ഇന്നലെ രാത്രി ആ കുടുംബ സംഗമത്തിന്റെ ഇടയിൽ, സന്തോഷം നിറഞ്ഞ ആ സുഖകരമായ തിരക്കിൽ, ഒരു വശത്തിരുന്ന് വിജയൻ തന്റെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചോദിച്ചപ്പോൾ പറഞ്ഞു, പുള്ളിക്കാരന്റെ ഓൺലൈൻ പത്രത്തിന്റെ അഞ്ചാം വാർഷികമാണ്, അതിന്റെ അഭൂതപൂർവ്വമായ വിജയത്തിന് നന്ദി പറഞ്ഞു കൊണ്ട് വായനക്കാർക്ക് ഒരു കത്തെഴുതുകയാണെന്ന്. ഈ മനുഷ്യനിതെങ്ങനെ സാധിക്കുന്നു? അവിടെ കൂടിയിരിക്കുന്ന എല്ലാവരോടും കുശലാന്വേഷണങ്ങൾ നടത്തുന്നതിനോടൊപ്പമാണ് ഈ പണിയും ചെയ്യുന്നത്! ഒരു സമയത്ത് ഒന്നിൽ കൂടുതൽ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ കഴിയാത്ത ഞാനൊക്കെ ലോകതോൽവിയാണെന്ന് തിരിച്ചറിയുന്നത് ഈ മനുഷ്യനെ കാണുമ്പോഴാണ്.

ആ പറഞ്ഞ എഴുത്ത് തയ്യാറാക്കി, അർദ്ധരാത്രി പുതുവർഷപ്പിറവിയ്ക്ക് ഏതാനും നിമിഷങ്ങൾ ബാക്കി നിൽക്കെ വിജയൻ അതു തന്റെ ഓൺലൈൻ പത്രത്തിൽ പോസ്റ്റ് ചെയ്തു. കൂട്ടത്തിൽ ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ഫേസ്ബുക്ക് പേജിലും അതു കൊടുക്കുന്നതായി കണ്ടു. പല പ്രമുഖ ഓൺലൈൻ പത്രങ്ങൾക്കും ഞാൻ എന്റെ രചനകൾ കൊടുക്കാറുണ്ട്. അതു കൊണ്ട് തന്നെ മുൻനിരയിൽ നിൽക്കുന്ന ടീമുകളുമായി നല്ല ബന്ധമുണ്ട്. ഏതാണ്ട് നാൽപ്പതോളം പേരടങ്ങുന്ന വലിയൊരു ഓൺലൈൻ ടീമാണ് വിജയന്റെ ഈസ്റ്റ് കോസ്റ്റ് ഡെയിലി. എന്നിട്ടും, ഡിസംബർ 31 രാത്രിയുടെ ആഘോഷ വേളയിൽ മറ്റ് സബ് എഡിറ്റേഴ്‌സിനെ ആരെയും ശല്യം ചെയ്യാതെ ഇതൊക്കെ ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ! ശേഷം, കുടുംബസംഗമവും, പുതുവത്സരാഘോഷവും ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി ഉറക്കം വരാത്തതിനാൽ ഫേസ്‌ബുക്കിൽ ഒരു ഓട്ടപ്രദക്ഷിണം നടത്തി. വിജയന്റെ ആ പോസ്റ്റ് വീണ്ടും കാണാനിടയായി. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി. ഒരുപാട് പേർ ലൈക്ക്, കമന്റ്, ഷെയർ എന്നിവ കൊടുത്തിട്ടുള്ള ആ പോസ്റ്റിൽ ഒരു വിഭാഗം ആളുകൾ മാത്രം വായിൽ തോന്നുന്ന എന്തൊക്കെയോ വിളിച്ചു പറഞ്ഞു കമന്റ് ചെയ്യുന്നു! പച്ചച്ചത്തെറികൾ! “നീ സങ്കിയാണെടാ”, “നിന്റെ പത്രം ബിജെപി ആണോടാ സ്പോൺസർ ചെയ്യുന്നത്” എന്നൊക്കെ പറഞ്ഞു അമ്മയ്ക്കും, അച്ഛനും ഒക്കെ വിളിച്ചു കൊണ്ട്, കുറെ പേർ! ഫേക്ക് ഐഡിയാണോ, ഒറിജിനലാണോ എന്നൊന്നും വ്യക്തമല്ല, എന്നാലും ആ കമന്റ്സ് കൊടുത്തവരുടെ പേരുകൾ വായിക്കുമ്പോൾ, 99% പേരും ഒരു മതവിഭാഗത്തിൽ പെടുന്നവർ മാത്രം! ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു, നോക്കിയാൽ അറിയാം.

LINK : https://goo.gl/YOt7FD

എന്തൊരു വൃത്തികെട്ട ലോകമാണിത്! സഖാവ് ഈ.എം.എസിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു എന്റെ അച്ഛൻ. കറതീർത്ത ഇടതുപക്ഷചിന്താഗതിക്കാരൻ. അച്ഛന്റെ രീതിയിൽ തന്നെയാണ് ഞാനും വളർന്നത്. അന്നും ഇന്നും ഇനി എന്നും കമ്മ്യൂണിസത്തിന്റെ മഹത്തായ ആശയങ്ങളെ നെഞ്ചോട് ചേർത്തു പിടിച്ച്, അതൊക്കെ ജീവിതത്തിൽ പ്രാവർത്തികമാക്കി നീങ്ങുന്ന ഒരാളാണ് ഞാൻ. ആ എനിക്കു പോലും ഒരിക്കലും തോന്നിയിട്ടില്ല വിജയന്റെ ഈസ്റ് കോസ്റ്റ് ഡെയിലി എന്നത് ഒരു ബി.ജെ.പി പത്രമാണെന്നും, ഈ പറയുന്ന പോലെ വിജയൻ ഒരു സംഘിയാണെന്നും! പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആശയങ്ങളെ അംഗീകരിച്ചു കൊണ്ട്, കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ട് ഒരുപാട് അപ്ഡേറ്റ്സ് ഞാൻ ആ ഓൺലൈൻ പത്രത്തിൽ കണ്ടിട്ടുണ്ട്. അതു പോലെ തന്നെ നമ്മുടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും, പാർട്ടിയിലെ എല്ലാ മികച്ച നീക്കങ്ങളെയും നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള വാർത്തകളും കണ്ടിട്ടുണ്ട്. ഇതിലൊക്കെ എവിടെയാണ് സങ്കിയും, കുങ്കിയുമൊക്കെ വരുന്നത് ? വിജയനോട് ഒരിക്കൽ ഞാൻ തർക്കിച്ചിട്ടുണ്ട്, ശരിക്കും പറഞ്ഞാൽ ഉറക്കെ സംസാരമായിട്ടുണ്ട്. വിജയൻ നരേന്ദ്ര മോഡിയേയും, പിണറായി വിജയനെയും തമ്മിൽ താരതമ്യപ്പെടുത്തിക്കൊണ്ട്, ഇരുവരും ഉരുക്ക് മനസ്സുള്ള മികച്ച ഭരണാധികാരികളാണ് എന്ന രീതിയിൽ എന്നോട് സംസാരിക്കുന്നു. ഞാൻ അതിനെ ഘോരഘോരം എതിർക്കുന്നു. ഒടുവിൽ, പുള്ളിക്കാരൻ എന്നെ കീഴടക്കി. തന്റെ ആശയം തന്നെ വിജയിച്ചു. ഈ മനുഷ്യനെ എങ്ങനെയാണ് ഇത്തരം സങ്കി-മങ്കി ആരോപണങ്ങളിൽ പെടുത്തി അപമാനിക്കാൻ കഴിയുന്നത്? എനിക്കത് മനസ്സിലാകുന്നേയില്ല!

ആ പോസ്റ്റിൽ കണ്ട രണ്ടു കമന്റ്സ് എന്നെ ശരിക്കും ഞെട്ടിച്ചു. ഒന്ന്, അവിടെ കണ്ട ഏതോ ഒരു വൃത്തികെട്ട കമന്റിന് കീഴെ വേറൊരാൾ എഴുതിയിരിക്കുന്നു “സുഹൃത്തേ, ഈ പത്രം ഇഷ്ടമല്ല എങ്കിൽ നിങ്ങളെന്തിനാണ് ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്, അൺ ലൈക്ക് ചെയ്തിട്ട് പൊയ്ക്കൂടേ” എന്ന്. അതിന് ആ തെറിപോരാളി കൊടുത്ത മറുപടി ഇങ്ങനെയാണ്, “അങ്ങനെ ചെയ്യാൻ പറ്റില്ല. കാരണം ഇവിടെ നിന്നാലേ എനിക്ക് ഇവന്റെ തള്ളയ്ക്ക് വിളിക്കാൻ പറ്റൂ” എന്ന്! നല്ല സംസ്ക്കാരം, നല്ല ഭാഷ! ഇയാളെയൊക്കെ സ്വന്തം വീട്ടിൽ എങ്ങനെ സഹിക്കുന്നു എന്ന് അത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. “തള്ള” എന്ന് പറയുന്ന ആ വാക്ക്, അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണം അവനും ജീവിതത്തിൽ ഉണ്ടാകില്ലേ? അവിടെയും അവൻ ഇങ്ങനെ തന്നെയായിരിക്കുമോ പ്രതികരിക്കുന്നത്? വേറൊരു കമന്റ്, “ഗൾഫിൽ പോയി ഉണ്ടാക്കിയ കാശിന്റെ അഹങ്കാരമാണ് ഇവന്” എന്ന് ഒരാളുടേത്. അയാളുടെ പ്രൊഫൈൽ നോക്കിയപ്പോൾ ദുബായ് മീഡിയാ സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നു! അയാൾക്ക് തന്നെ അറിയില്ലേ ഗൾഫിൽ ജോലി ചെയ്യുന്നതിലെ പ്രയാസവും, സുഖവും ഒക്കെ എത്രത്തോളമാണെന്ന്? എനിക്കറിയാവുന്ന വിജയൻ ഉറുമ്പുകളെ പോലെയാണ്, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരാൾ! വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഈ കാണുന്ന പൊസിഷനിൽ പുള്ളിക്കാരൻ എത്തിയത്. ഗൾഫ് മേഖലയിൽ സ്റ്റേജ് ഷോ പരിപാടികൾക്ക് തുടക്കം കുറച്ചതാരെന്നും, അതിനൊക്കെ കിട്ടിയ പേരും പ്രശസ്തിയും എത്രത്തോളമാണെന്നും, പിന്നീട് എത്രയെത്ര പേർ ആ പാതയിൽ എത്തി എന്നുമൊക്കെ ഇവിടെ എല്ലാവർക്കും വ്യക്തമാണ്. അതെല്ലാം ഈ പറഞ്ഞ കമന്റുകൾ കൊടുത്ത, അബദ്ധപ്പിറവിയിൽ ഭൂമിയിലെത്തിയ ജന്മങ്ങളോട് വിശദീകരിക്കേണ്ട ആവശ്യം ഇല്ല. എന്നാലും വിജയന്റെ ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ എന്റെ കടമ നിർവ്വഹിക്കുകയാണ്.

പത്രപ്രവർത്തന മേഖലയിൽ യാതൊരു ബന്ധവും ഇല്ലാതെ, ഒരു ഇഷ്ടത്തിന്റെ പേരിൽ, ആവേശത്തിന്റെ പേരിൽ വിജയൻ തുടങ്ങിയതാണ് ഈസ്റ്റ് കോസ്റ്റ് ഡെയിലി. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ന് മലയാളത്തിലെ ഓൺലൈൻ പത്രങ്ങളുടെ മുൻനിരയിൽ അതു നിൽക്കുന്നുവെങ്കിൽ, എന്തെങ്കിലും വെറുതെ കുത്തിക്കുറിച്ചാൽ മാത്രം നടക്കുമോ? ഈ പറയുന്ന ബി.ജെ.പി പ്രേമം കൊണ്ട് മാത്രം അതു സാധ്യമാകുമോ? ഒരിക്കലും വീഴാത്ത മനസ്സിന്റെ ഉടമകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് ജീവിത വിജയം. വിജയന് തന്റെ ജീവിതത്തിൽ ഒരുപാട് അടികൾ കിട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം ആടിയുലഞ്ഞതല്ലാതെ, അയാൾ ഒരിക്കലും വീണിട്ടില്ല! പൂർവ്വാധികം ശക്തിയോടെ മുന്നോട്ടാഞ്ഞ് പായുന്ന വിജയനെയാണ് ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇതുപോലുള്ള ഉണ്ണാക്കി കമന്റുകളിൽ ആള് കുലുങ്ങില്ല എന്ന് എനിക്ക് വ്യക്തമാണ്. എന്നാലും, അറിയാതെ പറഞ്ഞു പോകുന്നു, നമ്മുടെ ഇപ്പോഴത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. രക്തബന്ധത്തിൽ ഒരുപാട് സഹോദരങ്ങളുള്ള ഒരു കുടുംബത്തിലെ അംഗമാണ് വിജയൻ. പക്ഷെ അന്നും ഇന്നും അമ്മയുടെ സംരക്ഷണം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതി, സ്വകാര്യ അഹങ്കാരമായി ചിന്തിച്ച്, 100% ആത്മാർത്ഥതയോടെ നടത്തിപ്പോരുന്നു അദ്ദേഹം. വയസ്സായ അമ്മയ്ക്കും, അച്ഛനും വേണ്ടി വൃദ്ധസദനങ്ങളിൽ മുറികൾ ബുക്ക് ചെയ്ത കാത്തിരിക്കുന്ന പുതുതലമുറയ്ക്ക് ചിലപ്പോൾ ഇതൊന്നും മനസ്സിലാകില്ല. എന്നാലും സത്യം ഇതാണ്. അംഗീകരിക്കണമെന്നില്ല പക്ഷെ നിന്ദിക്കാതിരുന്നു കൂടെ?

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഇത് അവസാനിപ്പിക്കാം. നമ്മുടെ സ്വന്തം നാടിന്റെ പ്രധാനമന്ത്രിയെയും, സർക്കാരിനെയും സപ്പോർട്ട് ചെയ്യുന്നതും, ബന്ധപ്പെട്ട ആശയങ്ങളെ പൊതുജനങ്ങളിൽ എത്തിക്കുന്നതും തെറ്റാണോ? ആ പ്രവൃത്തി സദാ തുടരുന്നത് ക്രിമിനൽ കുറ്റമാണോ? ഈ പറഞ്ഞ പോസ്റ്റിൽ വായിച്ച, വൃത്തികെട്ടതും, അറപ്പുളവാക്കുന്നതുമായ കമന്റുകൾ എന്നെ വല്ലാതെ പ്രേരിപ്പിക്കുന്നു, സ്വന്തം ആശയങ്ങളും ഇഷ്ടങ്ങളും ഒക്കെ മാറ്റി വച്ച് വിജയന്റെ ചിന്തകളെ സപ്പോർട്ട് ചെയ്യാൻ! ഒപ്പം നിൽക്കാൻ! ബി.ജെ.പി, എൽ.ഡി.എഫ്, കോൺഗ്രസ്സ് എന്നൊന്നും നോക്കണ്ട, നരേന്ദ്ര മോഡി, പിണറായി വിജയൻ എന്നീ രണ്ടു പേരുകൾ ഫോളോ ചെയ്ത് ഇവരെ സപ്പോർട്ട് ചെയ്ത് മുന്നേറിയാൽ നാടിനു നല്ലതേ വരൂ എന്നൊരു തോന്നൽ എന്നിലും ജനിക്കുന്നു. വിജയനോട്, നിങ്ങൾ ധൈര്യത്തിൽ തുടരൂ. ആരെയും പേടിക്കണ്ട. വഴിനീളെ നിരന്നു നിന്നുകൊണ്ട് അനാവശ്യമായി കുരയ്ക്കുന്ന പട്ടികൾ ഒരു ചെറിയ നോട്ടം കൊണ്ടുള്ള സഹതാപം പോലും അർഹിക്കുന്നില്ല, പിന്നെയല്ലേ അവയെ കല്ലെറിഞ്ഞ് ഓടിക്കേണ്ടത്! നിങ്ങളുടെ ലക്‌ഷ്യം നല്ലതാണ്, ഇതുപോലെ തൃണത്തിന്റെ വില പോലും കൊടുക്കേണ്ടതിലാത്ത വിഷയങ്ങളിൽ പെട്ട് അതിന്റെ മഹത്വം കളയാതെ, സധൈര്യം നീങ്ങൂ. നല്ല മനസ്സിന്റെ ഉടമകളുടെ സപ്പോർട്ട് നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. എന്നെപ്പോലുള്ളവർ ഇനി ഉറപ്പായും കൂടെയുണ്ട്. ആശംസകൾ. ഹാപ്പി ന്യൂ ഇയർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button