Interviews

‘അവര്‍ എന്നെ നിലത്തിട്ട് ചവിട്ടി… എല്ലുകള്‍ പൊട്ടുന്നത് വരെ മര്‍ദ്ദിച്ചു”; സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനമേറ്റ ക്യാന്‍സര്‍ രോഗിയായ ബി.ജെ.പി വനിതാ ന്യൂനപക്ഷ നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ആശ ഷെറിനുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

17 ജനുവരി 15. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരക്ക് സമീപമുള്ള മുടവന്‍ മുകള്‍ ഗ്രാമം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകയായ ആശ ഷെറിന്‍ എന്ന മുസ്ലിം യുവതിയെ സി.പി.എമ്മുകാര്‍ റോഡിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നു. അബോധാവസ്ഥയിലായ ക്യാന്‍സര്‍ രോഗികൂടിയായ അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് നാട്ടുകാര്‍ എത്തിക്കുന്നു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം തിരികെയെത്തിയ യുവതിയെ വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ഭീഷണിപ്പെടുത്തുന്നു. ഗത്യന്തരമില്ലാതെ ആത്മഹത്യക്ക് ശ്രമിക്കുന്ന യുവതിയെ നാട്ടുകാര്‍ രക്ഷപെടുത്തുന്നു. കേരളം ഞെട്ടിത്തരിച്ച സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍. സിപിഎം പ്രവര്‍ത്തകരുടെ നിരന്തരമായ അക്രമണത്തിനിരയായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേമം മണ്ഡലം ജനറല്‍ സെക്രട്ടറി ആശ ഷെറിനുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

00123

? അന്നത്തെ സംഭവങ്ങള്‍ ഓര്‍മ്മയുണ്ടോ?

? ഉണ്ട്. ബോധം മറയുന്നത് വരെയുള്ള കാര്യങ്ങള്‍ ഞാന്‍ പറയാം. രാവിലെ വീടിന് പുറത്തിറങ്ങിയ എന്നെ, നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിപിഎം ഗുണ്ടകള്‍ അക്രമിക്കുകയായിരുന്നു. നാല് പേരായിരുന്നു അവര്‍. അതില്‍ മൂന്ന് പേര്‍ എന്നെ റോഡിലിട്ട് ചവിട്ടുകയും കല്ല് വെച്ച് ഇടിക്കുകയും ചെയ്തു. എല്ലുകള്‍ പൊട്ടുന്നത് വരെ മര്‍ദ്ദിച്ചു. ഞാന്‍ ധരിച്ചിരുന്ന വസ്ത്രവും വലിച്ചു കീറി. അവസാനം ബോധം മറയുമ്പോഴാണ് അവര്‍ എന്നെ ഉപേക്ഷിച്ച് പോയത്.

? എന്ത് കാരണം കൊണ്ടാണ് അവര്‍ താങ്കളെ അക്രമിച്ചത്?

? മൂന്ന് വര്‍ഷം മുമ്പ് ഉണ്ടായ ഒരു സംഭവത്തിന്റെ പകയാണ് അവര്‍ ഇപ്പോഴും തീര്‍ക്കുന്നത്. ആ സമയത്ത് ഞാനൊരു സിപിഎം അനുഭാവി കൂടിയാണ് . അന്ന് എന്റെ വീടിന്റെ എതിര്‍വശത്തുള്ള പറമ്പില്‍ വച്ച് കുറച്ച് ഡിവൈഎഫ്ഐക്കൊര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നത് കണ്ടു. മര്‍ദ്ദനമേല്‍ക്കുന്നയാള്‍ പ്രാണന് വേണ്ടി നിലവിളിക്കുകയാണ്. എനിക്കത് കണ്ടു നില്‍ക്കാനായില്ല. ഞാന്‍ ഓടിച്ചെന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. കാല് പിടിച്ച് കേണിട്ടും അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന്, ആ രംഗം ഞാന്‍ മൊബൈലില്‍ പകര്‍ത്തുകയും പോലീസിന് കൈമാറുകയും ചെയ്തു. അന്ന് മുതല്‍ തുടങ്ങിയതാണ് ഈ പക. ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും അവര്‍ എന്നെ നിരന്തരം വേട്ടയാടുന്നു.

Asa001

?പോലീസില്‍ പരാതിപ്പെട്ടില്ലേ?

? ഉവ്വ്. പക്ഷേ , അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ഉന്നത സിപിഎം നേതാക്കള്‍ തന്നെ ഇവര്‍ക്ക് വക്കാലത്തുമായി ചെല്ലും. പോലീസിന് പോലും ഇവരെ ഭയമാണ്. നിയമത്തെ ഇവര്‍ നോക്കുകുത്തിയാക്കുകയാണ്.

? ഈ മൂന്ന് വര്‍ഷം അനുഭവിച്ച യാതനകള്‍ ഒന്ന് തുറന്ന് പറയുമോ?

? തീര്‍ച്ചയായും . ഞാനൊരു ക്യാന്‍സര്‍ രോഗിയാണ്. രോഗത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ആ ഒരു പരിഗണന പോലും ഇവര്‍ എനിക്ക് തരുന്നില്ല. എന്നോടോ കുടുംബത്തോടോ സഹകരിക്കരുതെന്നാണ് സി.പി.എമ്മുകാര്‍ നാട്ടുകാര്‍ക്ക് കൊടുത്തിരിക്കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ പലര്‍ക്കും സംസാരിക്കാന്‍ കൂടി ഭയമാണ്. അത്യാവശ്യത്തിന് ഒരു ഓട്ടോ കൂടി വിളിച്ചാല്‍ കിട്ടുന്നില്ല. പലചരക്ക് കടയില്‍ സാധനത്തിന് ചെല്ലാന്‍ പറ്റുന്നില്ല. എന്റെ പിതാവിനെ ഇവര്‍ പീഡനക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ പെടുത്തി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. അദ്ദേഹം ജോലി ചെയ്യുന്നത് വയനാട്ടിലാണ്. ജീവനില്‍ പേടിയുള്ളതുകൊണ്ട് നാട്ടില്‍ വന്നിട്ട് മാസങ്ങളായി. എനിക്ക് രണ്ട് മക്കളാണ്. അവര്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും പേടിയാണ്. ഒരിക്കല്‍ മുറ്റത്ത് കിടന്ന കാര്‍ എറിഞ്ഞ് തകര്‍ത്തു. ഞാന്‍ പണി കഴിപ്പിച്ച പുതിയ വീട് ഇവര്‍ അടിച്ച് തകര്‍ത്തു. ഏറെ കഷ്ടപ്പെട്ടാണ് ആ വീട് പണികഴിപ്പിച്ചത്. പണിക്കാരെ പോലും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി മടക്കുമായിരുന്നു. യാതനകള്‍ പറയാനാണെങ്കില്‍ സമയം തികയാതെ വരും. ഗത്യന്തരമില്ലാതായപ്പോഴാണ് ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ആരൊക്കെയോ കൂടി രക്ഷിച്ചു. ഇനി ഈ നാട് തന്നെ ഉപേക്ഷിച്ച് എവിടെയെങ്കിലും പോവുകയാണ് .

Asa002

? എന്നുമുതലാണ് ബിജെപി സഹയാത്രിക ആയത്?

? എനിക്ക് ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ആശ്വാസമായി കൂടെ നിന്നത് ഇവിടത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമാണ്. അതുകൊണ്ട് ഞാന്‍ പൂര്‍ണ്ണസമയ ബിജെപി പ്രവര്‍ത്തകയുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിന് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചു. അതോടുകൂടി ഇവരുടെ വാശി ഇരട്ടിച്ചു. ഇപ്പോള്‍ എങ്ങനെയും എന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ആശ ഷെറിന്‍ ഇത്രയും പറഞ്ഞ് നിര്‍ത്തുമ്പോഴേക്കും അവരുടെ കണ്ഠം ഇടറി. അതിജീവനത്തിന്റെ പോരാട്ട ഭൂമിയില്‍ പരാജയപ്പെട്ടവളുടെ നിസഹായത ആ കണ്ണുകളില്‍ നിറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചുകേരളം ഇത്ര അധപതിച്ചോ എന്ന് നമുക്കും തോന്നാം. ആവിഷ്ക്കാര സ്വാതന്ത്രത്തിന് വേണ്ടി ആഹോരാത്രം അലമുറയിടുന്ന സാംസ്കാരിക നായകര്‍ പ്രതികരിക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button