NewsInternational

വൈകി എത്തുന്ന വിവേകം പാകിസ്ഥാനെ രക്ഷപ്പെടുത്തുമോ ? 36 ഭീകരരെ വധിച്ചു

കറാച്ചി : പാക്കിസ്ഥാനിലെ സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വിവിധ തീവ്രവാദ വിരുദ്ധ റെയ്ഡുകളില്‍ 36 ഭീകരരെ വധിച്ചു. സൂഫി ആരാധനാലയത്തിലുണ്ടായ ഐ.എസ് ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു നടപടി. സിന്ധ് പ്രവിശ്യയില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 18 ഭീകരരെ വധിച്ചുവെന്നു പാക്ക് റേഞ്ചേഴ്‌സ് അറിയിച്ചു.

കത്തൂരില്‍ സൂപ്പര്‍ ഹൈവേയില്‍ അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നടത്തിയ ആക്രമണത്തിനിടെ ഏഴു ഭീകരരെയും വധിച്ചു. ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിവരികയായിരുന്ന സൈനികരെയാണു ഭീകരര്‍ ആക്രമിച്ചത്.
ഒരു പാക്ക് സൈനികനു പരുക്കേറ്റു. കറാച്ചിയില്‍ നടത്തിയ റെയ്ഡില്‍ 11 ഭീകരരും കൊല്ലപ്പെട്ടുവെന്നു പാക്ക് റേഞ്ചേഴ്‌സ് അറിയിച്ചു. നൂറുകണക്കിനു വിശ്വാസികള്‍ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനം. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമായിരുന്നു ഇത്.
പാക്കിസ്ഥാനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നു പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ വരുതിയിലാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇതിനു പിന്നാലെയാണു സുരക്ഷാസേന ഭീകരരെ ലക്ഷ്യമിട്ടു റെയ്ഡ് നടത്തിയത്.

shortlink

Post Your Comments


Back to top button