Kerala

ഭക്ഷ്യമന്ത്രി പരാജയം; തിലോത്തമനെ നീക്കി ദിവാകരനെ മന്ത്രിയാക്കണമെന്ന് സി.പി.ഐ

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന വിലയിരുത്തലിനു പിന്നാലെ വകുപ്പ് മന്ത്രിയെ മാറ്റണമെന്ന ആവശ്യം സി.പി.ഐക്കുള്ളിലും ശക്തമാകുന്നു. സംസ്ഥാനത്ത് അരിയടക്കം അവശ്യസാധനങ്ങളുടെ വില ഒറ്റയടിക്ക് 40-50 ശതമാനം വരെ കുതിച്ചുയര്‍ന്നിട്ടും പൊതുവിപണിയില്‍ അടിയന്തര ഇടപെടല്‍ നടത്തുന്നതില്‍ മന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നാണ് ആക്ഷേപം. മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടയില്‍നിന്ന് തന്നെ പടയൊരുക്കം ശക്തിപ്പെട്ടതോടെ മന്ത്രിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനു നേരിട്ട് രംഗത്തുവരേണ്ടിവന്നു. എന്നാല്‍ സി.പി.ഐയിലെ മറ്റു മുതിര്‍ന്ന നേതാക്കളാരും മന്ത്രിയെ പിന്തുണക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതിനിടെ കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന സി.ദിവാകരനെ വീണ്ടും വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. വി.എസ് സര്‍ക്കാരില്‍ മികച്ചരീതിയില്‍ സി.ദിവാകരന്‍ ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് കൈകാര്യംചെയ്തിരുന്നതായി പ്രതിപക്ഷം പോലും സമ്മതിച്ചിരുന്നു. എന്നാല്‍ ഇക്കുറി അരിയടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍ സപൈ്‌ളസ് കോര്‍പറേഷന്‍ നടപടി എടുക്കുന്നുണ്ടെന്നും മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം സാധനങ്ങള്‍ ന്യായവിലക്ക് നല്‍കുന്നുണ്ടെന്നും മന്ത്രിക്ക് പകരം പ്രസ്താവനയിറക്കിയതും പാര്‍ട്ടി സെക്രട്ടറിയാണെന്നതും മന്ത്രിയുടെ പരാജയമായാണ് വിലയിരുത്തുന്നത്. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വിലവര്‍ധിച്ചിട്ടും ഇക്കാര്യം കൃത്യമായി സര്‍ക്കാറിനെയൊ ഇടതുമുന്നണിയേയൊ അറിയിക്കുന്നതില്‍ മന്ത്രി വീഴ്ചവരുത്തിയെന്നാണ് പ്രധാന ആക്ഷേപം. മന്ത്രിയുടെ നടപടിയില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാന സിവില്‍ സപൈ്‌ളസ് കോര്‍പറേഷനിലും സിവില്‍ സപൈ്‌ളസ് ഡയറക്ടറേറ്റിലും നിരവധിതവണ അഴിച്ചുപണി നടത്തിയിരുന്നു. സപൈ്‌ളകോ എം.ഡിയായി നിയമിതരായവര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് രംഗംവിടുന്നതും പതിവാണ്. സി.പി.ഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പൊതുവേ പരാജയമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. സംസ്ഥാനം അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സി.ദിവാകരനെ പോലെ ഒരാള്‍ക്കു മാത്രമേ ഭക്ഷ്യവകുപ്പിനെ രക്ഷിക്കാന്‍ കഴിയൂ എന്ന വിലയിരുത്തലാണ് പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button