News Story

കെ എസ് ആർ ടി സി എങ്ങനെ ഈ അവസ്ഥയിലെത്തി? കാരണങ്ങൾ ഇതാണ്-

ദുര്‍ഗാ ലക്ഷ്മി 

അരിയുടെയും പാലിന്റെയും ഒക്കെ വില കൂടുന്നതിന് അനുസരിച്ചു സാധാരണ സർക്കാർ ജീവനക്കാരന്റെ ശമ്പളവും വർദ്ധിക്കുന്നുണ്ടോ എന്ന ചോദ്യം എന്നും എപ്പോഴും ഉയർന്നു വരുന്നതാണ്. എന്നാൽ ഇപ്പോൾ ശമ്പള വർധനവിൽ നിന്നും ശമ്പളമെങ്കിലും തരണേ എന്ന അവസ്ഥയിൽ എത്തിയിരിക്കുക ആണ് കെ എസ് ആർ ടി സി ജീവനക്കാർ. ബാക്കി ഉള്ളവർക്ക് കിട്ടും പോലെ ആനുകൂല്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ശമ്പള പരിഷ്കരണത്തിന് വേണ്ടിയോ അല്ല അവർ ഇന്ന് സമരം ചെയ്യുന്നതും പ്രതിക്ഷേധിക്കുന്നതും. അർഹമായ അവരുടെ ശമ്പളത്തിന് വേണ്ടി മാത്രമാണ്. ഇപ്പൊ ശമ്പളമെങ്കിലും കൃത്യമായി കിട്ടിയാൽ മതി എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു. പെൻഷൻകാരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. രണ്ടു മാസത്തെ പെൻഷൻ കുടിശിക ആണ് ഇപ്പോഴും .

മാസാദ്യം ശമ്പളത്തിന്റെ 75 % കൊടുക്കും ബാക്കി 25 % അവസാനവും. ഇപ്പോൾ കുറച്ചായി കെ എസ് ആർ ടി സി യിൽ തുടർന്നു വരുന്ന പ്രവണത ഇതാണ്. ഒപ്പം ആനുകൂല്യങ്ങൾ ഒന്നും തന്നെ ജീവനക്കാർക്ക് ലഭിക്കുന്നില്ല. ശമ്പളം കിട്ടിയാൽ കിട്ടി എന്നുള്ളടത്ത് ആനുകൂല്യത്തിന് പ്രസക്തി ഇല്ലല്ലോ. പ്രോവിഡന്റ് ഫണ്ട് ലോണുകൾ ജീവനക്കാർക്ക് കൊടുക്കുന്നത് നിലച്ചിട്ട് 10 മാസത്തിൽ കൂടുതലാകുന്നു. മെഡിക്കൽ റീഇമ്പേഴ്സ്മെന്റ് എന്തെന്ന് തന്നെ ട്രാൻസ്‌പോർട് ജീവനക്കാർക്ക് ഇപ്പോൾ അറിയാമോ എന്ന് സംശയം ആണ്. കാലാകാലങ്ങളായി DA കൃത്യമായി കൊടുക്കാറില്ല. മാസാമാസം ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന LIC പ്രീമിയം NDR ഇവയുടെ തുക അടയ്ക്കുന്നില്ല. ശമ്പളം കൊടുക്കാൻ ആവശ്യപ്പെടുമ്പോൾ അത് സർക്കാരിന്റെ ബാധ്യത അല്ല എന്ന് പറയുന്ന സർക്കാർ തന്നെ തങ്ങളുടെ നയങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന സൗജന്യങ്ങൾ കൊടുക്കാൻ കെ എസ് ആർ ടി സിയെ നിർബന്ധിതരാക്കുന്നു.

അപ്പോൾ ഇതിനൊക്കെ മുൻപ് സർക്കാർ ഉറപ്പിക്കേണ്ട ഒരു കാര്യമുണ്ട് കെ എസ് ആർ ടി സി എന്നത് വ്യവസായമാണോ അതോ പൊതുജന സേവനാർത്ഥമുള്ള സ്ഥാപനമാണോ എന്ന്. പൊതുജന സേവനാർത്ഥമാണ് ഇത് പ്രവർത്തിക്കേണ്ടത് എങ്കിൽ ലാഭ നഷ്ടം നോക്കാതെ വേണം മുന്നോട്ട് കൊണ്ട് പോകാൻ. അങ്ങനെ ആകുമ്പോൾ സർക്കാർ നയത്തിന്റെ ഭാഗമായി നടക്കുന്ന സൗജന്യ സേവങ്ങൾക്ക് കോമ്പൻസേഷൻ കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അല്ല വ്യവസായം മാത്രമെങ്കിൽ സൗജന്യങ്ങൾ ഒക്കെ ഒഴിവാക്കണം. സാധാരണ യാത്രക്കാർ കുറവാണെങ്കിൽ പ്രൈവറ്റ് ബസുകൾ ആ റൂട്ടിൽ ഓടാറില്ല. എന്നാൽ കെ എസ് ആർ ടി സി ഒരു യാത്രക്കാരനേയുള്ളു എങ്കിൽ പോലും സർവീസ് നടത്തും. വ്യവസായമെങ്കിൽ പ്രൈവറ്റ് ബസുകളെ പോലെ ലാഭം മാത്രം നോക്കി ലാഭകരമായ റൂട്ടുകളിൽ മാത്രം സർവീസ് നടത്തിയാൽ മതി എന്ന് തീരുമാനിക്കണം .

ഒരു നാട്ടിലെ എം എൽ എയുടെയോ അല്ലെങ്കിൽ ഒരു രാഷ്ട്രീയ നേതാവിന്റെയോ രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ആവശ്യപ്രകാരം ഓടുന്ന ലാഭകരമല്ലാത്ത ഒരുപാട് സർവിസുകൾ കെ എസ് ആർ ടി സി നടത്തുന്നുണ്ട് വ്യവസായമെങ്കിൽ അതൊക്കെ നിർത്തലാക്കണം. വികലാംഗർ, അന്ധർ, ബുദ്ധിമാന്ദ്യമുള്ളവർ എന്നിവർക്കും അവരുടെ കൂടെ ഉള്ളവർക്കും യാത്രാസൗജന്യം. കൂടാതെ പ്ലസ് ടുവരെ ഉള്ള വിദ്യാർത്ഥികൾക്കും സൗജന്യം കൊടുത്തിട്ടുണ്ട്. വ്യവസായമെങ്കിൽ ഇതൊക്കെ ഒഴിവാക്കേണ്ടതല്ലേ. ഇങ്ങനെ അല്ലെങ്കിൽ സർക്കാരായിട്ട് ഇതൊക്കെ ചെയ്യണം. ഇവിടെ അതിനു പകരം നടക്കുന്നത് സർക്കാർ സൗജന്യങ്ങൾ കോപ്പറേഷൻ നടപ്പാക്കുകയും വേണം, എന്നാൽ ഇതിനു വേണ്ട ചിലവുകൾ കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ നിന്ന് തന്നെ കണ്ടത്തേണ്ടിയിരിക്കുകയും വേണം എന്നതാണ്. അതായത് സർക്കാർ പറയുന്ന സൗജന്യങ്ങൾ എല്ലാം കൊടുക്കുകയും വേണം എന്നാൽ സ്വന്തം കാലിൽ നിന്നോണമെന്നും.

**കെ എസ് ആർ ടി സിയെ പോലെ സർക്കാരിന്റെ അധീനതയിൽ ഉള്ള ബോർഡുകളോ കോർപ്പറേഷനോ എന്തിനു ഏതെങ്കിലും ഒരു ഡിപ്പാർട്ടമെന്റോ പോലും ഇത്തരത്തിൽ ഉള്ള സൗജന്യങ്ങൾ പൊതുജനത്തിന് അനുവദിക്കുന്നില്ല.

ഏകദേശം അഞ്ചര ആറുകോടിയോളം ദിവസേന സർക്കാരിലേക്ക് അടയ്ക്കുന്ന ഒരു സ്ഥാപനമാണ് കേരളാ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ. എന്നിട്ടും 7000 ഓളം കോടി രൂപ കടമുള്ള ഇലെക്ട്രിസിറ്റി ബോർഡിന് ശമ്പളവും നൽകാൻ സർക്കാർ തയ്യാറാണ്. അവർക്കുവേണ്ടി ബജറ്റിൽ തുക കണ്ടെത്താനും സർക്കാരിന് മടിയല്ല. അത് പോലെ തന്നെ തന്നെയാണ് ഡീസലിന് ഏർപ്പെടുത്തിയിരിക്കുന്ന നികുതിയിലെയും വേർതിരിവ്. വാട്ടർ ആതോറിറ്റിയും ഇലെക്ട്രിസിറ്റി ബോർഡും 4 % നികുതി കൊടുത്തു ഡീസൽ വാങ്ങുമ്പോൾ ട്രാൻസ്‌പോർട് കോപ്പറേഷൻ കൊടുക്കുന്നത് 26 % നികുതിയാണ്. അതോടൊപ്പം തന്നെ ശമ്പളം സർക്കാർ കൊടുക്കാത്തതിനാൽ പല തവണയായി എടുത്ത ലോണുകളും തിരിച്ചടയ്ക്കുന്നതും കോപ്പറേഷൻ സ്വയമേ തന്നെ.

സർക്കാരിന്റെ അവഗണന കെ എസ് ആർ ടി സിയെ ഒരു ഭാഗത്തുകൂടി കാർന്നു തിന്നുമ്പോൾ ഉന്നതങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും മറുഭാഗത്തു കെ എസ ആർ ടി സിയെ നശിപ്പിക്കുന്നു. ഉന്നതങ്ങളിലെ അഴിമതിയെ തുറന്നു കാണിക്കത്തക്കവണ്ണം ഏറ്റവും അടുത്തുണ്ടായ ഒന്നാണ് കെ എസ് ആർ ടി സി മുൻ എം ഡി ഉൾപ്പടെ പത്തുപേർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
സംഭവം പറയുന്നത് ഇങ്ങനെ :
പ്രൈവറ്റ് ബസിനെ സഹായിക്കാനായി ദീർഘദൂര സർവീസ് നടത്തുന്ന രണ്ടു വോൾവോ ബസുകൾ കേടാക്കി എന്ന ഒരു ഡ്രൈവറുടെയും വെഹിക്കിൾ സൂപ്പർവൈസറുടെയും പരാതിയിന്മേൽ മുൻ എം ഡിയ്ക്കും എക്സിക്യൂട്ടീവ് ഡിറക്ടർക്കും വിജിലൻസ് ഓഫീസറും ഉൾപ്പടെ പത്തു പേർക്ക് എതിരെയാണ് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഇതിനൊക്കെ പുറമെ കെ എസ് ആർ ടി സി എന്ന സ്ഥാപനം നഷ്ടത്തിലാകാൻ കാരണക്കാർ, തുശ്ചമായ ശമ്പളത്തിൽ ജോലി ചെയുന്ന കണ്ടക്ടർ, ഡ്രൈവർ തുടങ്ങിയ ലോവർ കാറ്റഗറി ജീവനക്കാരാണ് എന്ന് വരുത്തി തീർത്ത് അവരെ പൊതുജനമധ്യത്തിൽ അപഹാസ്യരാക്കി മാനസിക സമ്മർദ്ദത്തിൽ ആഴ്ത്തുന്ന ചില പ്രസ്താവനകളും നടപടികളും ഉന്നതന്മാരിൽ നിന്നും ഉണ്ടാകുന്നുണ്ട്.

നമ്മുക്കു ഈ പ്രശ്നങ്ങൾ ഒന്നുമില്ലലോ എന്ന് ആശ്വസിച്ചു ഇരിക്കുന്ന ഇതര സർക്കാർ ഉദ്യോഗസ്ഥർ ഒന്നോർത്താൽ നന്ന്. കെ എസ് ആർ ടി സി ഒരു ഗിനി പന്നി ആണ്. പരീക്ഷണങ്ങൾ നടത്തികൊണ്ട് ഇരിക്കുന്ന ഒരു ഗിനി പന്നി. ഇതുവരെ ഉള്ള പരീക്ഷണം പൂർണ്ണ വിജയവും. ജീവനക്കാരെ കൊണ്ട് ശമ്പളം എങ്കിലും തന്നാൽ മതി എന്ന് സർക്കാർ പറയിപ്പിച്ചു കഴിഞ്ഞു. ഈ പ്രവണത ബാക്കി സർക്കാർ സ്ഥാപങ്ങളിലേക്കും വ്യാപിക്കാൻ അധികം കാലതാമസം ഉണ്ടാകുമെന്നു തോന്നുന്നില്ല.
ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button