NewsMusic

മാന്ത്രിക ഈണങ്ങള്‍ നിലച്ചിട്ട് പന്ത്രണ്ട് വര്‍ഷം തികയുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്

സുജിത്ത് ചാഴൂര്‍

ഇന്ന് മാര്‍ച്ച് 3. രവീന്ദ്രന്‍ മാസ്റ്റര്‍ നമ്മെ വിട്ടു പോയിട്ട് 12 വര്‍ഷം തികയുന്നു. .

എന്താണ് മാഷിനെ കുറിച്ച് ഇനിയും നമുക്ക് പറയാന്‍ ഉണ്ടാവുക ? ഒരു സംഗീതസംവിധായകന്റെ പേര് പറഞ്ഞു സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നു. രവീന്ദ്രന്‍ എന്ന പ്രതിഭയുടെ. ഇപ്പോഴും ഓണക്കാലമായാല്‍ തരംഗിണിയുടെ – രവീന്ദ്രന്‍ – യേശുദാസ് ഗാനങ്ങളുടെ ആല്‍ബം അന്വേഷിച്ചു വരുന്നവര്‍ ഇഷ്ടം പോലെ ഉണ്ട് എന്നാണ്. അതും ഏതൊരു ഗാനവും വിരല്‍ത്തുമ്പില്‍ തൊടാവുന്ന ദൂരത്തു കിട്ടുന്ന ഈ കാലത്ത് പോലും !. അവിടെയാണ് രവീന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രസക്തിയും മഹത്വവും.

കഠിനമാണ് രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ പാടാന്‍ എന്നാണു പൊതുവേ പറയപ്പെടുന്നത്. പണ്ട് ഒരു മികച്ച യുവഗായകനെ ഒരു ഗാനം ആലപിക്കാന്‍ മാസ്റ്റര്‍ ക്ഷണിച്ചപ്പോള്‍ ആ ഗായകന്‍ മാസ്റ്ററുടെ മകനോടോ മറ്റോ ചോദിച്ചത് എന്നെ കൊണ്ട് താങ്ങുമോ എന്നാണ്. ആ ചോദ്യത്തില്‍ തന്നെ ഈ പറഞ്ഞതിന്റെ ഉത്തരം ഉണ്ട് . യേശുദാസിനും ചിത്രക്കും മാത്രമേ മാസ്റ്ററുടെ പാട്ടിന്റെ ആ ഫീല്‍ ഏറ്റവും മികച്ച രീതിയില്‍ പുറത്തുകൊണ്ടു വരാന്‍ കഴിയൂ എന്ന് സംഗീതത്തെ വളരെ ഗൌരവമായി കാണുന്ന സംഗീതപ്രേമികള്‍ ! ഇതെല്ലാം ശരിയുമാണ്. എന്നാല്‍ ശാസ്ത്രീയ സംഗീതത്തിന്റെ ചേരുവ വളരെ കൂടുതല്‍ ഉള്ളതും ഇല്ലാത്തതും തനി നാടന്‍ ശീലുകള്‍ ചേര്‍ത്ത ഗാനങ്ങളും മാസ്റ്റര്‍ എത്രയോ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ എല്ലാത്തിന്റെയും റിസള്‍ട്ട് ഒന്നേ ഒന്ന് മാത്രമായിരുന്നു. അത് വിജയം എന്നതായിരുന്നു. ഒരു ഗാനം , അത് പാടാന്‍ ബുദ്ധിമുട്ടുള്ളതോ ശാസ്ത്രീയ അടിത്തറ കൂടുതല്‍ ഉള്ളതോ നാടനോ ലളിതമോ പാശ്ചാത്യ രീതിയില്‍ ഉള്ളതോ എന്തായാലും കേള്‍വിക്കാരന് അതൊന്നും ഒരു വിഷയമേയല്ല. കാരണം അതെല്ലാം ഒരു മധുരവര്‍ഷമായി ശ്രോതാവിലേക്ക് പെയ്തിറങ്ങി. പണ്ഡിതനോ പാമരനോ മുതലാളിയോ തൊഴിലാളിയോ ഗായകനോ കേള്‍വിക്കാരനോ എന്ന വ്യത്യാസമില്ലാതെ മലയാളി അത് കേട്ടിരുന്നു. കര്‍ണാടക സംഗീതത്തിലെ പല രാഗങ്ങളും ശാസ്ത്രീയ സംഗീതം എന്താണെന്ന് പോലും അറിയാത്ത കേള്‍വിക്കാരനിലേക്ക് ലഘൂകരിച്ച് , സ്വാംശീകരിച്ച് നല്‍കി മാസ്റ്റര്‍.

ഗാനങ്ങളിലെ സാങ്കേതികവും സാമ്പ്രദായികവുമായ പല രീതികളെയും രവീന്ദ്രന്‍ വെല്ലുവിളിച്ചു. യേശുദാസിന്റെ ശബ്ദം അന്ന് വരെ കേട്ടിട്ടില്ലാത്ത സ്ഥായികളില്‍ ഉപയോഗിച്ച് കൂടുതല്‍ വൈകാരികമായ തലങ്ങളിലേക്ക് ശ്രോതാവിനെ കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഗാനം കേട്ടാല്‍ അത് രവീന്ദ്രന്റെ ആണെന്ന് നിസ്സംശയം പറയാവുന്ന ഒരു ലേബല്‍ ഉണ്ടാക്കാന്‍ മാസ്റ്റര്‍ക്ക് സാധിച്ചു. ഒപ്പം തന്നെ ആ ലേബല്‍ ഹൃദയത്തില്‍ തൊടുന്ന സംഗീതത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്നത് കൂടി ആയതായിരുന്നു രവീന്ദ്രന്റെ വിജയം. ഒരു ഗാനത്തേയും കുറിച്ച് എടുത്തു പറയേണ്ടതില്ല . അല്ലെങ്കില്‍ പറഞ്ഞാല്‍ തന്നെ തീരില്ല . അതുമല്ലെങ്കില്‍ ഓരോ രവീന്ദ്ര ഗാനത്തിനും പറയാന്‍ എന്തെങ്കിലുമൊക്കെ പ്രത്യേകത കാണും. ഓരോരോ പ്രത്യേക നിമിഷങ്ങളിലും മനസ്സില്‍ ഓടിയെത്തുന്ന ഓരോരോ പാട്ടുകള്‍ ഉണ്ടാകും നമുക്ക് . അതുപോലെ തന്നെയാണ് രവീന്ദ്ര സംഗീതവും. ഓണമായാലോ വിഷുവായാലോ ഭക്തി ആയാലോ ഉല്‍സവം ആയാലോ ദു:ഖമായാലോ പ്രണയമായാലോ വിരഹമായാലോ അതിലൊക്കെ നമുക്ക് മനസ്സില്‍ കടന്നു വരുന്ന ഒരു രവീന്ദ്ര ഗാനം ഉണ്ടായിരിക്കും.

ഇതിന്റെയൊക്കെ വിജയ ഫോര്‍മുല എന്താണെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. ഒരു ഗവേഷണത്തിനും അത് സാധിക്കുകയില്ല., മാഷിന്റെ സന്തതസഹചാരിയായിരുന്ന സംഗീത സംവിധായകന്‍ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ് . ” മാഷിന്റെ പാട്ടിന്റെ ഫീല്‍ എന്താണെന്ന് ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല. അത് മാഷിനു മാത്രമായി എവിടെ നിന്നോ കിട്ടുന്ന ഒന്നാണ് ”. അതെ, അത് അങ്ങനെയാണ് . മുറ്റത്തു ചെടിക്ക് വെള്ളമൊഴിക്കുന്ന നേരത്തോ മുറിയിലെ സ്വിച്ച് ബോര്‍ഡ് നന്നാക്കുന്ന നേരത്തോ ഒക്കെ ആയിരിക്കും ആ മാജിക് ചിലപ്പോള്‍ നടക്കുന്നുണ്ടാവുക. കര്‍ക്കശ നിലപാടുകളിലൂടെ ഗാനത്തിന്റെ പെര്‍ഫക്ഷനു വേണ്ടി വാദിക്കുന്ന രവീന്ദ്രന്‍ സംഗീതത്തിലൂടെ ആര്‍ക്കും ഒരു ബാധ്യതയും ആയിട്ടില്ല ഒരിക്കലും.

താന്‍ മനസ്സില്‍ കാണുന്ന ഭാവവും പെര്‍ഫക്ഷനും വരുത്താന്‍ കഴിവുള്ള ഗായകരെ മാത്രമേ പാടാനും വിളിച്ചിട്ടുള്ളൂ . അതുകൊണ്ട് തന്നെ പലരുടെയും ആഗ്രഹങ്ങള്‍ക്കും അവസരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മാസ്റ്റര്‍ മുട്ടുമടക്കാതെ നിന്നിട്ടും ഉണ്ട് . എങ്കിലും കഴിയുമ്പോഴെല്ലാം ഒരുപാട് പേര്‍ക്ക് അവസരം നല്‍കിയിട്ടും ഉണ്ട്. എങ്കിലും സംഗീതം രവീന്ദ്രന്റെ ആണെങ്കില്‍ അതിലെ പുരുഷശബ്ദം യേശുദാസിന്റെ ആയിരിക്കും, ആയിരിക്കണം എന്ന അവസ്ഥയായിരുന്നു. സ്ത്രീശബ്ദം ചിത്രയുടെതും. അത്രമേല്‍ ഒരു ലയം ആയിരുന്നു ഇവര്‍ തമ്മില്‍. രവീന്ദ്രന്‍ എന്ന പ്രതിഭയുടെ മഹാഭാഗ്യം കൂടി ആയിരുന്നു ആഗ്രഹിച്ച പോലെ പാട്ട് പാടിത്തരുന്ന യേശുദാസും ചിത്രയും. ഒരു പക്ഷെ മറ്റേതൊരു ഗായകനെയും ഗായികയെയും പല രവീന്ദ്രഗാനങ്ങളിലും നമുക്ക് ചിന്തിക്കാന്‍ പോലും ആകില്ല. രവീന്ദ്രനെ കുറിച്ച് പറയുമ്പോള്‍ ഈ മഹാഗായകരെ കുറിച്ച് പറയാതെ നമുക്ക് കടന്നുപോകാനാവില്ല. ഒപ്പം തന്നെ വിസ്മയിപ്പിക്കുന്ന വരികള്‍ എഴുതുന്ന മഹാപ്രതിഭകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതും മാസ്റ്ററുടെ നേട്ടങ്ങളില്‍ ഒന്ന് തന്നെ.

രവീന്ദ്രന്റെ വിടവാങ്ങലിന്റെ ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പലതാണ്. ഓരോ സൃഷ്ടിയും അന്തിമമായി വിധി പറയുന്നത് ജനങ്ങളാണ് . ഘനമുള്ളതോ ലഘുവായതോ ആയാലും നല്ലതാണെങ്കില്‍ ജനം ഇഷ്ടപ്പെട്ടാല്‍ സ്വീകരിക്കും. രവീന്ദ്രന്‍ ആദ്യ കാലത്ത് വന്ന സമയത്തെ രീതികളായിരുന്നില്ല പിന്നീട് മലയാള സിനിമയിലും ഗാനരംഗത്തും ഉണ്ടായിരുന്നത് . എഴുപതുകളുടെ അവസാനം മുതല്‍ എണ്‍പതുകള്‍ തൊണ്ണൂറുകള്‍ കഴിഞ്ഞു രണ്ടായിരം കഴിയുമ്പോള്‍ ഒക്കെയും പല മാറ്റങ്ങള്‍ക്കും സിനിമയും സംഗീതവും വിധേയമായിരുന്നു. മാറ്റത്തിന്റെ കുത്തൊഴുക്കില്‍ പലര്‍ക്കും അടി തെറ്റി . പലരും സംഗീതസംവിധാനം നിര്‍ത്തി . പലര്‍ക്കും സിനിമകള്‍ ചെയ്യുന്നത് കുറക്കേണ്ടി വന്നു. അല്ലെങ്കില്‍ സ്വന്തം ശൈലിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറേണ്ടി വന്നു. ഇവിടെ രവീന്ദ്രന്‍ എന്ന വന്‍മരം ഈ കൊടുങ്കാറ്റിനെ ഒരു പുല്‍ക്കൊടിത്തുമ്പിന്റെ ലാഘവത്തോടെ നേരിട്ടു. സ്വന്തം ശൈലിയില്‍ നിന്നും ഒരിക്കലും മാറേണ്ടി വന്നില്ല. അദ്ധേഹത്തിന്റെ ശൈലിയില്‍ നിന്ന് കൊണ്ട് തന്നെ ചിത്രങ്ങള്‍ ചെയ്തു . വിജയമാക്കി. ഒടുവില്‍ ആ വിളക്ക് അണഞ്ഞു പോയതും വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ തന്നെ.

വല്ലപ്പോഴും ആകര്‍ഷകമായ ഒരു ഈണത്തിന്റെ ഏതാനും പൂക്കള്‍ വിരിയുന്ന ഈ കാലത്ത് ഈണങ്ങളുടെ ഒരു വസന്തം തന്നെ തീര്‍ത്തിരുന്ന മാസ്റ്ററുടെ പ്രസക്തി എത്ര വലുതാണെന്ന് ഓരോ ചരമവാര്‍ഷികവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.. ഇതുപോലൊരു പ്രതിഭ ഇനിയുണ്ടാകുമോ എന്നറിയില്ല ..

ഇനിയുമൊരു രവീന്ദ്രന്‍ , അല്ലെങ്കില്‍ അതുപോലെ ഒരാള്‍ വരണമെന്നില്ല . അത് കാലം തെളിയിക്കേണ്ട ഒരു കാര്യമാണ്. മലയാളിക്ക് വേണ്ടതില്‍ അധികം സ്വരാമൃതം രവീന്ദ്രന്‍ എന്ന പ്രതിഭ നല്‍കിക്കഴിഞ്ഞു. അവനു ഒരു വിഷമമേയുള്ളൂ . ഇനിയും പെയ്‌തൊഴിയാതെ അകന്നു പോയ രാഗമേഘങ്ങളില്‍ എത്ര സ്വരമധുരം നിറച്ചു വച്ചിരുന്നിരിക്കും? ആ രാഗമഴ നനയാന്‍ ഉള്ള ഭാഗ്യമില്ലാതെ പോയത് മാത്രമാണ് രവീന്ദ്രന്‍ എന്ന മഹാപ്രതിഭയുടെ വിയോഗത്താല്‍ മലയാളിക്ക് നഷ്ടമായത്. ചന്ദനമണിവാതില്‍ തുറക്കുമ്പോള്‍ പ്രമദവനത്തില്‍ ആ കിളി പാട്ട് മൂളുന്നുണ്ടാകും .. എവിടെയോ … ആ തേജസ്സിനെ നമുക്ക് പ്രണമിക്കാം…. ശതകോടി പ്രണാമങ്ങള്‍.

Post Your Comments


Back to top button