DevotionalNews

ക്ഷേത്രദർശനത്തിലൂടെ ഭക്തർക്ക് ലഭിക്കുന്ന പുണ്യങ്ങളെ കുറിച്ചറിയാം

മനുഷ്യന്റെ മഹത്തായ ഒരു സങ്കല്പമാണ് ഈശ്വരന്‍. ‘ഈശ്വരന്‍’ എന്ന പദത്തിനു ഒരു അർത്ഥമുണ്ട്. ‘ഈശ്വരന്‍’ എന്ന പദത്തിലെ ഓരോ അക്ഷരവും ഓരോന്നാണ് സൂചിപ്പിക്കുന്നത്. ഈ- എന്നാല്‍ ഇച്ഛ, ചിന്തകള്‍ എന്നും,

ശ്വ- എന്നാല്‍ ശ്വാസം, പ്രാണവായുവെന്നും, ര- എന്നത് അഗ്നിയുടെ ബീജാക്ഷരം, അഥവാ ചൂട് എന്നുമാണ്. ഈ മൂന്നിനേയും നിലനിര്‍ത്തുന്നത് ഈശ്വരനാണ്. ചൂട് നിലനിര്‍ത്തുന്നത് ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ്. ഇതിനെയാണ് ഋഷീശ്വരന്മാര്‍ ‘ഈശ്വരനെ’ന്ന് പറഞ്ഞത്.

ചെയ്യുന്നതും, അനുഭവിക്കുന്നതും ഈശ്വരനിശ്ചയമായി വേണം കരുതാൻ. ക്ഷേത്രദര്‍ശനംകൊണ്ട് ഭക്തര്‍ക്ക് പുണ്യനേട്ടങ്ങള്‍ കൈവരിക്കാൻ സാധിക്കും.ക്ഷേത്രം ശരീരത്തെപ്പോലെ ശുദ്ധവും പവിത്രവും ഭംഗിയായും സൂക്ഷിക്കണം. പരിശുദ്ധമായ ലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയ്ക്ക് ഏറ്റവുമധികം ചാലകത്വം ഉള്ളതുപോലെ പരിശുദ്ധ ശരീരവും ഏറ്റവും അധികം ഊര്‍ജ്ജസ്വീകരണത്തിന് അനുയോജ്യമാണ്. അതിനാല്‍ സമഗ്രമായ നന്മനിറഞ്ഞ ശരീരഘടനയാണ് ഭക്തന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത.

ക്ഷേത്ര ശ്രീകോവിലിനു മുമ്പില്‍ ഏതാനും നിമിഷം നില്‍ക്കുമ്പോള്‍ നമ്മുടെ കണ്ണ്, മൂക്ക്, ചെവി, ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങള്‍ ബാഹ്യചൈതന്യത്തിന് വിധേയമാകുകയാണ് ചെയ്യുന്നത്. വര്‍ണ്ണപുഷ്പങ്ങള്‍, ജ്വലിക്കുന്ന ദീപനാളങ്ങള്‍, തിളങ്ങുന്ന വിളക്കുകള്‍, വിഗ്രഹത്തിലെ മിന്നുന്ന ഉടയാടകള്‍ ഇവയെല്ലാം കണ്ണിനെ മിതമായും പക്വമായും ഉത്തേജിപ്പിക്കുന്നു. പുഷ്പം, ചന്ദനം, അഷ്ടഗന്ധം, കര്‍പ്പൂരം മുതലായവയുടെ ഗന്ധങ്ങള്‍ നാസികയെ ഉത്തേജിപ്പിക്കുന്നു.

മണിനാദം, മന്ത്രധ്വനി, ഇടയ്ക്ക, താളം, ശംഖ് തുടങ്ങിയവ ചെവിയെ ഉണര്‍ത്തുന്നു. ഭസ്മം, കളഭം, ചന്ദനം, കുങ്കുമം, ചെവിയില്‍ ചൂടുന്ന തുളസി ഇവ ത്വക്കിനെ ഉത്തേജിപ്പിക്കുന്നു. തീര്‍ത്ഥം, തൃമധുരം, നിവേദ്യം ഇവ നാക്കിനെ ചൈതന്യവത്താക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ ഇതുണ്ടാക്കുന്ന ഊര്‍ജ്ജതരംഗങ്ങള്‍ വഴി ദീപാരാധന കഴിഞ്ഞ് നട തുറക്കുമ്പോള്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ഒരു പ്രഭാതേജസ്സ് (പോസിറ്റീവ് എനര്‍ജി) ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതായി അനുഭവപ്പെടും. അതുവഴി പഞ്ചേന്ദ്രിയങ്ങളെ ഊര്‍ജ്ജസ്വലമാക്കുന്നതോടൊപ്പം നമുക്ക് ഏകാഗ്രതയും ലഭിക്കുന്നു. നിര്‍മ്മാല്യപൂജാസമയത്ത് വിഗ്രഹത്തിന് ഊര്‍ജ്ജപ്രസരണം കൂടുതലുള്ളതിനാലാണ് ‘നിര്‍മ്മാല്യം തൊഴു’ന്നതിന് വലിയ പ്രാധാന്യം കൈവന്നത്.

നമ്മുടെ ആത്മശുദ്ധിക്കാണ് പൂജ ചെയ്യുന്നത്. ധ്യാനവും തപസ്സും ഹോമവുമെല്ലാം പരമാത്മ ചൈതന്യത്തിലേക്കുള്ള സമര്‍പ്പണമാണ്. ഹോമം അഗ്നിയിലേക്കും. സാധകന്റെ അഹങ്കാരവും ഇന്ദ്രിയവാസനകളും ദ്രവ്യങ്ങളും ഹോമകുണ്ഡത്തിലെ ജ്വാലയില്‍ അര്‍പ്പിക്കപ്പെടുന്നു. അവനവന് നേടിയെടുക്കാന്‍ കഴിയുന്നതാണ് സ്വര്‍ഗ്ഗം.

 

Tags

Post Your Comments


Back to top button
Close
Close