South IndiaWeekened GetawaysPilgrimageIndia Tourism SpotsTravel

ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിൽ-3

ജ്യോതിര്‍മയി ശങ്കരന്‍

എവിടെത്തിരിഞ്ഞു നോക്കിയാലും കല്ലിലെ കൊത്തു വേലകൾ മാത്രമേ കാണാനുള്ളൂ.ഓരോ കരിങ്കൽത്തൂണിനും മണ്ഡപങ്ങൾക്കും നാവുണ്ടായിരുന്നെങ്കിൽ എത്രയേറെ കഥകൾ പറയാനുണ്ടാകും? എത്രയേറെപ്പേരുടെ വിയർപ്പിന്റെ ഫലമായിരിയ്ക്കാം ഈ കൊത്തുപണികളും ചുമർചിത്രങ്ങളും? ഓരോ തൂണിലും വ്യത്യസ്തമായ രൂപങ്ങൾ. ഓരോ ദേവരൂപങ്ങളുടേയും ശരീരത്തിലെ ആഭരണങ്ങളുടെ ആകൃതികളിലെ മനോഹാരിത അത്യത്ഭുതം തന്നെ. ഇവിടെ ഇത്തരം കൊത്തുപണികളുടെ സൂക്ഷ്മതകളെക്കുറിച്ചു പഠിയ്ക്കുന്നവർക്കൊരു പറുദീസ തന്നെയാകും, സംശയമില്ല.. യൂണിഫോമിട്ട ഒരു കൂട്ടം വിദ്യാർത്ഥിനികളെക്കണ്ടപ്പോൾ ഇത്തരം ഒരു പഠനഗ്രൂപ്പാണെന്നു മനസ്സിലാക്കാനായി. പിന്നീട് പ്രീത ഞങ്ങളെ പാറയുടെ മുകളിലായുള്ള കൈലാസക്ഷേത്രത്തിലേയ്ക്കാണു കൊണ്ടുപോയത്. അവിടമെല്ലാം പാറക്കൂട്ടങ്ങൾ തന്നെ. കൊത്തിയെടുത്ത കൽ‌പ്പടവുകളിലേയ്ക്കു കയറുമ്പോൾ പ്രാചീനലിപികളിൽ കറുത്ത പാറയിലുടനീളം വ്യക്തമായി കൊത്തി വച്ചിരിയ്ക്കുന്ന ശിലാശാസനങ്ങൾ അഥവാ അറിയിപ്പുകൾ കാണാനായി. ചേര ചോള രാജ്യ ഭരണത്തെക്കുറിച്ചും സംഘകാല സംസ്കൃതിയെക്കുറിച്ചുമെല്ലാം വെളിച്ചം വീശുന്നവയാണീ ശിലാലിഖിതങ്ങൾ എന്നറിയാനായി. അവയ്ക്ക് എത്രയേറെ പഴക്കം കണ്ടേയ്ക്കാം? എന്നിട്ടും യാതൊരുവിധ കേടും കൂടാതെ ഇന്നും നിലനിൽക്കുന്നു. കൈലാസനാഥനെ കാണാനായി കല്ലിൽക്കൊത്തിയെടുത്ത പടവുകൾ കയറുമ്പോൾ ശ്രദ്ധിച്ചു കയറണമെന്നെഴുതി വച്ചിരിയ്ക്കുന്ന ബോർഡുകൾ കണ്ടു. കയറാൻ ഇത്തിരി ആയാസം തന്നെ. മുകളിലെത്തിയപ്പോൾ അകത്ത് വിഗ്രഹത്തിന്നു മുന്നിൽ മൌനമായി ധ്യാനനിരതരായിരിയ്ക്കുന്ന ഒട്ടേറെപേരെക്കണ്ടു. അകത്തു വന്നിരുന്നുകൊള്ളാൻ അവർ പറഞ്ഞതനുസരിച്ച് അൽ‌പ്പ നേരം അവിടെ കണ്ണടച്ച് മൌനമായി ധ്യാനത്തിലിരുന്നപ്പോൾ വല്ലാത്ത ശാന്തതയനുഭവപ്പെട്ടു. അമ്പലത്തിനു വലം വെച്ചു പരന്നു കിടക്കുന്ന പാറകൾക്കിടയിലൂടെ താഴേയ്ക്കിറങ്ങുമ്പോൾ ഒട്ടേറെ മാങ്ങകളുമായി നിൽക്കുന്ന മാവുകൾ കുശലം ചോദിച്ചെന്നപോലെ തലയിളക്കി.

ഇനിയും കാണാനും തൊഴാനും കഴിഞ്ഞ ദേവീ ദേവന്മാരുടെ നിര കുറച്ചൊന്നുമല്ല. ശാസ്താവിനേയും പട്ടാഭിഷേക രൂപത്തിലെ ശ്രീരാമസ്വാമിയേയും തൊഴുതു. അകലെ നിന്നും കാണായ ഹനുമാൻ സ്വാമിയെ ഒരിയ്ക്കൽക്കൂടി തൊഴുതു. മുഖം നിറയെ കട്ടിയിൽത്തേച്ച വെണ്ണയുടെ ഭംഗി അകലേയ്ക്കു പോലും മുഖസൌന്ദര്യമേകുന്നു. ഇവിടെ വടമാല ചാർത്തലും മറ്റു ഹനുമത് ക്ഷേത്രങ്ങളിലെന്നപോലെ പ്രസിദ്ധമാണ്-. രണ്ടു തരത്തിൽ ഇതിനായി വടകൾ ഉണ്ടാക്കപ്പെടുന്നു. ഈ ഹനുമത് വിഗ്രഹം ഇപ്പോഴും വളർന്നുകൊണ്ടിരിയ്ക്കുന്നുവെന്ന് ഒരു വിശ്വാസമുണ്ട്.. വലത്തോട്ടു തിരിഞ്ഞ് സുബ്രഹ്മണ്യസ്വാമിയെ തൊഴുതു.. പഞ്ചപാണ്ഡവരും പാഞ്ചാലിയും വനവാസക്കാലത്ത് പൂജിച്ചിരുന്ന വിഗ്രങ്ങൾ ഒരോന്നും തൊഴുതു. യുധിഷ്ഠിരൻ പൂജിച്ചിരുന്ന ശൈവ വിഗ്രഹത്തിനു തൊട്ടപ്പുറത്തു തന്നെ ഭീമനും പൂജിച്ചിരുന്ന ശിവന്റെ മൂർത്തിയുടെ കോവിൽ കാണാനായി. അർജ്ജുനൻ പൂജിച്ചിരുന്ന നവനീതകൃഷ്ണൻ തൊട്ടു തന്നെ സ്ഥിതി ചെയ്യുന്നു.നകുലൻ പൂജിച്ചിരുന്ന ശ്രീചക്രത്തെ പിന്നീടു തൊഴുതു. സഹദേവനും ശിവനെത്തന്നെയാണ് പൂജിച്ചിരുന്നത്. അവിടെയും തൊഴുതശേഷം ദ്രൌപദി പൂജിച്ചാരാധിച്ചിരുന്ന ദുർഗ്ഗയേയും തൊഴുതു. ഏതാനും സമയത്തേയ്ക്കു മനസ്സ് മഹാഭാരതകഥകളിലൂടെ ഊളിയിട്ടു.. സങ്കൽ‌പ്പങ്ങൾക്കപ്പുറമുള്ള യഥാർത്ഥചിത്രത്തെ മനസ്സിൽക്കാണാൻ ശ്രമിച്ചു.
ഗോപുരത്തിന്റെ ഒരു കോണിലായി സ്ഥിതിചെയ്യുന്ന ജ്വരാഹരമൂർത്തിയെ തൊഴുതു പ്രാർത്ഥിച്ചാൽ തീരാവ്യാധികൾ മാറുമത്രേ! പ്രത്യേകിച്ചും മൈഗ്രേൻ മാറുന്നതിനായി ഇവിടെ പലരും പ്രാർത്ഥിയ്ക്കുന്നു . എന്റെ ഒരു സുഹൃത്തിനുവേണ്ടി പ്രാർത്ഥിച്ചു തൊഴുത് അവിടെ തനിയെ ഉണ്ടാകുന്ന ഒരു പൊടി പ്രസാദമായി നെറ്റിയിൽ അണിഞ്ഞു.

അറം വളർത്തമ്മാൻ കോവിൽ എന്ന ബോര്‍ഡ് കണ്ടപ്പോൾ ആരാണെന്നു ചോദിയ്ക്കാതിരിയ്ക്കാനായില്ല. ധർമ്മ വർദ്ധിനിയായ പാർവ്വതി തന്നെയാണു സങ്കൽ‌പ്പമെങ്കിലും അവിടെ അങ്ങിനെയൊരു കോവിലുണ്ടാകാനുള്ള കാരണം പ്രീതയുടെ വാക്കുകളിലൂടെ അറിയാൻ കഴിഞ്ഞപ്പോൾ രോമാഞ്ചമുണ്ടായി.അവിടെ അടുത്തു തന്നെയുള്ള ഒരു കന്യക കുട്ടിക്കാലം മുതൽ ശിവഭക്തയായിരുന്നു. ഭഗവാനെ മാത്രമേ വിവാഹം കഴിയ്ക്കൂ എന്നും ശഠിച്ചിരുന്നു. അതിനെ കണക്കിലെടുക്ക്കാതെ വീട്ടുകാർ നിശ്ചയിച്ച വിവാഹത്താൽ ദുഃഖിതയായ അവൾ ഭഗവൽ സന്നിധിയിലെത്തുകയും നേരെ ശ്രീ കോവിലിനുള്ളിലേയ്ക്കു കയറിപ്പോകുകയും ചെയ്തു. കന്യകയെ പിന്തുടർന്നെത്തിയവർക്ക് അവൾ തന്നിൽ ലയിച്ചുവെന്ന ഭഗവാന്റെ അശരീരിയാണു കേൾക്കാനായത്. ആ വീട്ടുകാർ പണി കഴിപ്പിച്ച കോവിലാണു അറം വളർത്തമ്മൻ കോവിൽ..ദിവ്യാനുരാഗത്തിന്റെ നിറവിൽ ഭക്തിയുണർത്തിയ ദേവിയെ തൊഴുതു നമസ്ക്കരിച്ചപ്പോൾ മനസ്സിൽ അവാച്യമായ സന്തോഷം നിറയുന്നതായിത്തോന്നി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button