NewsInternational

അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പൊലിയുന്നു : അമേരിക്കയിലേയ്ക്ക് വിസ കിട്ടാന്‍ ബുദ്ധിമുട്ടും : യു.എസില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തിലും ആശങ്ക

ന്യൂയോര്‍ക്ക്: ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് ഇനി അധിക കാലത്തെ ആയുസ് ഉണ്ടാവില്ലെന്ന സൂചനയാണ് അമേരിക്കന്‍ പൗരത്വ-കുടിയേറ്റ മന്ത്രാലയം നല്‍കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്ന എച്ച് വണ്‍ ബി വിസകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ ഭരണകൂടം പുറപ്പെടുവിച്ചു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ബി.ടെക്, എം.സി.എ അടക്കമുള്ള ബിരുദങ്ങള്‍ നേടിയ ഉദ്ദ്യോഗാര്‍ത്ഥികള്‍ എച്ച് വണ്‍ ബി വിസയിലാണ് അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഉയര്‍ന്ന ശമ്പളവും ഉയര്‍ന്ന യോഗ്യതയും ഉള്ള ജോലികളിലേക്ക് മാത്രം ഇത്തരം വിസകള്‍ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.
അമേരിക്കന്‍ പൗരന്മാര്‍ക്ക് പരമാവധി ജോലി നല്‍കിയ ശേഷം മതിയായ യോഗ്യതയുള്ള സ്വദേശികളെ കിട്ടാത്ത സ്ഥാനങ്ങളിലേക്ക് മാത്രം വിദേശികള്‍ക്ക് വിസ അനുവദിക്കും. അടുത്ത വര്‍ഷത്തിലേക്കുള്ള വിസ അപേക്ഷകള്‍ ഇന്നലെ മുതലാണ് സ്വീകരിച്ചു തുടങ്ങിയത്. കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെ ജോലി വിദഗ്ദ ജോലിയായി കണക്കാക്കാനാവില്ലെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികള്‍ ജോലിയുടെ സ്വഭാവവും വിശദാംശങ്ങളും കൂടി അറിയിക്കണം. ജോലിയുടെ സങ്കീര്‍ണ്ണതയും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ജോലിയാണെന്ന് തെളിയിക്കുന്ന രേഖകളും നല്‍കണം. ഈ സ്ഥാനത്തേക്ക് തുടക്കത്തില്‍ നല്‍കുന്ന ശമ്പളവും അധികൃതരെ അറിയിക്കണം. ഇത് അധികൃതര്‍ പരിശോധിച്ച ശേഷം മാത്രമേ വിസ അനുവദിക്കുകയുള്ളൂ. 17 വര്‍ഷം മുമ്പ് രൂപപ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇക്കുറി അമേരിക്കന്‍ ഭരണകൂടം ഭേദഗതി ചെയ്തത്. മതിയായ സമയം നല്‍കാതെ ഇത്തരമൊരു മാറ്റം കൊണ്ടുവന്നതിനെതിരെ കമ്പനികള്‍ നിയമ നടപടികള്‍ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എച്ച് വണ്‍ ബി വിസയ്ക്കുള്ള സൗകര്യം കമ്പനികള്‍ ദുരുപയോഗം ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സ്വദേശികള്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്ന ഒരു സമീപനവും ഭരണകൂടം ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button