Latest NewsNewsIndia

അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി

ഭോപാല്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം കാഴ്ചക്കാര്‍ക്ക് നൊമ്പരമായി. ഹൃദയഭേദകമായ ഈ ദൃശ്യം മധ്യപ്രദേശിലെ ദാമോയില്‍നിന്നാണ്.

റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ട് ട്രെയിന്‍ ഡ്രൈവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ വിശന്ന് കരയുന്ന ഒരുവയസ് പ്രായമുള്ള ആണ്‍ കുട്ടി അമ്മയുടെ മാറില്‍നിന്ന് മുലപ്പാല്‍ കുടിക്കാനുള്ള ശ്രമമായിരുന്നു, അമ്മ അവനെ വിട്ടുപിരിഞ്ഞത് അറിയാതെ. ഇവിടെ കൂടിയവരില്‍ ഒരാള്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.

യുവതിയും കുട്ടിയും ട്രെയിനില്‍നിന്ന് വീണതോ ട്രെയിന്‍തട്ടിയതോ ആകാമെന്നാണ് പോലീസ് കരുതുന്നത്. യുവതിയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. കുഞ്ഞിന് പരിക്കേല്‍ക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാല്‍ അവന് പരിക്കേറ്റില്ല.

യുവതിയുടെ മൃതദേഹവും കുട്ടിയേയും ഉടന്‍തന്നെ പോലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലെ അഡ്മിഷന്‍ ഫീസായ 10 രൂപ അടയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ആദ്യം വിസമ്മതിച്ചു.

എന്നാല്‍ ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ തുകയടയ്ക്കാന്‍ തയാറായതോടെയാണ് കുട്ടിയെ ആശുപത്രി ഏറ്റെടുത്തത്. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം കുട്ടിയെ ശിശുഭവന് കൈമാറി. മരിച്ചത് നാടോടി യുവതിയാണോയെന്ന് പോലീസിന് സംശയമുണ്ട്. യുവതിയുടെയും കുട്ടിയുടേയും ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

https://www.youtube.com/watch?v=vH9HF5h4HDg

shortlink

Related Articles

Post Your Comments

Related Articles


Back to top button