KeralaLatest News

ഖത്തര്‍ എയര്‍വേയ്‌സ് പുതിയ റൂട്ടില്‍

 

കരിപ്പൂര്‍ : മലയാളി പ്രവാസികള്‍ക്ക് കുടുക്കായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയാണ്. ഖത്തറില്‍ നിന്നുള്ള വിമാനങ്ങളില്‍ നിലവില്‍ ടിക്കറ്റ് വര്‍ധനവ് ഇല്ലെങ്കിലും ഈ മാസം 22-ന് ഖത്തറിലെ സ്‌കൂളുകള്‍ അടയ്ക്കുന്നതോടെ ഈ റൂട്ടിലെ വിമാനയാത്രയ്ക്ക് ചിലവേറുമെന്ന് ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇനി കൂടിയ നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടി വരും ടിക്കറ്റ് വാങ്ങാന്‍ തയ്യാറായാലും അത് ലഭ്യമാക്കുമോ എന്ന സംശയവും ബാക്കിയാണ്.

ഖത്തറിന് പുറത്ത് ദുബായ്, റിയാദ് വിമാനത്തവാളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇറാനായിരിക്കും ഖത്തര്‍ എയര്‍വേഴ്സിന്റെ ട്രാന്‍സിറ്റ് പോയിന്റ്. ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ ഇറാന്‍ വഴി തിരിച്ചു വിട്ട സാഹചര്യത്തില്‍ ഇന്ധന ഉപഭോഗവും, യാത്രാസമയവും,ടിക്കറ്റ് ചാര്‍ജ്ജുമെല്ലാം വര്‍ധിക്കുമെന്ന് വ്യോമയാനവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൗദി, യുഎഇ, യെമന്‍,ബഹ്റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തി കൊണ്ടിരുന്ന വിമാനങ്ങള്‍ യൂറോപ്പിലേക്കും പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും തിരിച്ചു വിടാനാണ് ഖത്തര്‍ എയര്‍വേഴ്സ് ആലോചിക്കുന്നത്.

നിലവില്‍ കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേഴ്സ് സര്‍വ്വീസുകളെല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്. കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേഴ്സിന്റെ സര്‍വ്വീസുകളെല്ലാം ഇന്ന് കൃത്യസമയം പാലിച്ചു. എന്നാല്‍ ഖത്തറില്‍ നിന്ന് മറ്റു അറബ് നഗരങ്ങള്‍ വഴി കേരളത്തിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികള്‍ക്ക് യാത്ര മാറ്റിവയ്ക്കേണ്ടി വന്നു. ദോഹയില്‍ ജീവിക്കുന്ന പല പ്രവാസി മലയാളികളുടേയും ബന്ധുക്കളും സുഹൃത്തുകളും മറ്റു ജിസിസി രാഷ്ട്രങ്ങളിലുണ്ട്. നിലവിലെ പ്രതിസന്ധിയില്‍ എന്തെങ്കിലും പരിഹാരമാക്കുന്നത് വരെ ഇവര്‍ക്കും പരസ്പരം സന്ദര്‍ശിക്കാന്‍ സാധിക്കില്ല.
അതേസമയം സൗദിയും യുഎഇയും ആകാശവിലക്കേര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ പുതിയ പാതയിലൂടെ പറക്കാന്‍ ആരംഭിച്ചു.
സൗദ്ദിയേയും യുഎഇയേയും സ്പര്‍ശിക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെയാണ് ഖത്തര്‍ എയര്‍വേഴ്സ് വിമാനങ്ങള്‍ ഇപ്പോള്‍ പറക്കുന്നത്. ഇത് യാത്രാസമയം വര്‍ധിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button