KeralaLatest NewsNews

കേരള ബാങ്ക് രൂപീകരണം: സഹകരണ ബാങ്ക് ജീവനക്കാര്‍ പുറത്താകും

 

കണ്ണൂര്‍: കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ 5050 ജീവനക്കാര്‍ അധികമാകുമെന്ന് വിദഗ്ധസമിതി. കരാര്‍-താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടാതെയാണിത്.

മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ് കേരള ബാങ്കിനുേവണ്ടി എം.എസ്. ശ്രീറാം (ഐ.ഐ.എം., ബെംഗളൂരു) അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. ഇവിടെയാകെ 1341 ജീവനക്കാര്‍ മതിയാകും. 703 ശാഖകള്‍ ഒഴിവാക്കേണ്ടിയും വരും.

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമാണുള്ളത്. സംസ്ഥാന സഹകരണ ബാങ്കിന് 20 ശാഖകളും 293 ജീവനക്കാരുമുണ്ട്. ഇവ ലയിപ്പിച്ചാണ് കേരള ബാങ്ക് തുടങ്ങുന്നത്. തിരുവനന്തപുരത്താകും പ്രധാന ഓഫീസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചാകും മേഖലാ ഓഫീസുകള്‍.

നഗരങ്ങളില്‍ പ്രാഥമിക ബാങ്കുകള്‍ ശക്തമല്ല. അതിനാല്‍ കേരള ബാങ്കിന്റെ നേരിട്ടുള്ള ഇടപെടല്‍ നഗരങ്ങളില്‍ കേന്ദ്രീകരിക്കണം. പ്രാഥമിക ബാങ്കുകളുമായി മത്സരിക്കുന്ന ജില്ലാബാങ്ക് ശാഖകള്‍ ആവശ്യമില്ല. ഇവ ഒഴിവാക്കണമെന്നും ശുപാര്‍ശയുണ്ട്. അതനുസരിച്ച് ഗ്രാമീണമേഖലയിലെ ജില്ലാബാങ്ക് ശാഖകളാകും ഒഴിവാക്കുക.

പ്രാഥമിക സഹകരണ ബാങ്കുകളാണ് സഹകരണ വായ്പാമേഖലയുടെ ശക്തി. സംസ്ഥാനത്തിന്റെ മൊത്തം ബാങ്കിടപാടുകളുടെ 20 ശതമാനവും പ്രാഥമിക ബാങ്കുകളാണ്. ഇവയെ ആശ്രയിച്ചാണ് ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനം. ജില്ലാ ബാങ്കുകളുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രാഥമിക ബാങ്കിന് കഴിയുകയും ചെയ്യും.

കേരള ബാങ്ക്

സാങ്കേതികവും സാമ്പത്തികവുമായ സഹായം പ്രാഥമിക ബാങ്കുകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. പുതുതലമുറ ബാങ്കുകളെ മറികടക്കുന്നവിധം ആധുനിക ബാങ്കിങ് സംവിധാനം ഒരുക്കാനാകും. റുപേ ക്രെഡിറ്റ് കാര്‍ഡ് വഴി പ്രാഥമിക ബാങ്കുകളിലെ അംഗങ്ങള്‍ക്കുപോലും എ.ടി.എം. സൗകര്യം ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവ ലഭിക്കും. ഭരണസമിതിയില്‍പോലും പ്രാഥമിക ബാങ്കുകള്‍ക്ക് പരിഗണന നല്‍കുന്നവിധമാണ് കേരള ബാങ്കിന്റെ ഘടന.

 

ഭരണസമിതി

* ഓരോ മേഖലയിലും തിരഞ്ഞെടുക്കപ്പെടുന്ന 15 അംഗ ഭരണസമിതി

* ഒമ്പത് പ്രതിനിധികള്‍ പ്രാഥമിക ബാങ്കുകളില്‍നിന്ന്

* 500 അംഗങ്ങളുള്ള പ്രാഥമിക ബാങ്കുകള്‍ക്ക് മാത്രം വോട്ടവകാശം

* 500 അംഗങ്ങളും 25 കോടി നിക്ഷേപവുമുള്ള മറ്റ് പ്രാഥമിക സംഘങ്ങളില്‍നിന്ന് മൂന്നുപേര്‍

* മൂന്ന് സര്‍ക്കാര്‍ നോമിനി

* 25 കോടിവരെയുള്ള ഇടപാടുകള്‍ മേഖലാസമിതിക്ക് പരിഗണിക്കാം.

* സംസ്ഥാന തലത്തില്‍ 15 അംഗ നോമിനേറ്റഡ് ഭരണസമിതി
ജീവനക്കാരെ ഒഴിവാക്കില്ല

ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകള്‍ വെട്ടിക്കുറയ്ക്കുന്നതോ ആയ സമീപനം സര്‍ക്കാരിനില്ല. ഇത്തരം നിര്‍ദേശം കേരളത്തിന്റെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ല. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം നല്‍കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് എല്ലാവരുടെയും ആശങ്ക പരിഹരിക്കുന്നതിനാണ്. നിര്‍ദേശങ്ങളും പരാതികളും സര്‍ക്കാരിനെ അറിയിക്കാം. അത് പരിശോധിക്കും.-മന്ത്രി കടകംപള്ളി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button