Latest NewsIndiaParayathe VayyaPrathikarana Vedhi

“ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന്” കുമ്മനം രാജശേഖരൻ

ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് കുമ്മനം രാജശേഖരൻ. പാര്‍ട്ടിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച്‌ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിക്ക് വിപരീതമായി ആര് പ്രവര്‍ത്തിച്ചാലും നടപടിയുണ്ടാകും. അത്തരത്തില്‍ ചില പരാതികള്‍ കൂടി പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും കുമ്മനം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ;

ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് ഓരോ ദിവസവും തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈയടുത്തായി പാർട്ടിക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നു വരികയും അതിന് കാരണക്കാരായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും ചെയ്ത കാര്യം ഓർക്കുന്നുണ്ടാവുമല്ലോ?. എന്നാൽ അതിന്‍റെ ചുവടുപിടിച്ച് ബിജെപി ഒന്നടങ്കം മോശപ്പെട്ടവരുടെ പാർട്ടിയാണെന്ന് വരുത്തിതീർക്കാൻ ചില ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആരായാലും അത് വെച്ചു പൊറുപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.

അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനേയും യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽകൃഷ്ണയേയും പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയത്. അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ ഉറച്ച നിലപാട്. സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവർത്തനമാണ് ബിജെപി എന്നും ഉയർത്തിപ്പിടിക്കുന്നത്. ഇതിനെതിരെ ആര് പ്രവർത്തിച്ചാലും മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഞാൻ വാഗ്ദാനം ചെയ്തതാണ്. അങ്ങനെ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റേയും നിലപാട്. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ട് തന്നെയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികളും കൈക്കൊണ്ടത്.

ചെയ്യാത്ത കുറ്റത്തിന് പാർട്ടി പഴി കേൾക്കേണ്ടി വരുമ്പോൾ സത്യസന്ധതയും ധാർമ്മികതയും ജനസമക്ഷം തെളിയിക്കേണ്ട ബാധ്യത നമുക്കോരോരുത്തർക്കും ഉണ്ട്. നാഷണൽ കൗൺസിൽ സമ്മേളനത്തിന് പാർട്ടി വ്യാജ രസീത് അച്ചടിച്ച് പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു രസീത് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ അത് യഥാർത്ഥ രസീത് തന്നെയായിരുന്നു എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇത്തരമൊരു വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ ചില ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഇതു പൊലെ തന്നെയാണ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാതിരുന്ന മെഡിക്കൽ കോളേജ് അഴിമതിയും. ഈ വിഷയത്തിലും പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പ്രചരണമുണ്ടായി. രണ്ടു സംഭവങ്ങളിലും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ മനപ്പൂർവ്വം ചിലർ വ്യാപക പ്രചരണം നടത്തിയതായി ബോധ്യപ്പെട്ടു. ഇത്തരത്തിൽ പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ ആര് പ്രവർത്തിച്ചാലും നടപടി ഉണ്ടാകും. അത്തരത്തിലുള്ള ചില പരാതികൾ കൂടി പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ അവർക്കെതിരെയും നടപടികൾ ഉണ്ടാകും.

ഒന്നിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന പൂജ്യത്തിന്‍റെ വിലയാണ് ഓരോ പ്രവര്‍ത്തകനുമുള്ളത്. ഓരോ പൂജ്യം ചേരുമ്പോഴും വില പത്തിരിട്ടിയായി വർദ്ധിക്കും. എന്നാൽ അതിനൊപ്പമുള്ള ഒന്ന് പോയാൽ ആര്‍ക്കും വിലയുണ്ടാവില്ലെന്ന് നാം ഓരോരുത്തരും കരുതണം. പാർട്ടിയില്ലായെങ്കിൽ ആർക്കും സ്ഥാനമാനങ്ങളോ സാമൂഹ്യ സ്വീകാര്യതയോ ഉണ്ടാകില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്. അഴിമതിയും ക്രമക്കേടും നടത്തി പാർട്ടിയെ ഇകഴ്ത്താൻ ആര് തുനിഞ്ഞാലും അവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് വീണ്ടും ഉറപ്പ് നൽകുന്നു.”

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button