KeralaLatest NewsNews

സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് വീണ്ടുമൊരു തിരുവോണം

തിരുവനന്തപുരം: സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് വീണ്ടുമൊരു തിരുവോണം. കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടെ.

മാവേലി മന്നന്‍ തന്റെ പ്രജകളെ ആണ്ടൊരിക്കല്‍ സന്ദര്‍ശിക്കുന്ന സുദിനമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണനാള്‍.

നാട്ടില്‍ എങ്ങും ഉത്സവലഹരി. രാവിലെ തന്നെ ഓണത്തപ്പനെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉത്രാടപ്പാച്ചിലിനു ശേഷം ഇന്ന് വീട്ടില്‍ തന്നെ സദ്യവട്ടങ്ങളുമായി കൂടുന്നതിനുള്ള ആവേശമാണെങ്ങും. കാരണവന്മാര്‍ രാവിലെ തന്നെ ആചാരപരമായ ഓണക്കോടി വിതരണം നടത്തിക്കഴിഞ്ഞു.

ഇന്ന് മലയാളികള്‍ കുളിച്ചൊരുങ്ങി ഓണക്കോടിയുടുത്ത് ഓണസദ്യയുണ്ണും. ഓണസദ്യ മലയാളിയുടെ പരമ്പരാഗത തീന്‍മുറയുടെ യഥാര്‍ത്ഥ പ്രതിഫലനമാണ്. സദ്യയുണ്ണുന്നതിനുമുണ്ട് പ്രത്യേക മലയാളിച്ചിട്ട. തൂശനിലയില്‍ തുമ്പപ്പൂ ചോറ് . ആദ്യം പരിപ്പും നെയ്യും പപ്പടവും ചേര്‍ത്ത് ഒന്നാം വട്ടം. അടുത്തത് സാമ്പാര്‍. മൂന്നാമതായി കാളന്‍. അടുത്തത് പാല്‍പ്പായസം.പിന്നാലെ മറ്റു പായസങ്ങള്‍.അവസാനം സംഭാരം കുടിച്ച് ഇലമടക്കാം.

ഓണത്തിന് എത്ര വേണമെങ്കിലും കറിക്കൂട്ടുകളാവാം. പക്ഷേ കുറഞ്ഞത് ഏഴുകൂട്ടമെങ്കിലും വേണമെന്നത് പണ്ടേയുള്ള പ്രമാണം. ഓലന്‍, തോരന്‍, അവിയല്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം എന്നിവയാണ് ആ ഏഴു കറികള്‍. ഇത്രയും വിഭവങ്ങള്‍ നിര്‍ബന്ധമായും ഇലയിലുണ്ടാവണം. ശര്‍ക്കര പിരട്ടി, പഴം, അച്ചാര്‍, രസം, പുളിശേരി തുടങ്ങി ഇനി വിഭവങ്ങള്‍ എത്രയെങ്കിലുമാകാം.

ഓണസദ്യ കുടുംബ കൂട്ടായ്മയുടെ പ്രതീകമാണ്. തലമുറകള്‍ ഒന്നിച്ചു കൂടിയിരുന്ന് ഓണമുണ്ടാലേ ഓണം അര്‍ത്ഥപൂര്‍ണമാകൂ. കുടുംബങ്ങള്‍ കാത്തിരിക്കുന്നതും ഈ കൂട്ടായ്മയാണ്. സമൃദ്ധിയുടെയും സമഭാവനയുടെയും ഓണത്തിനായി. സദ്യയ്ക്കു ശേഷം ഓണക്കളികള്‍.

ഊഞ്ഞാലാട്ടത്തിന്റെ ലഹരിയിലാണ് കുട്ടികള്‍. കളിയില്‍ താത്പര്യമില്ലാത്തവര്‍ക്ക് ടെലിവിഷന്‍ ചാനലുകള്‍ ഒരുക്കിയിരിക്കുന്ന ഓണപ്പരിപാടികള്‍ കണ്ടിരിക്കാം.

ഇന്ന് ആഘോഷത്തിന്റെ ദിവസം. ആഹ്ലാദത്തിന്റേയും… എല്ലാ മലയാളികള്‍ക്കും ഈസ്റ്റ്‌ കോസ്റ്റ് കുടുംബത്തിന്റെ ഓണാശംസകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button