KeralaLatest NewsNews

ശ്രീകൃഷ്ണ ജയന്തി അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആചരിച്ച് ശോഭായാത്രകള്‍ നടക്കുന്നുണ്ട്.
നാളിതുവരെ യാതൊരു ക്രമസമാധാന പ്രശ്‌നമോ തടസ്സങ്ങളോ കൂടാതെ സമാധാനപരമായാണ് കക്ഷിരാഷ്ട്രീയ-ജാതിമത പരിഗണനകളില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്.

എന്നാല്‍ 2 വര്‍ഷമായി സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് സിപിഎം ചിന്തിക്കണം. പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെ സിപിഎം പ്രവര്‍ത്തകരുടെ അസഹിഷ്ണുത അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ സമാധാന യോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം കണ്ണൂരില്‍ നടത്തുന്ന സമാന്തര പരിപാടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ സിപിഎം ധാര്‍ഷ്ട്യത്തിന് ജില്ലാ ഭരണകൂടവും പൊലീസും കുട പിടിയ്ക്കുകയാണ്. ശോഭായാത്രകള്‍ക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കാതെയും ശോഭായാത്ര തടസ്സപ്പെടുത്താനാണ് ജില്ലാ അധികൃതരുടെ ശ്രമം.

ബാലഗോകുലം മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സിപിഎം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ മിനിറ്റുകളുടെ ഇടവേളയിലാണ് സിപിഎം ഘോഷയാത്രക്ക് അനുമതി നല്‍കിയിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ഇതില്‍ നിന്ന് പിന്‍മാറാനുള്ള വിവേകം സിപിഎം നേതൃത്വം കാണിക്കണം. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക നായകരും രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button