KeralaLatest NewsNews

ശ്രീകൃഷ്ണ ജയന്തി : കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആര്‍എസ്എസും സിപിഐഎമ്മും ഘോഷയാത്രകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായി ശാന്തത നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ സമാധാനം തകര്‍ന്നാല്‍ ഉത്തരവാദി സിപിഐഎമ്മും പൊലീസും മാത്രമായിരിക്കുമെന്ന് ആര്‍എസ്എസ് ജില്ല നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐഎം അനുഭാവികള്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളില്‍ പങ്കെടുക്കുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുന്‍പാണ് സിപിഐഎം ശ്രീ കൃഷ്ണ ജയന്തി ദിനത്തില്‍ ഇത്തരം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. ആദ്യവര്‍ഷം ചട്ടമ്പിസ്വാമി ജയന്തി എന്ന പേരിലും കഴിഞ്ഞ വര്‍ഷം ഓണാഘോഷങ്ങളുടെ സമാപനമെന്ന പേരിലുമായിരുന്നു ഘോഷയാത്ര. മഹത് ജനങ്ങള്‍ മാനവനന്മക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 210 കേന്ദ്രങ്ങളില്‍ ഇത്തവണത്തെ സിപിഐഎം ഘോഷയാത്ര.

ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അതേസമയം ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭയാത്രക്ക് ബദല്‍പരിപാടികള്‍ നടത്താനുള്ള സിപിഐഎം തീരുമാനത്തിനെതിരെ ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഘോഷയാത്രകള്‍ പ്രഖ്യാപിച്ചിട്ടുളളത്. വൈകീട്ട് അഞ്ച് മണി മുതലാണ് ഘോഷയാത്ര. ഇതേ സമയം തന്നെയാണ് സിപിഐഎം നേതൃത്വത്തിലും ഘോഷയാത്ര നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button