KeralaLatest NewsNews

ഏതുതരം ഭക്ഷണം കഴിക്കുന്നതിനും കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഏതുതരം ഭക്ഷണം കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബീഫുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്കാരിക സവിശേഷത കാത്തു സൂക്ഷിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഓണം മറ്റൊരു ആഘോഷമായും താരതമ്യം ചെയ്യാനാകില്ല, കാരണം, അത് മതത്തിനും ജാതിയ്ക്കും അതീതമായി നാടിന്റെ ഉത്സവമാണ്.
ഓണത്തിന്റെ ഭക്ഷണത്തിനും മലയാളിയുടെ സംസ്കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ ഭക്ഷണത്തിലുമുണ്ട് കേരളത്തിന്റെ പ്രാദേശിക വൈവിദ്ധ്യവും സാംസ്കാരികത്തനിമയും. എല്ലായിടത്തും ഇലയിട്ട് സദ്യ വിളമ്പിയാല്‍ ആ വിഭവങ്ങളിലുമുണ്ടാവും വലിയ വൈവിദ്ധ്യങ്ങള്‍.

തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കും കേരളത്തിലില്ല. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്കാരിക സവിശേഷത കാത്തു സൂക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button