Latest NewsNewsIndia

വ്യാജസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയ ആത്മീയാചാര്യനെ കാണാതായി

ഭോപാല്‍: വ്യാജസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയ ആത്മീയാചാര്യനെ കാണാതായി. ഉദാസി അഖാഡയുടെ മേധാവിയും സന്ന്യാസിസമൂഹത്തിന്റെ ഉന്നതാധികാര സമിതിയായ അഖില ഭാരതീയ അഖാഡ പരിഷതിന്റെ വക്താവുമായ മഹന്ത് മോഹന്‍ദാസിനെയാണ് കാണാതായത്. അദ്ദേഹത്തെ ഹരിദ്വാറില്‍നിന്ന് മുംബൈയിലെ കല്യാണിലേക്കുള്ള തീവണ്ടി യാത്രക്കിടെയാണ് കാണാതായത്.

മോഹന്‍ദാസ് സന്ന്യാസസമൂഹത്തിലെ 14 വ്യാജന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഡേരാ സച്ഛാ സൗദയുടെ നേതാവ് ഗുര്‍മീത് റാം റഹീമിന് ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ച പശ്ചാത്തലത്തിലാണ് വ്യാജ സന്യാസിമാരുടെ പട്ടിക അദ്ദേഹം പുറത്തിറക്കിയത്. മോഹൻദാസ് ഹരിദ്വാര്‍-ലോകമാന്യതിലക് എക്‌സ്​പ്രസിലെ എ-1 കോച്ചില്‍നിന്ന് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ ഇറങ്ങിയിരുന്നു. പിന്നീടാണ് അദ്ദേഹത്തെ കാണാതായതെന്ന് ഗവ. റെയില്‍വേ പോലീസ് എസ്.പി. അനിതാ മാളവ്യ പറഞ്ഞു.

ഒമ്പതു മണിക്കൂര്‍ വൈകിയാണ് വണ്ടി ഓടിക്കൊണ്ടിരുന്നത്. ഭോപാല്‍ സ്റ്റേഷനില്‍ മോഹന്‍ദാസിന് ഭക്ഷണവുമായി കാത്തുനിന്നിരുന്ന സഹായി ശനിയാഴ്ച വൈകീട്ട് 7.30-നുവന്ന വണ്ടിയില്‍ ഇദ്ദേഹത്തെ കാണാതിരുന്നപ്പോള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്കാണ് ഇദ്ദേഹം പുറപ്പെട്ടത്.

റെയില്‍വേ പോലീസ് വിവരമറിയുമ്പോഴേക്കും വണ്ടി ഭുസാവല്‍ സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെവെച്ച് കോച്ച് പരിശോധിച്ചപ്പോള്‍ മോഹന്‍ദാസിന്റെ സാധനങ്ങള്‍ അദ്ദേഹത്തിന്റെ സീറ്റില്‍നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ അദ്ദേഹത്തെ നിസാമുദ്ദീന്‍ സ്റ്റേഷന്‍ പിന്നിട്ടശേഷം കണ്ടിട്ടില്ലെന്ന് പോലീസില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button