KeralaNews StorySpirituality

ശബരിമല ടൂർ വഴി അനുഗ്രഹം വാങ്ങാമെന്നു വിശ്വസിക്കുന്നവർ ഓർക്കുക: 41 ദിവസത്തെ വ്രതവും, ചിട്ടവട്ടങ്ങളും ഒരു യോഗചര്യ

പ്രസാദ് പ്രഭാവതി 
 
കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് വാചാലരാകാൻ ശ്രമിക്കുന്ന ഒരു വിഭാഗം ചരിത്രാന്വേഷികൾ, കേരള ചരിത്രത്തെ കേവലം മൂവായിരം വര്ഷത്തിൽ താഴെ മാത്രം പഴക്കമുള്ള ബുദ്ധ-ജൈന ചരിതങ്ങളിൽ തളച്ചിടാൻ ബോധപൂർവ്വം ശ്രമിക്കുന്നതായി തോന്നാറുണ്ട്. സമാനമായ മനോഭാവം തന്നെയാണ് വൈദീക സംസ്കാരത്തെ മാത്രം പിന്തുണയ്ക്കാൻ ശ്രമിക്കുന്ന ഒരുവിഭാഗം ദേശീയവാദികളിൽ നിന്നും ഉണ്ടാകുന്നതും. ഇവരെല്ലാം മറന്നു പോകുന്നൊരു വാസ്തവം എന്തെന്നാൽ, തമിഴകം എന്നറിയപ്പെട്ടിരുന്ന ദക്ഷിണഭാരതത്തിനു തനതായ ഒരു ചരിത്രമുണ്ട്. സൈന്ധവ നാഗരികതയോടു കിട പിടിക്കും വിധം കല, സാഹിത്യം, വിശ്വാസം, സാങ്കേതികവിദ്യ, ഭാഷ എന്നിങ്ങനെ എല്ലാ മേഖലകളിലും തിരുവിട(ദ്രാവിഡ)ത്തിലെ ജനസമൂഹങ്ങളും മുന്നേറിയിരുന്നു എന്ന വസ്തുതയെ മറച്ചു വെയ്ക്കാനുള്ള ത്വര മേൽപ്പറഞ്ഞ ചരിത്രവാദികളിൽ കാണാറുമുണ്ട്.
 
ഇത്തരക്കാർ കാലാകാലങ്ങളായി ഉയർത്തിവരുന്നൊരു വാദമാണ് ശബരിമല അടക്കമുള്ള പല ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങൾ ആയിരുന്നു എന്നത്. കേരളത്തിലെ നിരവധി ബുദ്ധവിഹാരങ്ങൾ ക്ഷേത്രങ്ങളായി രൂപാന്തരം ചെയ്യപ്പെട്ടവയാണ്. പള്ളി, പള്ളിക്കൽ, തുടങ്ങിയ പേരുകൾ വരുന്ന സ്ഥലങ്ങൾ എല്ലാം ബുദ്ധകേന്ദ്രങ്ങൾ ആയിരുന്നു എന്ന് ചട്ടമ്പി സ്വാമികൾ അടക്കമുള്ളവർ വിവരിച്ചിട്ടുണ്ട്. കേരളത്തിലെ പാഠശാലകൾക്ക് പള്ളിക്കൂടം എന്ന പേര് വന്നത് തന്നെ ബുദ്ധവിഹാരങ്ങൾക്ക് ലഭിച്ച പള്ളി എന്ന വിശേഷണം മൂലമാണെന്നും അഭിജ്ഞമതം. ശബരിമല ഒരു ബുദ്ധകേന്ദ്രം ആയിരുന്നു എന്ന കണ്ണുമടച്ചുള്ള ഏറിനേക്കാൾ യുക്തിപൂർവ്വമായ മറ്റൊരു വാദത്തിനും ഈ വിഷയത്തിൽ പ്രസക്തിയുണ്ട്.
 
ചിത്രത്തിൽ കാണുന്ന പ്രതിമ പ്രതിനിധീകരിക്കുന്നത് അഗസ്ത്യൻ എന്ന ദ്രാവിഡമുനിയെ ആണ്. ദ്രവീഡിയൻ പ്രാദേശികവാദത്തിന്റെ വക്താവായിരുന്ന ചട്ടമ്പി സ്വാമികൾ ആദ്യകാലങ്ങളിൽ സ്വന്തം തൂലികാ നാമം അഗസ്ത്യൻ എന്ന് സ്വീകരിച്ചതിനു കാരണവും, അഗസ്ത്യനെന്ന ദ്രാവിഡമുനിയോടുള്ള ബഹുമാനം കൊണ്ടത്രേ. അഗസ്ത്യന്റെ ശിഷ്യഗണങ്ങൾ അഗസ്ത്യസമൂഹം എന്നറിയപ്പെട്ടത് മൂലം ഓരോ കാലഘട്ടങ്ങളിലും അഗസ്ത്യന്മാർ ഉണ്ടായിരുന്നു. യുഗാന്തരഭേദമുള്ള പുരാണേതിഹാസങ്ങളിൽ പലതിലും അഗസ്ത്യ സാന്നിധ്യം ഉണ്ടായതും ഇതുകൊണ്ടു തന്നെ. താന്ത്രിക മതങ്ങളായ ശൈവ-ശാക്തേയ വിഭാഗങ്ങളുടെ ചരിതങ്ങൾ ചികഞ്ഞാൽ ഇവയിലെല്ലാം അഗസ്ത്യനുള്ള പ്രസക്തി മനസ്സിലാകും.
 
ശാക്തേയമതസ്ഥരുടെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നായ ശ്രീ ലളിതാ സഹസ്രനാമം ഹയഗ്രീവ മഹർഷി അഗസ്ത്യന് ഉപദേശിച്ചു കൊടുത്തതയാണ് ബ്രഹ്മാണ്ഡപുരാണത്തിൽ പറയുന്നത്. ഒരു കാലത്ത് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ സജീവമായി നില നിന്നിരുന്ന സിദ്ധവൈദ്യം, ഇപ്പോഴും ഒരുപാട് പേര് വിശ്വസിക്കുന്ന നാഡീ ജ്യോതിഷം തുടങ്ങിയ സംഗതികൾ എല്ലാം അഗസ്ത്യസിദ്ധന്മാരുടെ സംഭാവനയാണ്. അഗസ്ത്യ രസായനം ഉണ്ടാക്കിയതും അഗസ്ത്യനാണ്. ഇതിനും പുറമെ തമിഴ് വ്യാകരണഗ്രന്ഥമായ അഗത്തീയം എഴുതിയത് അഗസ്ത്യൻ ആണെന്നും ഒരു വാദമുണ്ട്. തമിഴ് വ്യാകരണ ഗ്രന്ഥമായ തൊൽക്കാപ്പിയം രചിച്ച തൊൽക്കാപ്യർ അഗസ്ത്യമുനിയുടെ ശിഷ്യനായിരുന്നു എന്നും പറയപ്പെടുന്നു.
 
സഹ്യാദ്രി ഖണ്ഡത്തിൽ താമസിച്ചു വന്നിരുന്ന അഗസ്ത്യ സിദ്ധന്മാർ അഗസ്ത്യകൂടം, ശബരിമല തുടങ്ങിയ മേഖലകളിൽ വസിച്ചിരുന്നു. അഗസ്ത്യന്മാർ താമസിച്ചിരുന്ന ഇടങ്ങളിൽ എല്ലാം അവരുടെ ആദിഗുരുവായ അഗസ്ത്യന് ക്ഷേത്രങ്ങളും നിർമ്മിച്ച് പോന്നു. അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്തീശ്വരം, അഗസ്ത്യതീർഥം ഇത്തരത്തിൽ അഗസ്ത്യാശ്രമങ്ങളാൽ നാമം സിദ്ധിച്ച സ്ഥലങ്ങളും ഭാരതത്തിൽ നിരവധി. അഗസ്ത്യൻ മാത്രമല്ല ശാസ്താവ് എന്ന പേരിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇത്തരം ഋഷിമാരാണ് പ്രതിഷ്ഠ. ത്രിഗുണങ്ങളുടെയും പരിപാലനത്തിനായി പ്രകൃതി ശാസ്ത്രശക്തിയെ സൃഷ്ടിച്ചു എന്നും, സർവ്വശാസ്ത്രങ്ങളുടെയും അധിപതിയായ ഈശ്വരഭാവം ശാസ്താവ് എന്നറിയപ്പെട്ടു എന്നും താന്ത്രികമതം. ഓരോ കാലഘട്ടങ്ങളിലും ജീവിച്ചിരുന്ന ശാസ്ത്രവിശാരദന്മാരായ ഋഷിമാരെ തന്നെയാണ് അവരെ പിന്പറ്റിയ ശിഷ്യ സമൂഹങ്ങൾ ശാസ്താവായി ആദരിച്ചതും.
 
സെമറ്റിക്ക് ശൈലി സ്വീകരിച്ചിട്ടുള്ള ടിപ്പിക്കൽ ഹിന്ദു “മതക്കാർ” വിശ്വസിക്കുന്നത് പോലെ ചോദിക്കുന്നതെല്ലാം നൽകുന്ന ATM മെഷീൻ എന്നല്ല, മറിച്ച് ഗുരു എന്നതാണ് ശാസ്താ സങ്കൽപം എന്ന് ചുരുക്കം. ശാസ്താക്ഷേത്രങ്ങളിൽ വിദ്യാരംഭം മുതലായ ചടങ്ങുകൾക്ക് പ്രാധാന്യം ഉണ്ടായതും, മൂർത്തിയുടെ ഈ ഗുരുഭാവത്തെ ഉൾക്കൊണ്ടു തന്നെ. ഈയൊരു തത്വം അവലംബിച്ചു കൊണ്ട് തന്നെയാണ് ശബരിമലയിലെ അയ്യപ്പൻ ശാസ്താവായതും, അയ്യപ്പനെ ഗുരുവെന്നു സ്തുതിക്കുന്നതും. അയ്യപ്പൻ ശബരിമലയിൽ ചെല്ലുന്ന കാലത്ത് അവിടെയുണ്ടായിരുന്ന ശാസ്താക്ഷേത്രം അഗസ്ത്യസമൂഹത്തിന്റെ ആയിരുന്നു എന്നും വരാം. ശബരിമലയിൽ മാത്രമല്ല തമിഴ്‌നാട്ടിലെ പലയിടങ്ങളിലും വ്യത്യസ്തമായ യോഗഭാവങ്ങളിൽ ഉള്ള ശാസ്താ പ്രതിഷ്ഠകളും കാണാം. വസിഷ്ഠൻ അടക്കമുള്ള വൈഷ്ണവ ഋഷിമാർക്കും പിൽക്കാലങ്ങളിൽ ശാസ്താ പ്രതിഷ്ഠകൾ നടക്കുകയുമുണ്ടായിട്ടുമുണ്ട്.
 
അയ്യപ്പചരിതത്തിൽ പറയുന്നത് ശബരിമലയിൽ ഉണ്ടായിരുന്ന ശാസ്താ ക്ഷേത്രം ഉദയനൻ എന്ന കൊള്ളക്കാരൻ തകർത്തു എന്നും, അയ്യപ്പൻ ക്ഷേത്രം വീണ്ടെടുത്ത് നൽകി എന്നുമാണ്. പുലിപ്പാൽ തേടി പെരിയാർ ടൈഗർ റിസർവ്വ് മേഖലയായ ശബരിമലയിൽ അയ്യപ്പൻ പോയ കഥ അയ്യപ്പചരിതം പറയുമ്പോൾ, സഹ്യാദ്രിയിൽ താമസിച്ചിരുന്ന പതിനെട്ട് അഗസ്ത്യസിദ്ധന്മാരിൽ ഒരുവനായ പുലിപാണി പുലികളെ വളർത്തിയിരുന്നതായും, പുലികളെ വാഹനമായി ഉപയോഗിച്ചിരുന്നതായും സിദ്ധന്മാരെ കുറിച്ചുള്ള തമിഴ് ഐതിഹ്യങ്ങളിൽ പറയുന്നുണ്ട്. അയ്യപ്പനെന്ന നാമത്തോട് സമാനമായ അയ്യനാർ എന്ന മൂർത്തിയെ കുറിച്ച് സംഘകാല കൃതികളിലും പരാമർശമുണ്ട്. ശബരിമലയിലെ അയ്യപ്പൻറെ സമാധി ശൈവയോഗവിദ്യയായ ഹഠയോഗത്തിലെ പട്ടബന്ധാസനം എന്ന നിലയിൽ ഇരുന്നാണ്. ഇതിനെ യുക്തിപൂർവ്വം ഒന്ന് വിസ്തരിച്ചാൽ പാണ്ഡ്യദേശം വിട്ടു കാട് പൂകിയ അയ്യപ്പൻ ശൈവസിദ്ധരിൽ നിന്നും ഹഠയോഗം പഠിക്കുകയും, സന്യാസിയായി അവരോടൊപ്പം ജീവിതം നയിക്കുകയും ചെയ്തു എന്നും അനുമാനിക്കാം.
 
മറ്റൊരർത്ഥത്തിൽ അസ്ത്ര-ശസ്ത്രാദികളിലും, ആത്മീയവിദ്യകളിലും ഉള്ള അറിവ് മൂലം അയ്യപ്പനും സ്വയം ശാസ്താവായി മാറുകയായിരുന്നു. ശബരിമല യാത്രയ്ക്ക് ഒരുങ്ങുന്നവർ എടുക്കുന്ന 41 ദിവസത്തെ വ്രതവും, ചിട്ടവട്ടങ്ങളും എല്ലാം ആത്മീയമായ തലത്തിൽ ഒരു യോഗചര്യ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. അഗസ്ത്യനും, അയ്യപ്പനും എല്ലാം പൊതുവായുള്ള തമിഴ്‌ബന്ധം ഒന്ന് കൊണ്ട് തന്നെയാകാം, പാണ്ഡ്യരാജകുമാരന്റെ ക്ഷേത്രത്തോട് മലയാളികളേക്കാൾ നൂറു മടങ്ങ് ആത്മബന്ധം തമിഴ്മക്കൾ കാണിക്കുന്നതും. ശബരിമല ടൂർ വഴി അനുഗ്രഹവും, ഐശ്വര്യവും ഹോൾസെയിൽ ആയി വാങ്ങാമെന്നു വിശ്വസിക്കുന്ന മല്ലൂസ് ഓർക്കാനായി ഒരു വാചകം എടുത്തു പറയുന്നു – ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ശാസ്താ പ്രതിഷ്ഠകൾക്കും ഗുരുഭാവം ആണുള്ളത്. അവയിൽ വെച്ച് ശബരിമലയിലെ ഗുരുഭാവം ആത്മവിദ്യാ തലത്തിൽ വളരെ ഔന്നിത്യമുള്ളതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button