Latest NewsEast Coast SpecialEditorial

വിശ്വാസം ഇല്ലാത്തവരെ വിശ്വാസത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചാല്‍

വിശ്വാസികളോടും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനോടും വിശ്വാസ വഞ്ചന കാട്ടിയിരിക്കുകയാണ് ഇടതുപക്ഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ചു. ഇതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രയാർ ഗോപാല കൃഷ്ണൻ പുറത്തായി. രണ്ട് വർഷമായാണ് ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ചത്. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്താണ് കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിതനായത്. തുടർന്ന് ഇടതു മുന്നണി അധികാരത്തിലെത്തിയതിനു ശേഷം പ്രയാർ ഗോപാലകൃഷ്ണനും സർ‌ക്കാരും തമ്മിൽ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാര നടപടിയായി വേണം ഈ തീരുമാനത്തെ കണക്കാക്കാന്‍.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പല വാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ നിലപാട് തള്ളിയാണ് ഇടതുസർക്കാരിന്റെ സത്യവാങ്മൂലം. എന്നാൽ സർക്കാർ നിലപാടിനെ തള്ളി പ്രയാർ ഗോപാലകൃഷ്ണൻ രംഗത്ത് എത്തുകയായിരുന്നു. കുടുംബത്തിൽ പിറന്ന, ദൈവ വിശ്വാസമുള്ള സ്ത്രീകൾ ഇത്തരത്തിൽ സന്നിധാനത്ത് എത്തണമെന്ന നിലപാട് സ്വീകരിക്കില്ലെന്നായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ പറ‍ഞ്ഞത്. ദേവസ്വം ബോർഡിന്റെ കാലാവധി രണ്ട് വർഷമായി കുറച്ച സർക്കാർ ദേവസ്വം ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സർക്കാർ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു.

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണ കാലാവധി രണ്ടു വർഷമായി കുറച്ച ഓർഡിനൻസ് സർക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമെന്ന് ദേവസ്വം പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ അഭിപ്രയപ്പെട്ടു. ആചാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങളിൽ സർക്കാരിനുള്ള വിയോജിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഭരണകാലത്ത് ദേവസ്വം ബോർഡിൽ യാതൊരു അഴിമതിയും ഉണ്ടായിരുന്നില്ല. അതിൽ തനിക്ക് അഭിമാനമുണ്ടെന്നും പ്രയാർ കൂട്ടിച്ചേർത്തു.

എന്തായിരിക്കാം ഈ പ്രതികാര നടപടിയുടെ കാരണമെന്നു നോക്കാം. മുന്‍ പറഞ്ഞ ശബരിമല വിഷയം കൂടാതെ മതപാഠശാലകൾ നിർമ്മിക്കാനുള്ള തീരുമാനവും വിവാദമായിരുന്നു. പ്രയാർ ഗോപാലകൃഷ്ണന്റെ ഈ തീരുമാനത്തെ സർക്കാരും സിപിഎമ്മും ശക്തമായി എതിർത്തിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളോടനുബന്ധിച്ച് മതപാഠശാലകള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ട് പോകുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമശിച്ച് സിപിഎമ്മിന്റെ അധീനതയിലുള്ള ചിന്ത വാരിക മുഖപ്രസംഗം പോലും എത്തിയിരുന്നു. ദേവസ്വം ബോര്‍ഡുകള്‍, അതു തിരുവിതാംകൂര്‍ മേഖലയിലായാലും മലബാര്‍ മേഖലയിലായാലും, ഭരണഘടനാ വ്യവസ്ഥകളും നിയമസഭ പാസാക്കിയ നിയമങ്ങളും അനുസരിച്ച് രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങള്‍ക്കുകീഴില്‍ മതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് മതനിരപേക്ഷതയെ തന്നെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് ദേവസ്വം ബോര്‍ഡില്‍ അര്‍പ്പിതമായ ചുമതല. മതം പഠിപ്പിക്കലും മതപ്രചാരണവും ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളല്ല. ക്ഷേത്രങ്ങളോടനുബന്ധിച്ച് മതപഠനം നടത്താനുള്ള തീരുമാനം അത് ഏതു സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായാലും അതിനു ചുക്കാന്‍ പിടിക്കുന്നത് ആരായാലും നിശ്ചയമായും ക്ഷേത്രങ്ങളെ ആര്‍എസ്എസ് കേന്ദ്രങ്ങളാക്കി മാറ്റാനേ ഉപകരിക്കൂവെന്ന് മുഖപ്രസംഗം ചൂണ്ടികാട്ടിരുന്നു. എന്നാല്‍ ഒന്ന് ചോദിക്കട്ടെ, ഹൈന്ദവ മത പാഠശാലകള്‍ തീവ്രവാദത്തിന് വഴി വയ്ക്കുമെന്ന് പറയുന്നവര്‍ ക്രൈസ്തവ ഇസ്ലാമിക സമൂഹത്തിലെ മത പാഠശാലകള്‍ കാണുന്നില്ലേ? അതിനെതിരെ രംഗത്ത് വരാത്തതിനു കാരണമെന്താ?

ഏതൊരു ജാതി മത സമൂഹമായാലും തങ്ങളുടെ പരമ്പരാഗതമായ സംസ്കാരത്തെ വളര്‍ത്തുന്നതില്‍ മടി കാണിക്കേണ്ടതില്ല. പൊതു സമൂഹത്തില്‍ മതങ്ങള്‍ ശക്തിപ്പെട്ടു നില്‍ക്കുമ്പോള്‍ ഹൈന്ദവര്‍ ആ മത ഗ്രന്ഥങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നതിലും എന്താണ് തെറ്റ്? ക്രൈസ്തവ ഇസ്ലാമിക സമൂഹം തങ്ങളുടെ ആരാധനാലയങ്ങളോട് ചേര്‍ന്ന് തന്നെയാണ് മത പാഠശാലകള്‍ നടത്തുന്നത്. അപ്പോള്‍ ഹിന്ദു ആരാധനലായങ്ങളോട് അത്തരം പാഠശാലകള്‍ ആരംഭിക്കുന്നതിനെ വിമര്‍ശിക്കുന്നതും എതിര്‍ക്കുന്നതും എന്തിനാണ്?.

പ്രയാര്‍ ഗോപാല കൃഷ്ണന്റെ മറ്റൊരു വിവാദം മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്തും തിരുവോണ ദിവസം വാമനജയന്തി ആഘോഷം നടത്തുന്നതിനെ പിന്തുണച്ചതായിരുന്നു. മഹാബലിയുടെ യഥാര്‍ഥ ചിത്രം ദേവസ്വം ബോര്‍ഡ് തിരുവോണ ദിവസം തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിശ്വഹിന്ദു പരിഷത്തായിരുന്നു ഓണം വാമനജയന്തി ആയി ആഘോഷിക്കണമെന്ന തീരുമാനവുമായി രംഗത്ത് വന്നിരുന്നു. വിശ്വഹിന്ദു പരിഷത്തിനെ അനുകൂലിച്ചായിരുന്നു പിന്നീട് പ്രയാർ ഗോപാലകൃഷ്മൻ രംഗത്തെത്തിയത്. ഇതും സർക്കാരും പ്രയാർ ഗോപാലകൃഷ്ണനും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനു കാരണമായി. ” വിഷ്ണുവിന്റെ മനുഷ്യരൂപ അവതാരമായ വാമനനെക്കുറിച്ച് സത്യവിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നത്. വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വിശ്വരൂപം കൈക്കൊണ്ട് അദ്ദേഹത്തെ സുതലമെന്ന പാതാള രാജ്യത്ത് കുടുംബസമേതം താമസിക്കുവാന്‍ അനുഗ്രഹിക്കുകയായിരുന്നു. അതിനാല്‍തന്നെ തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും” പ്രയാര്‍ പറഞ്ഞിരുന്നു.

അതീവ തേജസ്വിയായാണ് പുരാണങ്ങളില്‍ മഹാബലിയെക്കുറിച്ച് പറയുന്നത്. കുടവയറും കൊമ്പന്‍മീശയുമായി വികൃതമായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത്തരത്തിൽ പല വിവാദ പ്രസ്താവനകളും ഇറക്കി പ്രയാർ ഗോപാലകൃഷ്ണൻ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ഇപ്പോള്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ച തീരുമാനത്തിലൂടെ സര്‍ക്കാര്‍ പ്രകടമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button