Latest NewsNewsInternational

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കലാപം: ജനക്കൂട്ടം 30 ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കി

ധാക്ക•ഒരു യുവാവ് അപകീര്‍ത്തികരമായ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു എന്ന കിംവദന്തിയെത്തുടര്‍ന്ന് പ്രതിഷേധവുമായി തെരുവിറങ്ങിയ ജനക്കൂട്ടം 30 ഓളം ഹിന്ദുക്കളുടെ വീടുകള്‍ അഗ്നിക്കിരയാക്കി.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ രംഗ്പുര്‍ ജില്ലയിലെ താകുര്‍പര ഗ്രാമത്തിലാണ് സംഭവം. അക്രമകാരികള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ‘ധാക്ക ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

രംഗം ശാന്തമാക്കാന്‍ പോലീസ് നടത്തിയ റബ്ബര്‍ ബുള്ളറ്റ് വെടിവെപ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും അഞ്ചുപേര്‍ക്ക് പരിക്കേറ്റുവെന്നും പത്രം പറയുന്നു.

കുറച്ച് ദിവസം മുന്‍പ് തകുര്‍ബാരി ഗ്രാമവാസിയായ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവ് അപകീര്‍ത്തികരമായ കാര്യം പോസ്റ്റ്‌ ചെയ്തുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

പോലീസ് സംഭവത്തില്‍ ഇടപെടുന്നതിന് മുന്‍പ്, അക്രമികള്‍ 30 ഓളം ഹിന്ദു വീടുകള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്ത അഗ്നിക്കിരയാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു.

ആക്രമണത്തിന് മുന്‍പ് 6-7 സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള 20,000 ത്തോളം പേര്‍ ഇവിടെ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ പോലീസ് ഏറെപ്പണിപ്പെട്ടാണ് പ്രദേശത്ത് ക്രമസമാധാനം പുനസ്ഥാപിച്ചത്.

പരിക്കേറ്റ ആറുപേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ ഒരാളാണ് പിന്നീട് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 33 പേരെ അറസ്റ്റ് ചെയ്തതായി ‘ബി.ഡി ന്യൂസ് 24’ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം, അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അബു റഫാ മൊഹമ്മദ്‌ റഫീക്ക് അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button