Latest NewsEditorialSpecials

ദുരന്ത നിവാരണം ദുരന്തമായി പരിണമിക്കുമ്പോള്‍

അപ്രതീക്ഷിതമായി ദുരന്തം ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ പലവിധ ശ്രമങ്ങള്‍ മോക് ഡ്രില്ലിലൂടെ ജനങ്ങളെ പരിശീലിപ്പിക്കുന്ന ഒരു രീതി കേരളത്തിലെ വിവിധ ഇടങ്ങളില്‍ നടന്നിട്ടുണ്ട്. അവയെല്ലാം അഗ്നി ശമന സേനയുടെയും മറ്റും നേതൃത്വത്തിലായിരുന്നു. എന്നാല്‍ ആ പരിശീലം ഓഖിയ്ക്ക് മുന്നില്‍ മുട്ട് കുത്തിയതെങ്ങനെ? നമ്മള്‍ അന്വേഷിക്കേണ്ട കാര്യമാണിത്. കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കൃത്യമായ പരിശീലനത്തോടെ പ്രവര്‍ത്തിക്കേണ്ടവരാണ് പോലീസ്. എന്നാല്‍ ആഴക്കടലില്‍ പെട്ടുപോകുകയും മറ്റും ചെയ്തവരെ സംരക്ഷിക്കാന്‍ ദുരന്തനിവാരണ സേനയെത്താന്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ എന്തിനാണ്? ഭൂകമ്പമോ, സുനാമിയോ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാദൗത്യത്തില്‍ പങ്കുചോരാന്‍ പ്രാപ്തരാക്കിയ പോലീസുകാര്‍ നമ്മുടെ സേനയില്‍ ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് അവരെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കിയില്ല? ഇവര്‍ ഉള്ളത് കേരള സര്‍ക്കാര്‍ മറന്നു പോയതാണോ?

ഓരോ ദുരന്തവും അതാതു കാലത്തെ സര്‍ക്കാരുകളുടെ വീഴ്ചയായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഓഖി ചുഴലികാറ്റും മഴയും കേരളത്തിലെ ജന ജീവിതത്തെ സാരമായി ബാധിച്ചു. കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാരിനു കഴിയാതെ വന്നതും ദുരന്തത്തിനു ആക്കം കൂട്ടി. കുടുംബാംഗങ്ങളുടെ മരണ സംഖ്യ വര്‍ദ്ധിക്കുകയും കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാരിനു കഴിയാതെ വരുകയും ചെയ്തതോടെ പ്രതിക്ഷേധവും ശക്തമായി തുടങ്ങി. ഈ ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചു വയ്ക്കാവുന്നതല്ല. കാരണം ദേശീയ ദുരന്തനിവാരണ സേനയുടെ വിദഗ്ധപരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ പോലീസ് സേനയില്‍ ഉണ്ട്. 200 ല്‍ അധികം പോലീസുകാര്‍ ഇത്തരത്തില്‍ ട്രെയിനിഗ് നേടിയവരാണ്. അവരെ കൂടി ഉള്‍പ്പെടുത്തി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രാപ്തിയില്‍ എത്തുമായിരുന്നു.

2013 ല്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ദുരന്തനിവാരണത്തിനു വേണ്ടി പ്രത്യേകം പരിശീനം നേടിയ ഒരു സംഘം പോലീസുകാര്‍ നമ്മുടെ സേനയില്‍ ഉണ്ടെന്നത് നമ്മുടെ മുഖ്യമന്ത്രിയ്ക്ക്  അറിയില്ലെന്ന് തോന്നുന്നു. ഇല്ലെങ്കില്‍ ദുരന്തനിവാരണ സേനയെത്താനുള്ള കാലതാമസം ഒഴിവാക്കി ദുരന്തങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനം നടത്താന്‍ ലക്ഷക്കണക്കിനു രൂപ മുടക്കി പരിശീലിപ്പിച്ച സേന അധികൃതരുടെ അലംഭാവം മൂലം കാഴ്ചക്കാരാകേണ്ടി വരുമോ? ഭൂകമ്ബമോ, സുനാമിയോ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ രക്ഷാദൗത്യത്തില്‍ പങ്കുചോരാന്‍ പ്രാപ്തരാക്കിയ പോലീസുകാര്‍ ആണിവര്‍. എന്നാല്‍ അവരുടെ ജോലി ഗതാഗതനിയന്ത്രണവും പാറാവും. ഇതിനു പുറമെ, വി.വി.ഐ.പികളുടെ സുരക്ഷാച്ചുമതലയും. എന്തുകൊണ്ട് ഇങ്ങനെ? സാധാരണക്കാരന്റെ ജീവനേക്കാള്‍ വില രാഷ്ട്രീയ വിവിഐപികള്‍ക്കും അവരുടെ പെട്ടികള്‍ക്കും ആകുന്നത് ഇങ്ങനെയാണ്.

പാണ്ടിക്കാട് ആസ്ഥാനമായുള്ള ദ്രുതകര്‍മ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന 200 പോലീസുകാര്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ 2013- പ്രത്യേക പരിശീലനം നല്‍കി ദുരന്ത നിവാരണ സേനയുടെ ഒരു ചെറിയ പതിപ്പിന് തന്നെ രൂപം കൊടുത്തിരുന്നു. തൃശൂരില്‍ അടിസ്ഥാന പരിശീലനം നല്‍കുകയും തമിഴ്നാട്ടിലെ ആറക്കോണത്തും പഞ്ചാബിലും ഉത്തര്‍പ്രദേശിലെ ഹാസിയാബാദിലും കൊണ്ടുപോയി വിദഗ്ധ പരിശീലനവും നല്‍കിയ പോലീസുകാരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഭൂകമ്പമോ, സുനാമിയോ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാദൗത്യത്തില്‍ പങ്കുചോരാന്‍ അങ്ങനെ ഇവരെ പ്രാപ്തരാക്കിയിരുന്നു. ആധുനിക ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിലും ഇവര്‍ പ്രാവിണ്യം നേടിയിട്ടുണ്ട്. പരിശീലനത്തിനുശേഷം തിരികെയെത്തിയ അംഗങ്ങളെ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം എന്നിങ്ങനെയുള്ള റേഞ്ച് ഐ.ജി.മാരുടെ കീഴില്‍ വിന്യസിപ്പിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ആദ്യ കാലങ്ങളില്‍ നിയോഗിച്ചിരുന്നു.

എന്നാല്‍, പിന്നീട് ഇവരില്‍ പലരെയും സ്വന്തം ക്യാമ്പുകളിലേക്കു മറ്റു പോലീസുകാരെ തിരിച്ചുവിളിച്ച കൂട്ടത്തില്‍ മാറ്റി. മുന്നറിയിപ്പില്ലാതെയായിരുന്നു ഈ മാറ്റം. ഇതോടെ, സേനയുടെ പ്രവര്‍ത്തനം നിലച്ചു. ക്യാമ്പുകളിലേക്കു പുതിയ ബാച്ച്‌ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് ഇവരെ മടക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെ എന്തിനു മടക്കിയെന്നതു വ്യക്തമല്ല. പല സ്റ്റേഷനുകളിലും ക്യാമ്പുകളിലുമായാണ് ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അവിടെ തങ്ങളുടെ പ്രത്യേക പരിശീലനം വേരുതെയാക്കി പാറാവും ഗതാഗത നിയന്ത്രണവുമായി അവര്‍ കഴിയുന്നു. പിന്നെ യുള്ളത് വിവിഐപി സംരക്ഷണ ചുമതലയും. ഇതെന്തിനാണെന്നു ഇനിയും മനസിലായിട്ടില്ല. കടല്‍ക്ഷോഭമുള്‍പ്പെടെ വന്‍ നാശനഷ്ടമുണ്ടായപ്പോഴും ഇവരെ തിരിച്ചുവിളിക്കുകയോ ദുരന്ത നിവാരണത്തിനു വിനിയോഗിക്കുകയോ നമ്മുടെ മുഖ്യന്‍ ചെയ്തിട്ടില്ല.

ഇതുകൂടാതെ മറ്റൊരു കാര്യമുള്ളത്‌ കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഐ.എ.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന ഏഴംഗ സമിതിയില്‍ ആകെയുള്ള വിദഗ്ധൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ ഡയറക്ടർ മാത്രം. മറ്റുപല സംസ്ഥാനങ്ങളിലും ദുരന്തനിവാരണ രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ളതാണ് ഈ സമിതി. അപ്പോഴാണ്‌ ഇവിടെ മന്ത്രിമാരെ കുത്തിക്കയറ്റി ഒരു സമിതി. ഇത് എന്തിനാണ്? ഈ സമിതിയുടെ ഉപയോഗം ശരിക്കും അറിയാമായിരുന്നെങ്കില്‍ ഇത്തരം ഒരു വീഴ്ച ഉണ്ടാകുമോ? കേന്ദ്രസർക്കാരിന്റെ 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ ശുപാർശ പ്രകാരമാണ് സംസ്ഥാനങ്ങൾ ദുരന്ത നിവാരണ അതോറിറ്റി രൂപവത്കരിച്ചത്. നിയമപ്രകാരം മുഖ്യമന്ത്രിയായിരിക്കണം സമിതിയുടെ അനൗദ്യോഗിക അധ്യക്ഷൻ. എട്ട് അംഗങ്ങളെ മുഖ്യമന്ത്രി നാമനിർദേശം ചെയ്യണം. എന്നാല്‍ അതില്‍ ഒരിടത്തും അംഗങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ആയിരിക്കണമെന്ന് പറയുന്നില്ല. കേരളത്തിലാകട്ടെ, റവന്യൂ മന്ത്രിയാണ് സമിതിയുടെ ഉപാധ്യക്ഷൻ. ദൈനംദിന ഭരണത്തിരക്കുകളിൽ വലയുന്ന ചീഫ് സെക്രട്ടറിയാണ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ. കൃഷിമന്ത്രിക്കു പുറമേ റവന്യൂ, ആഭ്യന്തര വകുപ്പുകളിലെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളും. നിന്ന് തിരിയാന്‍ നേരമില്ലാത്ത ഇവര്‍ ദുരന്ത നിവാരണ സമിതിയില്‍ ഇരുന്നിട്ട് എന്തു ചെയ്യാന്‍? പകരം ശാസ്ത്രീയമായ അറിവുകളും ഇത്തരം സേനയുടെ പ്രവര്‍ത്തനം ക്രോഡീകരിക്കുകയും ഫലപ്രാപ്തിയില്‍ പ്രവര്‍ത്തങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സേനയാണ് ഈ സമിതിയ്ക്ക് കീഴില്‍ ഉണ്ടായിരുന്നതെങ്കില്‍ ഓഖിയുടെ ആഴം ഇതിലും എത്രയോ കുറവായിരുന്നേനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button