Latest NewsNewsIndia

ഹജ്ജിന് ഇന്ത്യന്‍ സ്ത്രീകളെ ഒറ്റയ്ക്കയക്കാന്‍ പ്രധാനമന്ത്രിയുടെ തീരുമാനം : മുത്തലാഖിന് ശേഷം പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് മുസ്സീം സ്ത്രീകളുടെ ഉയര്‍ത്തെഴുനേല്‍പ്പ്

ന്യൂഡല്‍ഹി: മുത്തലാഖിന് ശേഷം പ്രധാനമന്ത്രി ലക്ഷ്യമിടുന്നത് മുസ്സീം സ്ത്രീകളുടെ ഉയര്‍ത്തെഴുനേല്‍പ്പ് . ഇക്കാരണം കൊണ്ടുതന്നെ ഇത്തവണ
ഹജ്ജിന് ഇന്ത്യന്‍ സ്ത്രീകളെ ഒറ്റയ്ക്കയക്കാന്‍ പ്രധാനമന്ത്രിയുടെ തീരുമാനം. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഗുണം ചെയ്ത മുത്തലാഖ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഹ്ജ്ജ് വിഷയത്തിലും മോദി കൈവെച്ചത് മുസ്ലിം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടാണ്.

പുരുഷന്റെ തുണയില്ലാതെ മുസ്ലിംസ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താനുള്ള അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഹജ്ജിന് പുരുഷരക്ഷാകര്‍ത്താവില്ലാത്ത 1300 സ്ത്രീകള്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും വ്യക്തമാക്കി.

വിവാഹബന്ധം നിഷിദ്ധമായ ഉറ്റബന്ധുക്കള്‍ക്കോ (മെഹ്‌റം) ഭര്‍ത്താവിനോ ഒപ്പമല്ലാതെ 45 വയസ്സിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള അനുമതി ഇതുവരെ നല്‍കിയിരുന്നില്ല. ഇതിനാണ് മാറ്റംവരുത്തുന്നത്. ‘പുരുഷന്റെ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം പാടില്ലെന്ന നിയന്ത്രണം കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി എഴുപതുവര്‍ഷത്തിനുശേഷവും ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. ദശകങ്ങളായി മുസ്ലിംസ്ത്രീകള്‍ വിവേചനം അനുഭവിക്കുകയാണ്. എന്നാല്‍, അതേക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരത്തില്‍ ഒരു നടപടി നിലവിലില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയപ്പോള്‍ത്തന്നെ നടപടിയെടുത്തു. സ്ത്രീകള്‍ക്ക് പുരുഷതുണയില്ലാതെത്തന്നെ ഇനിമുതല്‍ ഹജ്ജ് അനുഷ്ഠിക്കാം’- പ്രധാനമന്ത്രി പറഞ്ഞു.

‘ഈ വര്‍ഷം ഒറ്റയ്ക്ക് ഹജ്ജിന് പോകുന്നതിനായി ആയിരത്തിമുന്നൂറോളം സ്ത്രീകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളം മുതല്‍ വടക്കേ ഇന്ത്യ വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ അപേക്ഷിച്ച എല്ലാവരെയും ഹജ്ജ്കര്‍മത്തിന് അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സാധാരണനിലയില്‍ നറുക്കെടുത്താണ് തീര്‍ത്ഥാടകരെ നിശ്ചയിക്കുക. എന്നാല്‍, ഒറ്റയ്ക്ക് പോകാനാഗ്രഹിക്കുന്ന വനിതകളെ ഈ നറുക്കെടുപ്പില്‍ നിന്നൊഴിവാക്കി പ്രത്യേകവിഭാഗം എന്ന നിലയില്‍ പരിഗണന നല്‍കും. സ്ത്രീശാക്തീകരണത്തിലൂടെയാണ് രാജ്യം പുരോഗമിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ ഉറച്ചുവിശ്വസിക്കുന്നത്’- പ്രധാനമന്ത്രി പറഞ്ഞു.

ഭര്‍ത്താവിന്റെയോ നേരിട്ട് രക്തബന്ധമുള്ള രക്ഷിതാവിന്റെയോ ഒപ്പമല്ലാതെ (മെഹ്‌റം) ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ള മുസ്ലിം വനിതകളുടെ പേര് ഹജ്ജ് കമ്മറ്റി നടത്തുന്ന നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്ന് ന്യൂനപക്ഷ കാര്യമന്ത്രാലയം അറിയിച്ചതോടെ മറ്റൊരു വിപ്ലവകരമായ തീരുമാനമായി ഇത് മാറും. പുതിയ ഹജ്ജ് നയ പ്രകാരം പുരുഷന്മാര്‍ ഒപ്പമില്ലാതെ, നാലുപേരടങ്ങുന്ന സംഘമായി സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാം. നേരത്തെ സ്ത്രീകള്‍ തനിച്ച് ഹജ്ജിനു പോകുന്നത് അനുവദനീയമായിരുന്നില്ല.

സാധാരണയായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയാണ് ഹജ്ജിനു പോകാന്‍ അപേക്ഷിച്ചിട്ടുള്ളവരില്‍നിന്ന് നറുക്കെടുപ്പിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നത്. 170000 ആണ് ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ട.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button