KeralaLatest NewsNews

കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭാതലവനെതിരെ അഴിമതി ആരോപണം : അടിയന്തര സിനഡ് ചേരുന്നു

കൊച്ചി: സിറോ മലബാര്‍ സഭയിലുണ്ടായ വിവാദ ഭൂമിയിടപാട് പുതിയ തലങ്ങളിലേയ്ക്ക് എത്തി. കര്‍ദിനാളിനെതിരായ ചില വൈദികരുടെ ഗൂഢാലോചന എന്ന നിലയില്‍ കാര്യങ്ങളെത്തിച്ചിരിക്കുകയാണെന്ന് ആരോപണം ഉയരുന്നു. എന്നാല്‍, ഇതുകൊണ്ടുപ്രശ്‌നം തീരില്ലെന്നും കര്‍ദിനാളിനോടള്ള എതിര്‍പ്പല്ല, ഇത്തരം ഭരണരീതി തുടരാന്‍ കഴിയില്ലെന്നുമാണു അവരുടെ നിലപാട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സഭയുടെ സ്ഥിരംസുന്നഹദോസ് ഇന്ന് അടിയന്തരയോഗം ചേരും.

അതേസമയം, കര്‍ദിനാള്‍ ഒപ്പിട്ടു നല്‍കിയ ഭൂമി വീണ്ടും 36 ആധാരങ്ങളിലായി മറിച്ചുവിറ്റുകഴിഞ്ഞു. ഒരു പ്രത്യേക മത ഗ്രൂപ്പാണു ഭൂമി മുഴുവനും വാങ്ങിയിട്ടുള്ളതെന്നാണ് കേള്‍വി. സഭാനേതൃത്വം ആവശ്യപ്പെട്ട തുകയേക്കാള്‍ പല മടങ്ങ് ഇരട്ടി തുകയ്ക്കാണു ഭൂമി വിറ്റതെന്നാണ് ആരോപണം. ലഭിക്കേണ്ട മുഴുവന്‍ തുകയും വൈറ്റ്മണി വേണമെന്നാണ് സഭാനേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍, ബാക്കി കള്ളപ്പണമായേ നല്‍കാനാവൂ എന്ന സ്ഥിതിയിലെത്തിയതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നാണു സൂചന.

രണ്ടു ദിവസത്തിനകം പ്രശ്‌നം കെട്ടടങ്ങുമെന്നും ഭൂമിയിടപാടില്‍ സംഭവിച്ച കാര്യങ്ങള്‍ സഭാനേതൃത്വംതന്നെ പുറത്തുവിടുമെന്നുമാണ് കര്‍ദിനാളുമായി അടുപ്പമുള്ളവര്‍ പറയുന്നത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രാവിലെ ആരംഭിക്കുന്ന സിനഡില്‍ കര്‍ദിനാളും സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കാനിടയില്ല. എന്നാല്‍, വിശദീകരണം കേള്‍ക്കുന്നതിന് അദ്ദേഹത്തെ സിനഡിലേക്കു വിളിച്ചുവരുത്തും.

സഭയുടെ ചരിത്രത്തില്‍ ആദ്യമായാണു സഭാതലവനെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിനഡ് ചേരുന്നത്. സ്ഥിരം സിനഡ് അംഗങ്ങളായ ഏഴ് ആര്‍ച്ച് ബിഷപ്പുമാരെയും അടിയന്തര സിനഡ് വിവരം സിനഡ് സെക്രട്ടറി മാര്‍ ആന്റണി കരിയില്‍ അറിയിച്ചിട്ടുണ്ട്. ഭൂമിതട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനു സീനിയര്‍ ആര്‍ച്ച് ബിഷപ് അധ്യക്ഷനായ അന്വേഷണ കമ്മിഷനെ സിനഡ് നിയോഗിച്ചേക്കും.

കമ്മിഷനില്‍ ബിഷപ്പുമാരും സഭാംഗങ്ങളായ വിദഗ്ധരും അംഗങ്ങളായിരിക്കും. സ്ഥിരം സിനഡിന്റെ ശിപാര്‍ശ ഏഴിനാരംഭിക്കുന്ന സമ്പൂര്‍ണ സിനഡ് പരിശോധിക്കും. എന്നാല്‍, ഭൂമിയിടപാടില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതില്‍ 31 നു സമര്‍പ്പിക്കുന്ന അതിരൂപതാ സമിതിയുടെ റിപ്പോര്‍ട്ട് വരെ കാത്തിരിക്കും.കര്‍ദിനാളിനെതിരേ രംഗത്തെത്തിയ വൈദികര്‍ക്കെതിരേ നടപടിക്കു സാധ്യതയുണ്ട്.

Related Articles

Post Your Comments


Back to top button