KeralaLatest NewsNews

ജനങ്ങളില്‍ ഭീതി പടര്‍ത്തിയ സ്റ്റിക്കര്‍ വിവാദത്തിന് അവസാനം ; ഫോറന്‍സിക് വിദഗ്ദ്ധരുടെ അന്വേഷണത്തില്‍ ഇതിനു പിന്നിലുള്ള കാരണം തെളിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബ്ലാക്ക് സ്റ്റിക്കര്‍ ഭീതി പരക്കുകയാണ്. ഇതേ കുറിച്ചു പലതരത്തിലുള്ള നിഗമനങ്ങള്‍ വരുന്നുണ്ട് എങ്കിലും കൃത്യമായി എന്താണു സംഭവിക്കുന്നത് എന്നു കണ്ടെത്താന്‍ കഴിയാത്തതായിരുന്നു ഇതിന് കാരണം. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആലപ്പുഴയിലെ പൊലീസിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍. ആശങ്ക വേണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരോ മോഷ്ടാക്കളോ ഒന്നും അല്ല മാന്നാറിലെ സ്റ്റിക്കറിന് പിന്നില്‍. ഓണ്‍ലൈന്‍ ഗെയിമും വിവാദത്തിന് കാരണല്ല. തെറ്റിധാരണയാണ് ഇതിന് കാരണമെന്ന് അവര്‍ വിശദീകരിക്കുന്നു.

മാന്നാറില്‍ 15ഓളം വീടുകളിലാണ് സ്റ്റിക്കര്‍ കണ്ടത്. പരാതിയില്‍ അന്വേഷണം തുടങ്ങിയപ്പോള്‍ വീടുകളുടെ എണ്ണം പെരുകി. ഇതോടെയാണ് ഫോന്‍സിക് സംഘം പരിശോധനയ്ക്ക് എത്തിയത്. വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചു. അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ല. ഇതോടെയാണ് സ്റ്റിക്കളിലേക്ക് അന്വേഷണം കൊണ്ട് പോയത്. ഗ്ലാസുകള്‍ കൂടിമുട്ടി തട്ടാതരിക്കാന്‍ ഗ്ലാസ് കമ്പനികള്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളാണ് ഇതെന്ന് അപ്പോഴാണ് സംഘത്തിന് ബോധ്യമായത്. ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് ഡോ ജി അനിലിന്റേയും വിനോദ് കുമാറിന്റേയും നേതൃത്വത്തിലാണ് ഈ പരിശോധന പൂര്‍ത്തിയാക്കിയത്.

ഒരു വശത്ത് പശയുള്ള കൂട്ടി മുട്ടാതിരിക്കാനുള്ള തരം സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നതെന്ന് വ്യക്തമായി. ഇതിനൊപ്പം പുതിയ വീടുകള്‍, അതായത് ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വീടുകളിലാണ് ഇവ കണ്ടതും. ഇതില്‍ നിന്ന് തന്നെ ഗ്ലാസുകള്‍ വാങ്ങിയപ്പോഴുള്ളവയാണ് ഇവയെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയാണ്. കേരളത്തിലുട നീളം കണ്ട സ്റ്റിക്കറുകളും ഇതേ തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ ഗ്ലാസ് കമ്പനികള്‍ ഒട്ടിച്ച സ്റ്റിക്കറുകളാണ് ആശങ്ക പടര്‍ത്തുന്നതെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയാണ്. ഇതിനൊപ്പം ചില വിരുതന്മാര്‍ ആശങ്ക കൂട്ടാന്‍ കള്ളക്കളികളും നടത്തുന്നുണ്ടാകാം. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്ന് പൊലീസ് വിലയിരുത്തുന്നു.

ആദ്യഘട്ടത്തില്‍ നിരീക്ഷണ ക്യാമറ കച്ചവടക്കാരുടെ തന്ത്രം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളെ വരെ സംശയിച്ചാണ് പൊലീസ് അന്വേഷണം നീങ്ങിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിനുപിന്നിലെന്നതടക്കമുള്ള ആരോപണങ്ങളെല്ലാം പൊലീസ് തള്ളുന്നു. കോട്ടയത്തെ ചില വീടുകളില്‍ കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ മോഷ്ടാക്കളാകാമെന്ന സാധ്യതയില്‍ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു. എന്നാല്‍. ഒരുമാസം പിന്നിട്ടിട്ടും ഇവിടങ്ങളില്‍ അത്തരത്തിലുള്ള മോഷണങ്ങളൊന്നും നടന്നിരുന്നില്ല. കുട്ടികളെ തട്ടിയെടുക്കുന്ന സംഘമാണ് ഇതിനുപിന്നിലെന്ന സംശയങ്ങളും അടിസ്ഥാനരഹിതമാണ്. കോട്ടയത്ത് കണ്ട സ്റ്റിക്കറും ഗ്ലാസ് കമ്പനിയുടേതായിരുന്നുവെന്നാണ് സൂചന.

വീടുകളില്‍ കവര്‍ച്ചക്കാര്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരകുന്നു. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഇത്തരത്തില്‍ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാര്‍ അന്വേഷിക്കും. പൊലീസിനു ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിനുപിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞവര്‍ഷം വടക്കന്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറത്ത് ഒരു വര്‍ഷം മുന്‍പ് ഉണ്ടായിരുന്നു. അതേത്തുടര്‍ന്നു ജില്ലകളിലെ എല്ലാ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സമീപ ദിവസങ്ങളിലായി ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടരുന്നു. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. കറുത്ത സ്റ്റിക്കര്‍ മോഷ്ടാക്കളാണു പതിപ്പിക്കുന്നതെന്ന പ്രചാരണം വ്യാജമാണെന്നു വാദമുണ്ട്.

കവര്‍ച്ചക്കാര്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചു വീടുകള്‍ അടയാളപ്പെടുത്തുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഡിസംബറില്‍ കോട്ടയത്താണു തുടങ്ങിയത്. ഇപ്പോള്‍ കേരളമാകെ വ്യാപിച്ചു. പൊലീസിന്റെ സന്ദേശം എന്ന വ്യാജേന വാട്‌സാപ് വഴിയാണു പ്രധാന പ്രചാരണം. വൈക്കം തലയോലപ്പറമ്പിനടുത്തു ചില വീടുകളുടെ ജനാലച്ചില്ലുകളിലാണു സ്റ്റിക്കറുകള്‍ ആദ്യം കണ്ടത്. പൊലീസില്‍ വിവരം അറിയിച്ചതോടെ കാടിളക്കിയുള്ള പരിശോധനകളായി. കവര്‍ച്ചക്കാര്‍ വീടുകള്‍ അടയാളപ്പെടുത്തിയതാണെന്ന വ്യാഖ്യാനമുണ്ടായി.

ഇതു നിഷേധിക്കാതിരുന്ന പൊലീസ് സ്വന്തം നിഗമനങ്ങളും നിരത്തി. പക്ഷെ, ഭയപ്പെട്ടതുപോലെ അടയാളപ്പെടുത്തിയ പ്രദേശത്തൊന്നും കവര്‍ച്ചകളുണ്ടായില്ല. ഒരു മാസം പിന്നിട്ടപ്പോള്‍ തൃപ്പൂണിത്തുറയിലും സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ തട്ടിയെടുക്കാനാണു വീടുകള്‍ സ്റ്റിക്കറൊട്ടിച്ച് അടയാളപ്പെടുത്തുന്നതെന്നു പൊലീസിന്റേതെന്ന രൂപത്തില്‍ മുന്നറിയിപ്പുകള്‍ പ്രചരിച്ചു. തിരുവനന്തപുരത്തും തൊടുപുഴയിലും കണ്ണൂരിലും സ്റ്റിക്കര്‍ ഭീതി വ്യാപിച്ചു. വാട്‌സാപ് സന്ദേശം വായിച്ചവര്‍ സ്വന്തം വീടിന്റെ ജനാലകള്‍ പരിശോധിച്ചു കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയതോടെ സംസ്ഥാനമാകെ ഭീതിയിലായി.

എന്നാല്‍ ഇതെല്ലാം വെറും തോന്നലാണെന്നാണ് പൊലീസ് പറയുന്നത്. വീട് വയ്ക്കുമ്പോള്‍ ഉപയോഗിക്കുന്ന ഗ്ലാസുകള്‍ ഇപ്പോള്‍ ശ്രദ്ധയില്‍പെടുന്നതാണ് ആശങ്കയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close