എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന മാമ്പഴം ആരോഗ്യത്തിനും വളരെ നല്ലതാണ്. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍, മരുന്നടിച്ചിട്ടുണ്ടെന്ന ഭയം വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. ദിവസവും മാമ്പഴം കഴിച്ചാല്‍ നമുക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. മാമ്പഴം പല രോഗങ്ങളില്‍ നിന്നും രക്ഷിക്കും.
കണ്ണിന്റെ ആരോഗ്യത്തിന് മാമ്പഴം
ഒരു ബൗള്‍ മാമ്പഴത്തിന് ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ പ്രദാനം ചെയ്യാനാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വരണ്ട കണ്ണിനും നിശാന്ധതയ്ക്കും പരിഹാരം നല്‍കാനും മാമ്പഴത്തിന് സാധിക്കും.
കാന്‍സര്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നു
നിത്യവും മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തെ വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്ക് സ്തനാര്‍ബുദം, ലൂക്കിമിയ, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്വര്‍സെറ്റിന്‍, ഐസോക്വര്‍സെറ്റിന്‍, അസ്ട്രഗാലിന്‍, ഫിസെറ്റിന്‍, ഗാലിക് ആസിഡ്, മെതിഗാലട്ട് എന്നീ ആന്റി ഓക്‌സിഡന്റുകള്‍ക്കൊപ്പം ധാരാളം എന്‍സൈമുകളും അടങ്ങിയിട്ടുള്ള പഴമാണ് മാമ്പഴം.
കൊളസ്ട്രോള്‍ കുറയ്ക്കുന്നു
മാമ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍, പെക്ടിന്‍, വിറ്റമിന്‍ സി എന്നിവര്‍ക്ക് കൊളസ്‌ട്രോള്‍ അളവിനെ കുറയ്ക്കാന്‍ സാധിക്കും.
ചര്‍മസംരക്ഷണത്തിന് നിത്യവും മാമ്പഴം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം ഉള്ളില്‍ നിന്നും പുറമേ നിന്നും പോഷകം നല്‍കുന്നുണ്ട്. നിത്യവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.
സന്ധികളുടെ ശക്തിക്ക് മാമ്പഴം ശീലമാക്കാം
മാമ്പഴം ധാരാളം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും സന്ധികളെ വഴക്കമുള്ളതും ശക്തവും ആക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിനൊപ്പം ശരീരത്തിലെത്തിയ പ്രോട്ടീനുമായി പ്രവര്‍ത്തിച്ച് ദഹനം സുഗമമാക്കാന്‍ മാമ്പഴത്തിന് സാധിക്കും. ഭക്ഷണത്തിനു ശേഷം ഒരു മാമ്പഴം കഴിച്ചാല്‍ അത് ദഹനത്തെ സഹായിക്കും. മാമ്പഴത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ക്കും ദഹനപ്രക്രിയയെ സുഖപ്പെടുത്താന്‍ സാധിക്കും.
Post Your Comments