Latest NewsWeekened GetawaysNorth IndiaPilgrimageTravel

സഞ്ചാര വിശേഷങ്ങൾ: ജന്മപുണ്യം തേടി ത്രികുടയുടെ മടിത്തട്ടിൽ

ശിവാനി ശേഖർ

ഗുൽമോഹർ പുഷ്പങ്ങൾ ചുവന്ന പരവതാനി വിരിച്ച വഴിത്താരകൾ അഴകു പകർന്ന ജമ്മു &കാശ്മീർ! അവിടെയാണ് ഈ ലോകദു:ഖങ്ങൾക്കും,പാപങ്ങൾക്കും പരിഹാരമായി വിശ്വജനനിയായ ജഗദംബിക “മാ വൈഷ്ണോ ദേവി” കുടികൊള്ളുന്നത്! സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5148 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രം ഇന്ത്യയിലെ 108 ശക്തിപീഠങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ്. ദേവിയുടെ ഈ പുണ്യഭൂമി “ഭവൻ” എന്നാണറിയപ്പെടുന്നത്! ജമ്മുവിലെ “കട്ര”യിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ സഞ്ചരിച്ചാൽ വൈഷ്ണോദേവിയുടെ തിരുനടയിലെത്താം. പ്രാചീന ഗുഹാക്ഷേത്രമായ ഈ പുണ്യസ്ഥലത്തിന്റെ പഴക്കം ഇപ്പോഴും കൃത്യമായി കണ്ടെത്താനായിട്ടില്ല.

ഋഗ്വേദത്തിൽ പരാമർശിക്കുന്ന “ത്രികുട”എന്ന ഹിമാലയൻ മലനിരകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്!

ഗുഹാമുഖത്ത് മൂന്ന് തലയുമായി അഞ്ചരയടി പൊക്കമുള്ള ശിലാരൂപത്തിലാണ് ദേവിയുടെ പ്രതിഷ്ഠ! മഹാകാളി,മഹാസരസ്വതി, മഹാലക്ഷ്മി എന്നിങ്ങനെ മൂന്നു ശക്തികളും ഒരുമിച്ച് കുടികൊള്ളുന്നുവെന്നാണ് വിശ്വാസം!

ഈ ഗുഹാക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും പ്രചാരത്തി ലുണ്ടെങ്കിലും.. .”സുന്ദർ”എന്ന പണ്ഡിതശ്രേഷ്ഠനെ ചുറ്റിപ്പറ്റിയുള്ള കഥയ്ക്കാണ് പ്രചാരം കൂടുതൽ. ദക്ഷിണേന്ത്യയിലെ ഒരു കുടുംബത്തിൽ ത്രിദേവി ശക്തിയുടെ അംശരൂപമായി “കുമാരി’ എന്ന കന്യകയായി ദേവി ജന്മമെടുത്തുവെന്നും വളർന്നപ്പോൾ തന്റെ ജന്മനിയോഗം മനസ്സിലാക്കി ഹിമവാന്റെ ഗിരിനിരകളിലെത്തി തപസ്സനുഷ്ഠിക്കാൻ തുടങ്ങിയെന്നും അവിടെ വച്ച് വനവാസത്തിലായിരുന്ന ശ്രീരാമചന്ദ്രനെ കണ്ടു മുട്ടിയെന്നും, അദ്ദേഹം ദേവിയുടെ ജന്മോദ്ദേശ്യം മനസ്സിലാക്കിക്കൊടുത്തുവെന്നും പറയപ്പെടുന്നു. അനപത്യദു:ഖം വല്ലാതെ അലട്ടിയിരുന്നു “ശ്രീധർ”, ഘോരവനത്തിൽ തപസ്സിരിക്കുന്ന തേജസ്വിനിയായ കന്യകെയെക്കുറിച്ചറിയുകയും അദ്ദേഹത്തിന്റെ ക്ഷണപ്രകാരം നവരാത്രിയിലെ കന്യാപൂജയ്ക്ക് ദേവിയെത്തിയെന്നും പറയപ്പെടുന്നു!

ദേവിയുടെ നിർദ്ദേശപ്രകാരം ഗ്രാമവാസികളെ “ഭണ്ഡാര” എന്ന അന്നമൂട്ടിന് സുന്ദർ തന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. മഹായോഗിയായ ” ഗുരു ഗോരഖ്നാഥും, പ്രിയ ശിക്ഷ്യനായ ഭൈരവനും അവിടെയെത്തുകയും ദേവിയിൽ ആകൃഷ്ടനായ ഭൈരവൻ ദേവിയെ ശല്ല്യപ്പെടുത്തുകയും ചെയ്തു!അവിടെ നിന്ന് ഇറങ്ങിയ ദേവിയുടെ പിന്നാലെയെത്തിയ ഭൈരവനെ ഒഴിവാക്കാൻ ദേവി കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല!ദേവിയുടെ സംരക്ഷണത്തിനായി കൂടെയുണ്ടായിരുന്ന പവനപുത്രൻ ഹനുമാൻ ദേവിയുടെ ക്ഷീണം മാറ്റാൻ ബാണമെയ്തു നിർമ്മിച്ച ബാൺഗംഗയിൽ വിശ്രമിക്കെ ഭൈരോനാഥ് അവിടെയുമെത്തി! “ചതുർപാദുകയും ,അദ്ക്വരി”യും പിന്നിട്ട് ത്രികുടയുടെ ഉയരങ്ങളിലെത്തി ഒരു ഗുഹയിൽ ഒളിച്ചിരിക്കുകയും അവിടെ വച്ച് ഭൈരവന്റെ തലയറുത്ത് നിഗ്രഹിക്കുകയും ചെയ്തു. അതിനു ശേഷം മനുഷ്യരൂപം ഉപേക്ഷിച്ച് ശിലയായി മാറുകയും ചെയ്തു.മോക്ഷപ്രാപ്തി നേടിയ ഭൈരവൻ അംബയുടെ പാദാരവിന്ദങ്ങളിൽ വീണ് മാപ്പിരന്നു. അലിവ് തോന്നിയ ദേവി ഇങ്ങനെ അനുഗ്രഹിച്ചു..”നമ്മെക്കാണാൻ ഈ ത്രികുടയിൽ വരുന്ന ഭക്തജനങ്ങൾ ഭൈരവക്ഷേത്രത്തിലും കൂടി ദർശനം നടത്തിയാലേ യാത്ര പൂർണ്ണമാവൂ” .. വൈഷ്ണോ ഭവൻ അഥവാ വൈഷ്ണോമന്ദിറിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഭൈറോ മന്ദിറിലെത്താം!

ആദിപരാശക്തിയെ ആദ്യം പൂജിച്ചത് പാണ്ഡവരാണെന്ന് പറയപ്പെടുന്നു. മഹാഭാരതയുദ്ധം നടക്കുമ്പോൾ വിജയപ്രാപ്തിക്കായി കൃഷ്ണ ഭഗവാന്റെ നിർദ്ദേശപ്രകാരം പാണ്ഡവർ ദേവിയെയാണ് പൂജിച്ചതെന്നു പറയപ്പെടുന്നു. നവരാത്രിയും ദുർഗ്ഗാപൂജയുമാണ് ഇവിടുത്തെ വിശേഷ ദിവസങ്ങൾ. ശൈത്യകാലത്ത് അസഹനീയമായ തണുപ്പായതിനാൽ ചൂടുകാലമാണ് യാത്രയ്ക്കനുയോജ്യം!”കട്ര” യിൽ നിന്ന് വൈഷ്ണോദേവിയിലേക്ക് , ഹെലികോപ്റ്റർ,പോണി, നാലുപേർ ചേർന്ന് ചുമക്കുന്ന പാൽഖി/പല്ലക്ക് എന്നിവ ലഭ്യമാണ്.കാൽനടയായും പോകാവുന്നതാണ്..മഴ സമയത്ത് വളരെയേറെ ദുർഘടം പിടിച്ചതാകും വഴികൾ. ദേവിയുടെ നിയോഗമുണ്ടെങ്കിൽ മാത്രമേ ഇവിടെപ്പോകാനാകൂ എന്ന് ഭക്തമനസ്സുകൾ ഉറച്ച് വിശ്വസിക്കുന്നു!

സഞ്ചാര വിശേഷങ്ങൾ: അസ്തമയ സൂര്യൻ അണിയിച്ചൊരുക്കിയ “താജ് മഹൽ”

Tags

Post Your Comments

Related Articles


Back to top button
Close
Close