South IndiaWeekened GetawaysHill StationsAdventureIndia Tourism Spots

മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്ന പൊന്‍മുടിയിലേയ്ക്ക് ഒരു യാത്ര

പശ്ചിമഘട്ടം മലനിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന പൊന്മുടി. വിനോദ സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന ഒരിടം. ഏതു കൊടും ചൂടിലും കുളിരു പകരുന്ന കാലാവസ്ഥയോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഈ മനോഹര സ്ഥലം കാണേണ്ട കാഴ്ച തന്നെയാണ്. വര്‍ഷത്തില്‍ എല്ലാ സമയവും തണുപ്പും കോടമഞ്ഞും അനുഭവപ്പെടുന്നുവെന്ന പ്രത്യേകതകൂടി പൊന്മുടിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള സമയങ്ങളിലാണ് ഇവിടെ കൂടുതല്‍ സന്ദര്‍ശകരെത്താറുള്ളത്.

തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പൊന്‍മുടി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. . മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന ഇടമെന്ന നിലയിലാണ് പൊന്മുടി എന്ന പേര് കിട്ടിയത്. ഇവിടുത്തെ ആദിമ നിവാസികളായ കാണിവിഭാഗത്തില്‍ പെട്ട ആളുകളാണ് ഈ വിശ്വാസത്തിനു പിന്നില്‍. എന്നാല്‍ ശാസ്ത്രകാരന്‍മാരുടെ വിശദീകരണം അനുസരിച്ച് പണ്ട് ഇവിടെ പണ്ട് ബുദ്ധ-ജൈന സംസ്‌കാരമാണത്രെ നിലനിന്നിരുന്നത്. ഇവര്‍ തങ്ങളുടെ ദേവന്‍മാരെ പൊന്നെയിര് ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നിങ്ങനെയൊക്കെയാണ് വിളിച്ചിരുന്നത്.അതില്‍ നിന്നാണ് പൊന്‍മുടിയെന്ന പേരു രൂപപ്പെട്ടു വന്നതത്രെ.

വളഞ്ഞും പുളഞ്ഞും പോകുന്ന 22 ഹെയര്‍പിന്‍ വളവുകളാണ് പൊന്മുടിയാത്രയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിനോടപ്പം തേയിലക്കാടുകളും പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ നവ്യാനുഭൂതി പ്രധാനം ചെയ്യുന്ന കാഴ്ചകള്‍ തന്നെയാണ്.

പൊന്‍മുടിയിലെ പ്രധാന കാഴ്ചകളാണ് സുവര്‍ണ താഴ്വര (ഗോള്‍ഡന്‍ വാലി), പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ എന്നിവയാണ് പൊന്‍മുടിയിലെ പ്രധാന കാഴ്ചകള്‍. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയിലേക്ക് സാഹസികര്‍ക്ക് ട്രക്കിംഗ് നടത്താന്‍ അവസരമുണ്ട്. നിരവധി ഔഷധസസ്യങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ജന്തുജീവജാലങ്ങളുടെയും കലവറയാണ് പൊന്‍മുടി. കല്ലാറില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം.

താമസം, ഭക്ഷണം എന്നിവയ്ക്ക് ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസുമായി 04722890230 എന്ന നമ്പരില്‍ ബന്ധപ്പെടാം.

മുറി ബുക്കുചെയ്യാന്‍ ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം, ഫോണ്‍: 04712327366 എന്ന വിലാസത്തിലും ബന്ധപ്പെടാം.

സമീപ റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ.
സമീപ വിമാനത്താവളം: തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം നെടുമങ്ങാട് ചെങ്കോട്ട പാത)ല്‍ യാത്രചെയ്ത് നെടുമങ്ങാട്- ചുള്ളിമാനൂര്‍- വിതുര- തേവിയോട് വഴി ഗോള്‍ഡന്‍വാലി. അവിടെനിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി

 

Tags

Related Articles

Post Your Comments


Back to top button
Close
Close