Latest NewsKerala

കെവിൻ പുഴയിലേക്ക് തനിയെ ചാടിയതല്ല, പകരം നടന്നത് ക്രൂരമായ കൊലപാതകം

കോട്ടയം: തലയ്‌ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികള്‍ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയതെന്നു സൂചന. ഫോറന്‍സിക്‌ പരിശോധനയിലെ പ്രാഥമിക റിപ്പോര്‍ട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ്‌ നല്‍കിയ മൊഴിയും കൂട്ടിയിണക്കിയാല്‍ ഈ നിഗമനത്തിലേക്കാണ്‌ എത്തുന്നത്‌. കെവിനെ ഓടിച്ച്‌ ആറ്റില്‍ ചാടിച്ച്‌ കൊലപ്പെടുത്തിയതാണെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് ഉള്ളതായി ആയിരുന്നു ആദ്യം സൂചന ഉണ്ടായിരുന്നത് . എന്നാൽ കെവിനെ റോഡിൽ കിടത്തുന്നത് കണ്ടതായി അനീഷിന്റെ മൊഴി കൂടി കണക്കിലെടുത്താണ് ഈ നിഗമനത്തിലെത്തിയത്.

കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ച്‌ കയറല്‍, മര്‍ദനം, വീട്ടില്‍ നാശനഷ്ടംവരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കെവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെ പ്രതികള്‍ പുഴയിലേക്ക്‌ ഓടിച്ചു ചാടിക്കുകയായിരുന്നു. കെവിന്‍ ഓടിപ്പോയെന്നും പിന്നീട് കണ്ടില്ലെന്നുമുള്ള പ്രതികളുടെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്. പ്രണയവിവാഹത്തെത്തുടര്‍ന്ന്‌ വധു നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹത്തില്‍ കണ്ണിനുമുകളില്‍ ശക്‌തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു.

ഇത്‌ ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ്‌ ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായത്‌. ഈ ക്ഷതം കെവിനെ അബോധാവസ്‌ഥയിലാക്കിയെന്നാണുഫൊറന്‍സിക്‌ സര്‍ജന്‍മാരുടെ നിഗമനം. തുടര്‍ന്ന്‌ ഷാനുവും സംഘവും ചേര്‍ന്ന്‌ കെവിനെ ആറ്റിലേക്ക്‌ എറിഞ്ഞതാവാം. അനീഷ്‌ പോലീസിനു നല്‍കിയ മൊഴി ഇതു ശരി വെയ്‌ക്കുന്നതാണ്‌. കെവിനും അനീഷും വെവ്വേറെ വാഹനങ്ങളിലായിരുന്നു. തെന്‍മലയില്‍ കെവിന്റെ മൃതദേഹം കണ്ട സ്‌ഥലത്തിനുസമീപം തന്നെ കൊണ്ടുപോയ വാഹനം നിര്‍ത്തിയിരുന്നുവെന്നും ആ സമയം മുന്നിലെ വാഹനത്തില്‍നിന്നു കെവിനെ പുറത്തിറക്കി റോഡില്‍ കിടത്തുന്നത്‌ കണ്ടുവെന്നുമാണ്‌ അനീഷിന്റെ മൊഴി.

ഇതോടെയാണ് അബോധാവസ്‌ഥയിലായ കെവിന്‍ മരിച്ചെന്നുകരുതി വെളളത്തിലെറിയാനുളള സാധ്യത പോലീസ്‌ തേടുന്നത്. വെള്ളം ഉള്ളില്‍ ചെന്നാണു മരണമെന്നാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. കെവിന്‍ സ്വയം വെളളം കുടിച്ച്‌ മരിച്ചതാണോ അതോ വെളളത്തില്‍ മുക്കിക്കൊന്നതാണോ എന്നറിയുന്നതിന്‌ എല്ലിലെ മജ്‌ജ വിശദമായ ഫോറന്‍സിക്‌ പരിശോധനകള്‍ക്കായി അയച്ചിരുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റതും, വലിച്ചിഴച്ചതുമായ ഇരുപതിലേറെ മുറിവുകളുണ്ട്‌. ജനനേന്ദ്രിയത്തില്‍ ചതവുമുണ്ട്‌. മൃതദേഹം 24 മണിക്കൂറിലേറെ വെള്ളത്തില്‍ കിടന്നതായി പോസ്‌റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.

തട്ടിക്കൊണ്ടുപോയ ഞായറാഴ്‌ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചിരിക്കണം. വെള്ളത്തില്‍ 24 മണിക്കൂറും, കരയില്‍ പന്ത്രണ്ട്‌ മണിക്കൂറിലേറെയും കിടന്ന മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വിശദമായ ഫോറന്‍സിക്‌ പരിശോധനയിലൂടെ മാത്രമേ മരണകാരണത്തില്‍ വ്യക്‌തത ഉണ്ടാവൂ എന്നതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

Tags

Related Articles

Post Your Comments


Back to top button
Close
Close