Latest NewsGulf

മുഖ്യമന്ത്രിയെ വധിക്കാന്‍ ‘കത്തി’യുമായി വരാനിരുന്ന കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നും പുറത്താക്കി

ദുബായ്•കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ മലയാളിയെ തൊഴിലുടമ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന കൃഷ്ണകുമാര്‍ എസ്.എന്‍ നായര്‍ ആണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക്‌ ലൈവിലൂടെ മുഖ്യമന്ത്രിയ്ക്കെതിരെ വധ ഭീഷണിമുഴക്കുകയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അസഭ്യവര്‍ഷവും നടത്തിയത്. മുഖ്യമന്ത്രിയെ വധിക്കാനായി പഴയ കത്തിയും തേച്ചുമിനുക്കി അടുത്ത ദിവസത്തെ വിമാനത്തില്‍ താന്‍ കേരളത്തില്‍ എത്തുമെന്നും ഇയാള്‍ ഭീഷണിമുഴക്കിയിരുന്നു.

അബുദാബി ആസ്ഥാനമായ ടാര്‍ഗറ്റ് എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സീനിയര്‍ റിഗ്ഗിംഗ് സൂപ്പര്‍വൈസര്‍ ആയിരുന്നു കൃഷ്ണകുമാര്‍ നായര്‍. അതേസമയം, കമ്പനി നല്‍കിയ തമാസ സ്ഥലത്തിരുന്ന് പ്രകോപനപരമായ ഫേസ്ബുക്ക്‌ ചെയ്ത ഇയാളെ കമ്പനി ബുധനാഴ്ച ജോലിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കൃഷ്ണകുമാര്‍ കേരളത്തിലേക്ക് പറക്കും.

‘എനിക്ക് എന്റെ ജോലി നഷ്ടമായി. ഞാന്‍ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. ഞാന്‍ ആര്‍.എസ്.എസ് അനുഭാവിയായി തുടരും. ഞാന്‍ പിണറായി വിജയനോടും എല്ലാ രാഷ്ട്രീയക്കരോടും ക്ഷമ ചോദിക്കുന്നു’- കൃഷ്ണകുമാര്‍ നായര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്തരം ഭീഷണികള്‍ ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരു ആര്‍.എസ്.എസ് നേതാവ് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്നു ഇയാള്‍ മുഖ്യമന്ത്രിയെ ഫോസ്ബുക്ക് ലൈവില്‍ എത്തി ചീത്ത വിളിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയേയും മക്കളെയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിരുന്നു.

ഒടുവില്‍ പ്രശ്നമായപ്പോള്‍ വീണ്ടും ലൈവില്‍ എത്തി മാപ്പു പറയുകയായിരുന്നു. ആദ്യ വീഡിയോ അടിസ്ഥാനമാക്കി പോലീസ് കേസ് എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ഭീഷണി നിസാരമായി കാണാനാകില്ല എന്നു പോലീസ് പറയുന്നു. കേരളത്തിലെ ഏതു വിമാനത്താവളത്തില്‍ ഇറങ്ങിയാലും പോലീസ് ഇയാളെ പിടികൂടുമെന്നാണു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button