ArticleEditor's Choice

പോലീസിന്റെ വീഴ്ച ജനങ്ങള്‍ക്ക് ശാപമായി മാറുമ്പോള്‍

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരാണ് പോലീസുകാര്‍. എന്നാല്‍ കേരള പോലീസ് ജനങ്ങള്‍ക്ക് ശാപമായി മാറുകയാണ്. ഒരുകാലത്ത് അന്യം നിന്നുവെന്നു കരുതിയ മൂന്നാം മുറയും അധികാരപ്രയോഗങ്ങളും പൂര്‍വ്വാധികം ശക്തിയോടെ പിണറായി പോലീസ് ഏറ്റെടുത്തു തുടങ്ങി. എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ എത്തിയ ഇടതു പക്ഷവും അവരുടെ പോലീസും നടത്തുന്ന പ്രവര്‍ത്തിയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ നഷ്ടമായിരിക്കുകയാണ്. കെവിന്‍, ശ്രീജിത്ത്‌ തുടങ്ങി എത്രയെത്ര മരണങ്ങള്‍…

കേരള പോലീസിന്റെ വീഴ്ചകള്‍ തുടര്‍ക്കഥയാകുകയാണ്. ആത്മഹത്യ മാത്രമായി തീര്‍ന്ന പല കേസുകളും പോലീസ് മര്‍ദ്ദനത്തിന്റെ ഫലമാണെന്ന പരാതികള്‍ വ്യാപകമാകുകയാണ്. അതോടെ പോലീസിനെ പ്രതികൂട്ടിലാക്കി ആരോപണങ്ങള്‍ ഉയരുന്നു. ആത്മഹത്യയാക്കി എഴുതി തള്ളിയ പഴയ പല കേസുകളും പൊലീസ് മര്‍ദനം മൂലമുള്ള മരണമായി ചിത്രീകരിച്ച്‌ പുതിയ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയതോടെ പോലീസ് വീണ്ടും കുരുക്കില്‍. പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അത്തരം പരാതികളിന്മേല്‍ പുനരന്വേഷണം നടത്താന്‍ പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി അടക്കം ഉത്തരവിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ മറ്റൊരു പരാതിയുമായി എത്തുകയാണ് റാന്നി തോട്ടമണ്‍ മുറിയില്‍ വേലന്‍ പറമ്പില്‍ നാരായണന്‍ കുട്ടി- സരസ്വതി ദമ്പതികളും മകന്‍ അജീഷും.

ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച രാജേഷിന്റെ മരണത്തിനു പിന്നില്‍ പോലീസാണെന്നാണ് ഇവരുടെ ആരോപണം. സംഭവത്തെക്കുറിച്ച് അച്ഛന്‍ നാരായണന്‍ കുട്ടി പറയുന്നതിങ്ങനെ.. ദളിത് വിഭാഗത്തില്‍പ്പെട്ട തങ്ങളുടെ മകന്‍ രാജേഷിനെ(30) ഒമ്പതു വര്‍ഷം മുന്‍പ് റാന്നി സ്റ്റേഷനിലെ പൊലീസുകാര്‍ മര്‍ദിച്ചു കൊന്ന ശേഷം വിഷം കഴിച്ചുള്ള മരണമാക്കി ചിത്രീകരിക്കുകയായിരുന്നു. 2009 സെപ്റ്റംബര്‍ 15നാണ് രാജേഷ് മരിച്ചത്. ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ് നില്‍ക്കുന്ന, നാലു വയസുള്ള കുട്ടിയുടെ മാതാവായ വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശിനിയുമായി സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന രാജേഷ് അടുപ്പത്തിലായിരുന്നു. അങ്ങനെയിരിക്കേ യുവതി രാജേഷില്‍ നിന്ന് അകന്നു. ഇതിന്‍റെ പേരില്‍ രാജേഷ് യുവതിയെ നിരന്തരം ഫോണ്‍ വിളിച്ച്‌ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ ഇവര്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 14 ന് രാവിലെ 11 മണിയോടെ കുരുവിള എന്ന പൊലീസുകാരന്‍ രാജേഷിനെയും ഒരു പെണ്ണിനെയും സ്റ്റേഷനില്‍ പിടിച്ചു വച്ചിരിക്കുന്നുവെന്ന് വീട്ടിലെത്തി അറിയിച്ചു. മറ്റൊരാളെയും കൂട്ടി റാന്നി സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവതിയും രാജേഷും അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് സിഐയായിരുന്ന വിദ്യാധരന്‍, പൊലീസുകാരന്‍ കുരുവിള എന്നിവര്‍ തന്നെയും മകനെയും അസഭ്യം പറഞ്ഞു. 30 ദിവസം തുടര്‍ച്ചയായി സ്റ്റേഷനില്‍ വന്ന് ഒപ്പിടണമെന്ന് പറഞ്ഞ് രണ്ടു മണിയോടെ തങ്ങളെ പോകാന്‍ അനുവദിച്ചു. താന്‍ വീട്ടിലേക്കും രാജേഷ് സുഹൃത്തുക്കളുടെ സമീപത്തേക്കും പോയി. രാത്രിയില്‍ വീട്ടിലെത്തിയ രാജേഷ് ഉറങ്ങാന്‍ കിടക്കവേ വേദന കൊണ്ട് പുളയുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജിലും അവിടെ നിന്ന് കോട്ടയത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 15 ന് വൈകിട്ട് മൂന്നരയോടെ രാജേഷ് മരിച്ചു. വിഷം കഴിച്ച്‌ ജീവനൊടുക്കിയെന്നാണ് അന്ന് കരുതിയത്. കാരണം പോലീസ് സര്‍ജ്ജന്‍ നല്‍കിയ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവ് വിഷം കഴിച്ചു മരിച്ചുവെന്നാണ് പറയുന്നത്.

ബന്ധപ്പെട്ട ചിത്രം

പിന്നീട് ഒരു പൊലീസുകാരന്‍ ഫോണില്‍ വിളിച്ച്‌ തനിക്ക് എതിരേ കേസ് നല്‍കരുതെന്നും താന്‍ രാജേഷിനെ മര്‍ദിച്ചിട്ടില്ലെന്നും പറഞ്ഞതോടെയാണ് സംശയമുണ്ടായത്തെ. ഇതിനെ തുടര്‍ന്ന്ന്നും വിവരാവകാശ നിയമ പ്രകാരം അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലും വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. പൊലീസ് മര്‍ദനമാണ് മരണ കാരണമെന്ന് ഇതോടെ മനസിലായെന്നും സഹോദരന്‍ അജീഷ് പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കെമിക്കല്‍ ലാബിലെ രാസപരിശോധനാ ഫലവും പരിശോധിക്കുമ്പോള്‍ ഈ മാതാപിതാകളുടെ ആരോപണം സത്യമാണെന്ന സംശയം ബലപ്പെടുന്നു. കാരണം പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം കണ്ടെത്താന്‍ രാസപരിശോധനാ ഫലം വരണം എന്നാണ് പറയുന്നത്. ഏഴു വര്‍ഷത്തിന് ശേഷം വന്ന രാസപരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടില്‍ യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചുവെന്ന് പറയുന്നുമില്ല. അതോടെ പോലീസ് പ്രതികൂട്ടിലാകുന്നു

kerala police എന്നതിനുള്ള ചിത്രം

വിഷം ഉള്ളില്‍ ചെന്നാണ് രാജേഷ് മരിച്ചതെന്നു വ്യാജ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് തയാറാക്കിയെന്നും അന്ന് റാന്നി സ്റ്റേഷനില്‍ ഉണ്ടായിരുന്ന കുരുവിള, ജെജെ വര്‍ഗീസ് എന്നീ പൊലീസുകാര്‍, എസ്‌ഐ ആയിരുന്ന പ്രദീപ് കുമാര്‍, സിഐ ആയിരുന്ന വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാജേഷിനെ മര്‍ദിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് രാജേഷ് മരിച്ചതെന്നും കേസ് അട്ടിമറിക്കാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് തിരിമറി നടത്തിയെന്നും ആരോപിച്ചു മാതാപിതാകള്‍ രംഗത്തെത്തിയപ്പോള്‍ ഈ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ രണ്ടുതവണ ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ പൊലീസ് പരാതി പരിഹാര സെല്ലില്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേസ് വീണ്ടും അന്വേഷിക്കാന്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. 2009-ലെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന അന്നത്തെ റാന്നി എസ്‌ഐ ദിലീപ് ഖാന്‍, സിഐയായിരുന്ന ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും എസ്‌പി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close