Kerala

എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട, അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം : എസ്‌എഫ്‌ഐ പ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തൃശൂര്‍: കുന്നംകുളം വിവേകാനന്ദ കോളേജില്‍ എല്ലാവര്‍ഷത്തെയും പോലെ കടന്നു പോകേണ്ട ലോക പരിസ്ഥിതി ദിനത്തിലെ വൃക്ഷത്തൈനടീല്‍ ഒടുവില്‍ അവസാനിച്ചത് ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ്. എബിവിപിക്ക് മേല്‍ക്കൈയുള്ള കോളേജില്‍, എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടാനെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വൃക്ഷത്തൈ നടാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തൈ നടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എബിവിപി ഉറച്ചുനിന്നപ്പോള്‍,എസ്‌എഫഐ ഏരിയ ജോയിന്റ് സെക്രട്ടറി കെ.വി.സരിത സംഭവത്തില്‍ ഇടപെട്ടു.

തൈ നട്ട ശേഷമേ പോകൂവെന്നായിരുന്നു സരിതയുടെ മറുപടി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ കൂടുതലും പെണ്‍കുട്ടികളായിരുന്നു. പ്രിന്‍സിപ്പലിന്റെ പെര്‍മിഷന്‍ വാങ്ങിയാണ് പരിപാടി നടത്തിയതെന്ന് സരിത പറഞ്ഞെങ്കിലും എബിവിപി പ്രവര്‍ത്തകര്‍ വൃക്ഷതൈ നടാന്‍ അനുവധിച്ചില്ല. പെര്‍മിഷനല്ല എന്തു തേങ്ങയായാലും വയ്ക്കേണ്ടെന്നു പറഞ്ഞാല്‍ വയ്ക്കേണ്ട എന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. ‘പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങിയ ശേഷമാണ് തൈ നടാന്‍ എത്തിയത്. എസ്.എഫ്.ഐയുടെ കാര്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ തീരുമാനിക്കേണ്ട. അത് എസ്.എഫ്.ഐ. തീരുമാനിച്ചോളാം.’ എന്നായിരുന്നു സരിതയുടെ മറുപടി. ഈ മറുപടി കേട്ടതോടെ എതിര്‍പക്ഷം കൂടുതല്‍ പ്രകോപിതരാകുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. വാട്സ്‌ആപ് ഗ്രൂപ്പുകളിലൂടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

വീഡിയോ പുറത്ത് വന്നതോടെ ഇ.പി.ജയരാജനടക്കമുള്ള സിപിഎം നേതാക്കളും സരിതയ്ക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപി ജയരാജന്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ‘പരിസ്ഥിതി ദിനത്തില്‍ കുന്നംകുളം വിവേകാനന്ദ കോളേജില്‍ വൃക്ഷത്തൈ നടുന്നതിനെ എതിര്‍ത്ത വര്‍ഗീയ ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട തൃശൂരിലെ എസ് എഫ് ഐ നേതാവ് സരിതയ്ക്ക് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാല്‍ മര്‍ദ്ദിക്കാനും കയ്യേറ്റത്തിനും ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. അതേസമയം, കോളജ് അധികൃതരാകട്ടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ്. ക്യാംപസില്‍ താരമായ കെ.വി.സരിത ബി.എ മലയാളം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

Tags

Post Your Comments


Back to top button
Close
Close