
കാർഡിഫ്: അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ബാറ്റിംഗ് മികവിൽ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. അലക്സ് ഹെയില്‍സിന്റെയും ജോണി ബൈര്‍സ്റ്റോയുടെയും ബാറ്റിംഗ് മികവിലാണ് കൈവിട്ടു പോകുമെന്ന് തോന്നിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
അലക്സ് ഹെയ്ല്‍സ് ഒറ്റക്ക് കളം നിറഞ്ഞപ്പോൾ ട്വന്റി20യുടെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ രണ്ടുപന്ത് ശേഷിക്കെ അഞ്ചുവിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഹെയ്ല്‍സ് 41 പന്തില്‍ പുറത്താകാതെ 58 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. സ്കോര്‍ ഇന്ത്യ 148-5, ഇംഗ്ലണ്ട് 149-5 (19.4)
അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. അവസാന ഓവറുകളിലെ ഇന്ത്യയുടെ മികച്ച ബൗളർ ഭുവനേശ്വർ കുമാർ പന്തെറിയാനെത്തിയപ്പോൾ ഇന്ത്യ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഹെയ്ൽസ് ഇന്ത്യയുടെ വിധി മാറ്റി എഴുതുകയായിരുന്നു. ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചതോടെ അഞ്ചു പന്തില്‍ ആറ് റണ്‍സെന്ന നിലയിലേക്ക് കളി മാറുകയും പിന്നീട് ഇംഗ്ലണ്ട് അനായാസം ലക്ഷ്യം മറികടക്കുകയും ചെയ്തു. ഒരുഘട്ടത്തില്‍ മൂന്നിന് 44 റണ്‍സെന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും ഹെയ്ല്സിന്റെ മികവുറ്റ ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.
Read also:ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയം മുന്നില്‍
ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ തീർത്തും നിഷ്പ്രഭരാകുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെയാണ് കാര്‍ഡിഫിൽ ആദ്യ പത്ത് ഓവറിൽ കണ്ടത്. രണ്ടാം ഓവറില്‍ തന്നെ രോഹിത് ശര്‍മ (6) മടങ്ങി. നാലാം ഓവറില്‍ ശിഖര്‍ ധവാന് റണ്ണൗട്ടായതോടെ രണ്ടിന് 22 റണ്‍സെന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ലോകേഷ് രാഹുലിനും (6) കാര്യമായ സംഭാവന നൽകാനായില്ല.
മൂന്നിന് 22 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്ന ഇന്ത്യയെ ക്യാപ്റ്റന്‍ കോഹ്ലിയും സുരേഷ് റെയ്നയും ചേര്‍ന്ന് സ്ഥിരത നൽകുകയായിരുന്നു. അവസാന ഓവറുകളിൽ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്കെങ്കിലും എത്തിയത്.
Post Your Comments