Latest NewsIndia

കാണാതായ പെണ്‍കുട്ടിയെ കണ്ടുപിടിയ്ക്കാന്‍ സഹായിച്ചത് ഫേസ്ബുക്ക് ലൈക്ക്

കണ്ണൂര്‍ : കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കൊപ്പം മന:ശാസ്ത്രവിശകലനത്തിന്റെയും സഹായം തേടി പൊലീസ്. പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കണ്ടെത്തി പിന്തുടര്‍ന്ന പൊലീസ് എത്തിപ്പെട്ടതു മഹാരാഷ്ട്രയിലെ ഒരു ആദിവാസിഗ്രാമത്തില്‍. നാട്ടിലെ ജീവിതം മടുത്ത് സാമൂഹികപ്രവര്‍ത്തനത്തിനായാണു പെണ്‍കുട്ടി മഹാരാഷ്ട്രയിലെത്തിയതെന്നും അവിടെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.

എങ്കിലും പിതാവിന്റെ പരാതിയുള്ളതിനാല്‍ പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചു വീട്ടുകാര്‍ക്കു കൈമാറി. ടൗണ്‍ സിഐ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി കിട്ടിയ ഉടന്‍ സുഹൃത്തുക്കളെയും സഹപാഠികളെയും പൊലീസ് ബന്ധപ്പെട്ടിരുന്നു.

കുട്ടിക്കു പ്രണയമോ അതുമായി ബന്ധപ്പെട്ട ഒളിച്ചോട്ട സാധ്യതയോ ഇല്ലെന്നു പൊലീസിന് ആദ്യം തന്നെ മനസ്സിലായി. ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയവ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെങ്കിലും അപ്രത്യക്ഷയാകുന്നതിനു മുന്‍പ് എല്ലാം ഡിലീറ്റ് ചെയ്തിരുന്നു. വിമാനത്താവളങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും ദൃശ്യങ്ങളും യാത്രാരേഖകളും പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തിരിച്ചു വരില്ലെന്നു തീരുമാനിച്ചാണു പെണ്‍കുട്ടി പോയത് എന്നു മനസ്സിലാക്കിയ പൊലീസ് ഒടുവില്‍ മനശാസ്ത്രപരമായ അന്വേഷണത്തിലേക്കു തിരിഞ്ഞു.

വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ ഫെയ്‌സ്ബുക് ഇടപെടലുകളും ലൈക്കുകളും വീണ്ടെടുത്തു പരിശോധിച്ചു. സാമൂഹിക പ്രവര്‍ത്തനത്തില്‍ തല്‍പരയായിരുന്നുവെന്നു മനസ്സിലാക്കി. വിശദമായ അന്വേഷണത്തിനൊടുവില്‍, മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്തെ ഒരു ആശ്രമത്തില്‍ നിന്നു മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. സ്ത്രീകളുടെയും ആദിവാസികളുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണത്രെ പെണ്‍കുട്ടി അവിടെ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button