KeralaLatest News

സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സദാനന്ദന്‍ മാസ്റ്റര്‍

സിഎംപി നേതാവ് സി.പി.ജോണ്‍ വഴിയാണ് ബ്രിട്ടോയെ പരിചയപ്പെട്ടത്

തിരുവന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ച് സദാനന്ദന്‍ മാസ്റ്ററുടെ കുറിപ്പ്. ശരീരത്തിന്റെ പകുതി ഭാഗം നിശ്ചലമായിട്ടും വിശ്വസിക്കുന്ന ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് ബ്രിട്ടോ കാഴ്ചവെച്ചത്. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ ഇസ്ലാമിക ഭീകരര്‍ വധിച്ച സംഭവത്തില്‍ പോലീസും സിപിഎം നേതൃത്വവും അനുവര്‍ത്തിക്കുന്ന നിസ്സംഗതയില്‍ അദ്ദേഹം ഖിന്നനായിരുന്നുവെന്ന് സദാന്ദന്‍ മാസ്റ്റര്‍ കുറിച്ചു.

സദാനന്ദന്‍ മാസ്റ്ററുടെ കുറുപ്പിന്റെ പൂര്‍ണരൂപം:

പ്രിയ സുഹൃത്ത്….
സൈമണ്‍ ബ്രിട്ടോവിന് ആദരാഞ്ജലികള്‍
നേരത്തെ പരസ്പരം അറിയാമായിരുന്നെങ്കിലും സൈമണ്‍ ബ്രിട്ടോയുമായി നേരിട്ട് ഇടപഴകാന്‍ അവസരമുണ്ടായത് ഈയടുത്താണ്. സംഘ പ്രസ്ഥാനമായ സക്ഷമ (ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന) ഇക്കഴിഞ്ഞ ഡിസ.1 ന് എറണാകുളം ഭാസ്‌ക്കരിയത്തില്‍ സംഘടിപ്പിച്ച കടുംബ സംഗമത്തില്‍ അതിഥിയായി വന്നെത്തുകയും സക്ഷമയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു അദ്ദേഹം.

സിഎംപി നേതാവ് സി.പി.ജോണ്‍ വഴിയാണ് ബ്രിട്ടോയെ പരിചയപ്പെട്ടത്. എസ്എഫ്‌ഐയില്‍ അവര്‍ സമകാലീനരായിരുന്നു. മാര്‍ക്‌സിസ്റ്റ് അക്രമത്തിന് വിധേയനായതിനു ശേഷം ഞാന്‍ എറണാകുളം പ്രാന്ത കാര്യാലയത്തില്‍ കഴിയുന്നതിനിടയിലൊരു ദിവസം സിപി ജോണ്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്നാണ് സൈമണ്‍ ബ്രിട്ടോയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തുകയും ചെയ്തത്. മന:സാക്ഷിയുള്ള ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു ബ്രിട്ടോ.

സക്ഷമയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശി പ്രദീപ് ജി യുമായുള്ള അടുപ്പമാണ് ബ്രിട്ടോയെ സക്ഷമയുടെ അഭ്യുദയകാംക്ഷിയാക്കിയത്. അന്ന് പരിപാടിക്കു വന്ന ബ്രിട്ടോ ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വവും ശക്തിയും ആവേശപൂര്‍വം അവിടെ അവതരിപ്പിച്ചു. ഉത്തര ഭാരതത്തിലെ യാത്രയ്ക്കിടയില്‍ ഗ്രാമവാസികളില്‍ നിന്ന് തനിക്ക് ലഭിച്ച സഹാനുഭൂതിയും സ്‌നേഹവും പരിഗണനയും വികാരവായ്‌പോടെ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു. ഭാരതത്തെ അറിയണമെങ്കില്‍ കേരളത്തിനു വെളിയില്‍ യാത്ര ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവെ ഉത്തര ഭാരതത്തിലെ ജനങ്ങളെക്കുറിച്ച് അവജ്ഞയോടെ മാത്രം സംസാരിക്കുന്ന സിപിഎം നേതാക്കളില്‍ നിന്ന് എത്ര വ്യത്യസ്തനാണ് ബ്രിട്ടോ എന്ന് കൗതുകപൂര്‍വം ചിന്തിച്ചു.

ശരീരത്തിന്റെ പകുതി ഭാഗം നിശ്ചലമായിട്ടും വിശ്വസിക്കുന്ന ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ് ബ്രിട്ടോ കാഴ്ചവെച്ചത്. മഹാരാജാസ് കോളജിലെ SFl നേതാവായിരുന്ന അഭിമന്യുവിനെ ഇസ്ലാമിക ഭീകരര്‍ വധിച്ച സംഭവത്തില്‍ പോലീസും CPM നേതൃത്വവും അനുവര്‍ത്തിക്കുന്ന നിസ്സംഗതയില്‍ അദ്ദേഹം ഖിന്നനായിരുന്നു.

ഒരു പക്ഷെ, ബ്രിട്ടോ പങ്കെടുത്ത ഒടുവിലത്തെ പരിപാടിയായിരിക്കും സക്ഷമയുടേത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് സക്ഷമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ മതിപ്പോടെ അഭിപ്രായം പറയുകയും വിജയം നേരുകയും ചെയ്തു.

തൃശൂരിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹമുള്ളത്. ശാരീരിക വൈഷമ്യം കാരണം നേരിട്ടു ചെന്ന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത മനസ്സാക്ഷിക്കുത്തുണ്ട്. ഒരു പാട് വേദനയോടെ നല്ല ഹൃദയമുള്ള ആ മനുഷ്യന് യാത്രാമൊഴി… അന്ത്യപ്രണാമം പ്രിയ സോദരാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button