Devotional

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ യഥാര്‍ത്ഥ പ്രതിഷ്ഠയല്ല ഭക്തര്‍ ദര്‍ശിക്കുന്നത് : യഥാര്‍ത്ഥ പ്രതിഷ്ഠ രഹസ്യ അറയില്‍ : ഇതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ

കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ‘ലോകാംബിക ക്ഷേത്രം’ എന്നും അറിയപ്പെടുന്നു. കേരളത്തില്‍ ആദ്യമായി ‘ആദിപരാശക്തിയെ’ കാളീരൂപത്തില്‍ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ മറ്റ് 64 ാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ എന്ന പേരില്‍ ഇവിടുത്തെ ദ്രാവിഡ-ശാക്തേയ ഭഗവതിയായ ഭദ്രകാളി അഥവാ മഹാകാളി കേരളത്തില്‍ പ്രസിദ്ധയാണ്. വടക്കോട്ട് ദര്‍ശനം.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ‘ആദിപരാശക്തിയുടെ’ അവതാരമായ ‘ഭദ്രകാളിയാണ്’. വരിക്കപ്ലാവില്‍ നിര്‍മ്മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തില്‍ ദാരുകവധത്തിനു ശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കല്‍പ്പിക്കപ്പെടുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്. ഇതിന് മുന്‍പിലായി ത്രിപുര സുന്ദരിയുടെ ചെറിയ പ്രതിഷ്ഠയുണ്ട്. എങ്കിലും ക്ഷേത്രത്തിലെ യഥാര്‍ഥ പ്രതിഷ്ഠ പടിഞ്ഞാറ് ദര്‍ശനമായിട്ടുള്ള ‘രഹസ്യ അറയിലുള്ള’ രൗദ്രരൂപിണിയായ ‘രുധിര മഹാകാളി’ ആണ്. സംഹാരമൂര്‍ത്തി ആയതിനാല്‍ നേരിട്ട് ദര്‍ശനം പാടില്ലാത്ത ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയില്‍ കാണപ്പെടുന്നത്.

ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില്‍ എല്ലായ്‌പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണ്ണ ഗോളക കൊണ്ട് പൊതിഞ്ഞതുമായ രുധിര മഹാകാളിയുടെ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഉഗ്രയായ ‘രുധിര മഹാകാളി’ ആയതിനാല്‍ നേരിട്ട് ദര്‍ശനം പാടില്ലെന്നും; അതിനാല്‍ ഈ വിഗ്രഹം കറുത്ത തുണി കൊണ്ട് മൂടിയിരിക്കുകയാണെന്നും; പകരം ഭക്തര്‍ക്കു ദര്‍ശിക്കാന്‍ വടക്കു ദിക്കിലേക്ക് ദര്‍ശനമായി ഭദ്രകാളിയുടെ മറ്റൊരു ദാരുബിംബവും അതിന് മുന്‍പിലായി ത്രിപുരസുന്ദരിയുടെ ചെറിയ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പരമാധികാരി വലിയതമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദര്‍ശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന് രുധിര മഹാകാളിക്ക് മുന്നില്‍ (പടിഞ്ഞാറേ നടയ്ക്കല്‍) അടിമ കിടത്താന്‍ കൊണ്ടുവരുമ്പോഴോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കല്‍ എത്തി നമസ്‌ക്കരിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്‌കരിച്ച് എഴുന്നേല്‍ക്കും മുന്‍പ് നട അടച്ചുകഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button