Devotional

കെടാവിളക്ക് കത്തിനില്‍ക്കുന്ന കേരളത്തിലെ ഏകക്ഷേത്രമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഐതിഹ്യം

കേരളത്തിലെ അതിപ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ഖരമഹര്‍ഷി ഒരേ സമയത്ത് പ്രതിഷ്ഠിച്ച മൂന്ന് ശിവലിംഗങ്ങളില്‍ ഒന്നാണ് ഇവിടുത്തേതെന്ന് വിശ്വസിക്കുന്നു. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്. ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളുന്ന ഭാരതത്തിലെ ഏകദേവനാണ് ഏറ്റുമാനൂരപ്പന്‍. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഇതുതന്നെ. ആസ്ഥാന മണ്ഡപത്തില്‍ കാണിക്കയര്‍പ്പിക്കുന്നുവെന്നതും ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ബലിക്കല്‍പുരയിലെ വലിയ ബലികല്ലിന് മുമ്പിലുള്ള കെടാവിളക്കില്‍ എണ്ണ ഒഴിക്കുന്നത് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. വലിയ വിളക്കില്‍ എണ്ണ ഒഴിച്ച് നിറദീപം സാക്ഷിയാക്കി നൊന്തുവിളിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വലിയ വിളക്കിന്റെ മൂടിയില്‍ പിടിച്ചിരിക്കുന്ന മഷികൊണ്ട് കണ്ണെഴുതുന്നത് നേത്രരോഗശമനത്തിന് ഫലപ്രദമായി കണ്ടുവരുന്നു. കൊല്ലവര്‍ഷം 720-ലാണ് വലിയ വിളക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.

ക്ഷേത്രത്തില്‍ വലിയവിളക്ക് സ്ഥാപിച്ചതിന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്. ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തില്‍ വന്നു. ക്ഷേത്രഭാരവാഹികളെ കണ്ട് ഇത് അമ്പലത്തിലേക്ക് എടുത്ത് വല്ലതും തരണമെന്ന് പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: വിളക്ക് വാങ്ങിയാലും വെള്ളമൊഴിച്ചു കത്തിക്കാന്‍ പറ്റുമോ, എണ്ണ വേണ്ടേ എന്ന്. ഏറ്റുമാനൂരപ്പന്‍ വിചാരിച്ചാല്‍ എണ്ണയും വെള്ളവുമില്ലാതെ ഇത് കത്തിയേക്കും. ഇത് ക്ഷേത്രത്തില്‍ തൂക്കിയാല്‍ ആരെങ്കിലും വന്ന് ഈ മംഗളദീപത്തില്‍ എണ്ണ നിറച്ചോളും എന്ന് വിളക്ക് കൊണ്ടു വന്നയാള്‍ പറഞ്ഞു. ഈ സംസാരത്തിനിടയില്‍ ക്ഷേത്രത്തില്‍ നിന്ന് ഒരാള്‍ തുള്ളിക്കൊണ്ടുവന്ന് വിളക്ക് വാങ്ങി ബലിക്കല്‍പ്പുരയില്‍ കൊണ്ടുപോയി തറച്ചു. ആ സമയം ഭയങ്കരമായ ഇടിയും മിന്നലുമുണ്ടായി. എല്ലാവരും ഭയന്ന് നാലമ്പലത്തിനുള്ളില്‍ അഭയം തേടി. ഇടിയും മിന്നലും മാറി നോക്കുമ്പോള്‍ നിറഞ്ഞ എണ്ണയുമായി അഞ്ച് തിരികളോടെ അത് പ്രകാശിക്കുന്നു. മൂശാരിയേയും വെളിച്ചപ്പാടിനേയും പിന്നെ ആരും കണ്ടിട്ടില്ല. ഭഗവാന്‍ കൊളുത്തിയ വലിയ വിളക്ക് ഇന്നും കെടാവിളക്കായി പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. 12 ദിവസം ഇവിടെ മുടങ്ങാതെ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ട കാര്യവും സാധിക്കുമെന്നും അനുഭവസ്ഥര്‍ വെളിപ്പെടുത്തുന്നു.

ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്‍പങ്ങളും കരിങ്കല്‍രൂപങ്ങളും പൈതൃകപ്പെരുമയുടെ ഉദാഹരണങ്ങളാകുന്നു. വുത്താകുതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിലാണ് ഏറ്റുമാനൂരപ്പന്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമരുളി വാഴുന്നത്. അപസ്മാരത്തിന് നെയ്യും പഞ്ചഗവ്യവും സേവിച്ച് ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ സുഖംപ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. മൂന്നു രൂപത്തില്‍ മൂന്ന് വ്യത്യസ്ത ഭാവങ്ങളില്‍ ശിവനെ ഈ ക്ഷേത്രത്തില്‍ ദര്‍ശിക്കാനാവും. ഉച്ചവരെ അപസ്മാര യക്ഷനെ ചവട്ടിമെതിക്കുന്ന ഉഗ്രരൂപവും ഉച്ചയ്ക്ക് ശേഷം അത്താഴപൂജവരെ ശരഭാകുതിയും അത്താഴപൂജ കഴിഞ്ഞ് നിര്‍മാല്യം വരെ ശിവശക്തി രൂപവും ദര്‍ശിക്കാനാവൂം. മൂന്നരയടിയോളം പൊക്കം വരുന്നതാണ് ശിവലിംഗം. വില്വപത്രവും തുമ്പപ്പൂവും കലര്‍ത്തിക്കെട്ടുന്ന ഹാരമാണ് അലങ്കാരം. ശിവലിംഗത്തിനു മുന്നിലുള്ള ആ ഘോര മൂര്‍ത്തിയുടെ വിഗ്രഹത്തിന് രണ്ടരയടി പൊക്കമുണ്ട്. തനിതങ്കത്തിലാണ് നിര്‍മാണം. മാനും മഴുവും വരദാഭയങ്ങളും ചേര്‍ന്ന എട്ടു തൃക്കൈകളോടു വിളങ്ങുന്നതാണ് വിഗ്രഹം.

അഷ്ടമിരോണി, തിരുവോണം, ആട്ടത്തിരുനാള്‍, മകര സംക്രമം, ശിവരാത്രി, വിഷുസംക്രമം എന്നിവ ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷപരിപാടി കുംഭത്തിലെ തിരുവാതിര നാളിലെ ആറാട്ടുത്സവമാണ്. എട്ടാം ഉത്സവത്തിനാണ് ഏഴരപ്പൊന്നാന ദര്‍ശനം. തിരുവിതാംകൂറിലെ രാജഭരണ കാലത്താണ് ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചത്. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു സുല്‍ത്താനെ തോല്‍പ്പിക്കാനായാല്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ ഏഴരയാനകളെ നടയ്ക്കു വയ്ക്കാമെന്നു കാര്‍ത്തിക തിരുനാള്‍ രാമവര്‍മ രാജാവ് (ധര്‍മരാജാവ്) നേര്‍ന്നതായി പറയപ്പെടുന്നു. പ്രാര്‍ഥന ഫലിച്ചതിന്റെ ഫലമായി രാജാവ് 7143 കഴഞ്ച് സ്വര്‍ണം കൊണ്ട് ഏഴര ആനകളെ നിര്‍മിച്ച് നടയ്ക്കു വച്ചുവെന്നാണ് ഐതിഹ്യം. ശനി, ഞായര്‍, തിങ്കള്‍ മലയാള മാസം ഒന്നാംതിയതി എന്നീ ദിവസങ്ങളിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. കൂട്ടുപായസം, നെയ്പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍.

Tags

Post Your Comments

Related Articles


Back to top button
Close
Close