Devotional

മേല്‍ക്കാവും കീഴ്ക്കാവും : വിശ്വാസങ്ങളും ഐതിഹ്യവും ഇഴചേര്‍ന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പ്രത്യേകത

കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. സാക്ഷാല്‍ ‘ആദിപരാശക്തി മാതാവ്’ മഹാവിഷ്ണുവിനോടൊപ്പം ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ’ എന്നാണ് ഭക്തര്‍ സ്തുതിക്കുന്നത്. മഹാമായ മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ പ്രധാനമായും ആരാധിക്കപ്പെടുക. വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തില്‍ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുര്‍ഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. കൂടാതെ മഹാലക്ഷ്മി ആയും ശ്രീ പാര്‍വതിയായും സങ്കല്പമുണ്ട്. ഇങ്ങനെ മൊത്തം അഞ്ചു ഭാവങ്ങളുമുള്ളതിനാല്‍ ചോറ്റാനിക്കര അമ്മ ‘രാജരാജേശ്വരീ’ സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതിനാല്‍ മാനസികരോഗികള്‍ ധാരാളമായി ഇവിടെ വരാറുണ്ട്. ഇവര്‍ ‘ഭജനം ഇരിക്കല്‍, ഗുരുതിപൂജ’ തുടങ്ങിയ വഴിപാടുകള്‍ നടത്താറുണ്ട്. പ്രസിദ്ധമായ നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. ശബരിമലയും ഗുരുവായൂരും കഴിഞ്ഞാല്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന കേരളീയക്ഷേത്രവും ചോറ്റാനിക്കരയാണ്.

ചോറ്റാനിക്കരയില്‍ മേല്‍ക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേല്‍ക്കാവാണ് പ്രധാന ക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു (തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു). പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളി ആണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് ‘ഗുരുതിപൂജ’ എന്ന പ്രസിദ്ധമായ വഴിപാട് നടത്താറുള്ളത്. കീഴ്ക്കാവിലേയ്ക്ക് പോകാനായി മേല്‍ക്കാവില്‍ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. കുംഭമാസത്തിലെ ‘മകം തൊഴലും’, പൂരം തൊഴലും, നവരാത്രിയും ത്രിക്കാര്‍ത്തികയുമാണ് വിശേഷദിവസങ്ങള്‍. ശബരിമല മണ്ഡലകാലത്തും ധാരാളം ഭക്തര്‍ ഇവിടെ എത്തിച്ചേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button