Latest NewsIndia

രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കും; കേന്ദ്രസര്‍ക്കാര്‍ സിമി നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയ്ക്ക് (സിമി) ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അഞ്ചുവര്‍ഷത്തേക്കു കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടി. വിധ്വംസകപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം നീട്ടിയത്. 2014 ഫെബ്രുവരി 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള നിരോധനം ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നിരോധന കാലാവധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ദേശവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ നിരവധി സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘടനയ്ക്ക് പങ്കുണ്ട്.

നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമ(1967)ത്തിന്റെ മൂന്നാം വകുപ്പിലെ ഒന്ന്, മൂന്ന് ഉപവകുപ്പുകള്‍ പ്രകാരമാണ് നിരോധനം. ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായി 1977 ലാണ് സിമി ആരംഭിച്ചത്. പിന്നീട് ജമാഅത്തെ ഇസ്ലാമി സിമിയുമായുള്ള ബന്ധം വേര്‍പെടുത്തി. 2001 സെപ്റ്റംബറിലാണ് ആദ്യമായി സംഘടനയെ നിരോധിച്ചത്. 2003, 06, 08, 14 വര്‍ഷങ്ങളില്‍ ഇതു പുതുക്കി. ഗയ സ്ഫോടനം, ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയുള്‍പ്പെടെ സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കൈവശം ഉള്ളത്.

സിമിയുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തില്ലെങ്കില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ, ദേശവിരുദ്ധ വികാരവും വിഘടനവാദവും വളര്‍ത്തി രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button