CinemaMollywoodLatest NewsEntertainment

വട്ടവടയിലെ താരം ഇനി വെള്ളിത്തിരയില്‍; ‘പത്മവ്യൂഹത്തിലെ അഭിമന്യു’ വിന്റെ ട്രയിലര്‍ പുറത്ത്

കൊച്ചി: അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി മഹാരാജാസ് കോളേജില്‍ കൊല്ലപെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യു എന്ന സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സോനാ നായര്‍, അനൂപ് ചന്ദ്രന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട വ്യക്തിയായിരുന്ന അന്തരിച്ച നേതാവ് സൈമണ്‍ ബ്രിട്ടോയും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്.

https://www.facebook.com/Darmajanbolgattyofficial/videos/390654058167350/

ആര്‍എംസിസി എന്ന വാട്സാപ് കൂട്ടായ്മ നിര്‍മ്മിക്കുന്ന ചിത്രം വിനീഷ് ആരാധ്യയാണ് സംവിധാനം ചെയ്യുന്നത്. ഷാജി ജേക്കബാണ് ഛായാഗ്രഹണം. ജേര്‍ണലിസം വിദ്യാര്‍ത്ഥിയും വയനാട് സ്വദേശിയുമായ ആകാശാണ് അഭിമന്യുവിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ദ്രന്‍സ് അഭിമന്യുവിന്റെ പിതാവായും വേഷമിടുന്നു. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലായിരുന്നു ‘പത്മവ്യൂഹത്തിലെ അഭിമന്യു’ വിന്റെ ചിത്രീകരണത്തിന് തുടക്കമായത്. മുന്‍ എസ്എഫ്ഐ നേതാവും അടുത്തിടെ ആന്തരിച്ച കലാലയ രക്തസാക്ഷിയുമായ സൈമണ്‍ ബ്രിട്ടോ ആയിരുന്നു സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് എസ്എഫ്ഐ നേതാവായ അഭിമന്യുവിനെ ഒരുസംഘം കൊലപ്പെടുത്തിയത്. കേരളം ഞെട്ടലോടെ കണ്ട കൊലപാതകവും, അഭിമന്യുവിന്റെ ജീവിതവും ഏറെ ചര്‍ച്ചയായിരുന്നു. ഇടുക്കി വട്ടവടയിലെ ആദിവാസി കുടുംബാംഗമായ ആ ഇരുപതുകാരന്‍ നല്ലൊരു രാഷ്ട്രീയ ജീവിതംകൂടി സ്വപ്‌നം കണ്ടാണ് എറണാകുളത്തെ മഹാരാജാസ് കോളജിലെത്തുന്നത്. എസ്എഫ്ഐ ബുക്ക്ഡ് എന്നെഴുതിവച്ച ചുവരില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതും അതുമായ്ക്കാതെ തന്നെ അവിടെ ‘വര്‍ഗീതയ തുലയട്ടെ’ എന്നെഴുതി വയ്ക്കുകയും ചെയ്തതാണ് കേരളമണ്ണില്‍ ഒരു കലാലയ രക്തസാക്ഷിയുടെ കൂടി പിറവിക്ക് ഇടയാക്കിയത്. നെഞ്ചിലായിരുന്നു അഭിമന്യുവിന് കുത്തേറ്റത്. തൊട്ടടുത്തെ ജനറല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും അഭിമന്യു മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button