Latest NewsGulf

ലോകമത നേതാക്കളുടെ സംഗമവേദിയാകാന്‍ അബുദാബി

അബുദാബി: ലോക മതനേതാക്കളുടെ സംഗമ വേദിയാകാനൊരുങ്ങി അബുദാബി. പോപ്പ് ഫ്രാന്‍സിസും അല്‍ അഹ്സര്‍ ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും പങ്കെടുക്കുന്ന മതസമ്മേളനത്തില്‍ വിവിധ മതങ്ങളുടെ പ്രതിനിധികളും ഭാഗമാവും. ഇസ്ലാം, ക്രിസ്ത്യന്‍, ഹിന്ദു, സിഖ്, ബുദ്ധമതം തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള ലോക നേതാക്കള്‍ക്ക് പുറമെ സാംസ്‌കാരികരംഗങ്ങളില്‍ നിന്നുള്ള പ്രമുഖരും പണ്ഡിതരും പരിപാടിയില്‍ പങ്കെടുക്കും. ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ പോപ്പും ഇമാമും ഭാഗമാവുന്ന സമ്മേളനത്തില്‍ രാജ്യസേവനത്തില്‍ ജീവന്‍ ബലിനല്‍കിയവരെ സ്മരിക്കും.

ബാക്കിയുള്ള സമ്മേളനങ്ങളില്‍ മാനവ സാഹോദര്യത്തിന്റെ തത്ത്വങ്ങള്‍, തീവ്രവാദത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക. ആദ്യ വിഷയത്തില്‍ യു.എ.ഇ. സാംസ്‌കാരിക മന്ത്രി നൂറ അല്‍ കാബി സംസാരിക്കും. പരിപാടിയില്‍ വനിതാ പ്രസംഗകരായിരിക്കും കൂടുതലായും പങ്കെടുക്കുക. സമൂഹത്തിലും മതപരമായ കാര്യങ്ങളിലും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുക വഴി മതം പുരുഷകേന്ദ്രിതമല്ലെന്ന സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് സംഘാടകസമിതിയംഗവും മുസ്ലിം കൗണ്‍സില്‍ ഫോര്‍ എല്‍ഡേഴ്സ് സെക്രട്ടറി ജനറലുമായ ഡോ.സുല്‍ത്താന്‍ അല്‍ റമൈതി പറഞ്ഞു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയ പ്രതിനിധി ബിഷപ് യൂലിയസ്, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി ജനറല്‍ ഡോ. ഒലാവ് ഫൈക്‌സി ടിവെയ്റ്, അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും പ്രസിഡന്റുമായ ഡോ. ജെയിംസ് സോഗ്ബി, റിസ്സോ കോഷി കെ പ്രസിഡന്റ് റവ കോഷോ നിവാനോ എന്നിവരും പങ്കെടുക്കും. ബഹായ്, സൊരാഷ്ട്രിയന്‍ വിശ്വാസ വിഭാഗങ്ങളിള്‍പ്പെടുന്ന പ്രമുഖരും ചടങ്ങിന്റെ ഭാഗമാവും. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ സമ്മേളനത്തിന് തുടക്കം കുറിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button