ArticleLatest News

വിശ്വാസികളെ അപമാനിച്ച് ദേവസ്വം ബോര്‍ഡ് ;  ഇത് നിലപാടില്ലാത്ത ബോര്‍ഡിന്റെ നാണം കെട്ട നീക്കം

നിത്യ നാരായണന്‍

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടും അതിന് പിന്നിലെ രാഷ്ട്രീയവുമെല്ലാം വ്യക്തമാണ്. വിശ്വാസികളെ പുല്ലുപോലെ അവഗണിച്ച് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് ഒരു തടസവുമില്ലെന്ന് വാദിക്കുമ്പോള്‍ തുടക്കം മുതല്‍ അതിനോട് മനസില്ലാമനസോടെ കൂടെനിന്ന ദേവസ്വം ബോര്‍ഡില്‍ ഭക്തര്‍ക്ക് ചെറിയ ഒരു വിശ്വാസമുണ്ടായിരുന്നു. അതിന ്അനുസൃതമായ ഉറപ്പുകള്‍ നല്‍കിയ പ്രസിഡന്റ് പദ്മകുമാറിന്റെ നിസ്സഹായാവസ്ഥയോട് ചിലര്‍ സഹതപിക്കുകയും ചെയ്തു. എന്നാല്‍ മലക്കം മറിച്ചിലുകളിലൂടെ താന്‍ പിണറായിയുടെ പിണിയാള്‍ മാത്രമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തെളിയിച്ചുകൊണ്ടിരുന്നു. നിലപാടില്ലാത്ത ദേവസ്വം ബോര്‍ഡ് അവസാനം വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്നും അതിനായി കോടതിയെ സമീപിക്കുമെന്നും ഉറപ്പ് നല്‍കിയപ്പോള്‍ സര്‍ക്കാരിന്റേതും ദേവസ്വം ബോര്‍ഡിന്റെയും നിലപാടില്‍ ചെറിയ മാറ്റമുണ്ടെന്ന് ഭക്തര്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ അതുവരൈ അണിഞ്ഞു നടന്ന മുഖംമൂടി ദേവസ്വം ബോര്‍ഡിന് അഴിച്ചുമാറ്റാതെ നിവൃത്തിയില്ലാതായി.

തുല്യതയ്ക്കായി ശരണം വിളിച്ച് ബോര്‍ഡ്

സര്‍ക്കാര്‍ നിലപാടിനോടു യോജിച്ച് യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനാവില്ലെന്ന് ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി പറഞ്ഞു. വ്യക്തിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല, എല്ലാ വ്യക്തികളും തുല്യരാണെന്നതാണു മതത്തിന്റെ അടിസ്ഥാനം. യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനമാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു. തുല്യാവകാശം സുപ്രധാനമാണെന്നും തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമാണെന്നും മറ്റുമുള്ള തുല്യതാവാദത്തില്‍ ഊന്നി നിന്ന് ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്ന് ബോര്‍ഡ് അതിസമര്‍ത്ഥമായി വാദിച്ചു. അതേസമയം മുമ്പ് ദേവസ്വം ബോര്‍ഡിന്റെ വാദം നേരെ എതിരായിരുന്നെന്ന് അറിയാമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഈ നിലപാട് മാറ്റത്തെ ചോദ്യം ചെയ്യുക തന്നെ ചെയ്തു. യുവതീപ്രവേശത്തെ നിങ്ങള്‍ എതിര്‍ത്തിരുന്നുവല്ലോ എന്ന ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് ഇപ്പോഴത്തെ നിലപാടാണ് ഇതെന്നും കോടതി വിധിയെ തുടര്‍ന്നാണ് നിലപാട് മാറ്റുന്നതെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അഭിഭാഷകന്റെ മറുപടി.

Indu Malhotra appointment

പരിശോദിക്കുന്നത് വിധിയിലെ പിഴവ്

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ എന്താണു വിധിയിലെ പിഴവെന്നു വിശദീകരിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടത്. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് എന്‍എസ്എസിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുന്നത്. അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കൊപ്പമല്ലെന്ന് സംശയാതീതമായി തെളിഞ്ഞെന്നാണ് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ പ്രതികരിച്ചത്. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നവേളയില്‍ സര്‍ക്കാരും ബോര്‍ഡും കൈക്കൊണ്ട നിലപാടുകള്‍ അതാണ് വ്യക്തമാക്കുന്നതും. വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് വ്യക്തമായതായും ശശികുമാര്‍ വര്‍മ ചൂണ്ടിക്കാണിച്ചു.

വിശ്വാസികളെ ചതിക്കുന്നത് ബോര്‍ഡ്

സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വിശ്വാസികളെ അപമാനിച്ചതും വിഡ്ഡികളാക്കിയതും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തന്നെയാണ്. യുവതീപ്രശ്നത്തില്‍ തുടക്കം മുതല്‍ തന്നെ അനുകൂലമായ നിലപാട് സ്വീകരിക്കുകയും അത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്ത മര്യാദ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ പ്രത്യക്ഷത്തിസല്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ കളിപ്പാവയായി നിന്ന് വിശ്വാസ സമൂഹത്തെ മുഴുവന്‍ വഞ്ചിച്ചത് ദേവസ്വം ബോര്‍ഡാണ്. പിണറായി പറയുന്നതിന് അപ്പുറം തിരിച്ചൊന്നു മൂളാന്‍ പോലും ശേഷിയില്ലാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയോര്‍ത്ത് സഹതപിക്കേണ്ടി വരും. സമത്വവും തുല്യതയും ഇത്രമാത്രം ആചാരാനുഷ്ഠാനങ്ങളില്‍ അനുവര്‍ത്തിക്കപ്പെടേണ്ടതാണെന്ന വാദമായിരുന്നു ദേവസ്വംബോര്‍ഡിന്റേതെങ്കില്‍ അത് അന്തസായി തുടക്കത്തില്‍ തന്നെ വ്യക്തമാക്കാമായിരുന്നു. മുമ്പ് വിധിച്ച ഒരു വിധിയില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കാനും അതിനുള്ള വാദം കേള്‍ക്കാനുമാണ് പരമോന്നത കോടതി തയ്യാറായാത്. നാടുമുഴുവന്‍ കലാപത്തിന്റെ വിത്ത് പാകിയ ഒരു വിഷയത്തില്‍ ഒരു പ്രശ്നവുമില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വളരെ നിസാരമായി പറയുമ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളായി കേരളത്തില്‍ സംഭവിച്ചതെന്താണെന്ന കാര്യം ഒരു ഉളുപ്പുമില്ലാതെ മറച്ചുവച്ചെന്ന് തന്നെ പറയാം.

ബോര്‍ഡില്‍ ഇനി ആര് വിശ്വസിക്കും

ഫെബ്രുവരി 13നാണ് ഇനി ഹര്‍ജികള്‍ പരിഗണിക്കുന്നത്. അതിന് മുമ്പ് 12ന് കുംഭമാസപൂജകള്‍ക്കായി നട തുറക്കും. വീണ്ടും ബലാത്കരമായി സന്നിധാനത്തെത്താന്‍ യുക്തിവാദികളും ആക്ടിവിസ്റ്റുകളും കാത്തിരിക്കുകയാണ്. സമവായത്തിലൂടെയോ വിശ്വാസസംരക്ഷണത്തിലൂടെയോ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താതെ തീരുമാനമുണ്ടാകേണ്ട ഒരു വിഷയമാണിത്. അതില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും ഭൂരിപക്ഷസമൂഹത്തിന്റെ വിശ്വാസങ്ങള്‍ക്കും ഒരു പരിഗണനയും കൊടുക്കാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു ദേവസ്വം ബോര്‍ഡില്‍ എന്ത് വിശ്വാസമാണ് അര്‍പ്പിക്കേണ്ടത്. നിരീശ്വരവാദത്തില്‍ അടിയുറച്ചുനില്‍ക്കുന്ന ഒരു സര്‍ക്കാരിന്റെ സില്‍ബന്തിയായി നിന്ന് ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന ദേവസ്വം ബോര്‍ഡ് ലോകത്തെങ്ങുമുള്ള ഹിന്ദുമത വിശ്വാസികള്‍ക്ക് അപമാനം തന്നെയാണ്. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കാനും ക്ഷേത്രപവിത്രത നിലനിര്‍ത്താനും ഉത്തരവാദിത്തപ്പെട്ട ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് അങ്ങനെയൊരു സ്ഥാപനം.

Tags

Post Your Comments


Back to top button
Close
Close