KeralaLatest News

ഇന്ന് ആറ്റുകാല്‍ പൊങ്കാല

40 ലക്ഷത്തോളം സ്ത്രീകള്‍ ദേവിയ്ക്ക് പൊങ്കാല അര്‍പ്പിയ്ക്കും

തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്.

ഇന്നു രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, തന്ത്രി ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീകത്തിക്കും. ഇതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം.

40 ലക്ഷത്തോളം സ്ത്രീകള്‍ ഇത്തവണ പൊങ്കാലയ്‌ക്കെത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. പൊങ്കാലയോടനുബന്ധിച്ച് തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 3800 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.1600 ഓളം വനിതാ പൊലീസുകാരെയും നിയോഗിച്ചു. ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേത്രവും പരിസരവും പൂര്‍ണമായി പൊലീസ് വലയത്തിലാണ്. വനിത പൊലീസിനെയാണ് പൊങ്കാല അര്‍പ്പിക്കുന്ന വഴികളിലും ക്ഷേത്രത്തിലും വിന്യസിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button