Kerala

പട്ടികവര്‍ഗ്ഗ മേഖലയെ ആയൂര്‍വേദ ഔഷധ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റും : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

ആയുര്‍വേദ ഔഷധങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന കേന്ദ്രമാക്കി ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയെ മാറ്റുമെന്നും ഇതിലൂടെ പട്ടികവര്‍ഗ്ഗ മേഖലയിലെ ജനങ്ങള്‍ക്ക്‌ മികച്ച ജീവനോപാധി സര്‍ക്കാര്‍ ഉറപ്പുനല്‍കുമെന്നും കൃഷി വകുപ്പ്‌മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍. തേക്കിന്‍കാട്‌ മൈതാനത്തെ ലേബര്‍ കോര്‍ണറില്‍ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ‘കാര്‍ഷിക വികസനം-തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും’ എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയെ ഔഷധ സസ്യ കൃഷിയിലേക്ക്‌ മാറ്റുന്നതിന്റെ ഭാഗമായാണ്‌ ഇത്‌. ട്രൈബല്‍ മേഖലയില്‍ സമ്പുഷ്ടമായ ഔഷധ സസ്യങ്ങളുടെ കലവറയുണ്ട്‌. അത്‌ അവിടുത്തെ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരെ ഹെര്‍ബല്‍ കൃഷിയിലേക്ക്‌ കൊണ്ടുവരും. ഇതിലൂടെ ആ മേഖലയിലും സാധാരണ ജനങ്ങള്‍ക്ക്‌ മികച്ചൊരു വരുമാനം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ 500 ഹെക്ടര്‍ സ്ഥലത്ത്‌ വിവിധ വാഴകൃഷി നടത്തുമെന്നും വാഴപ്പഴ കയറ്റുമതി ക്ലസ്റ്ററുകള്‍ രൂപീകരിച്ച്‌ ഇതര സംസ്‌്‌ഥാനങ്ങളിലേക്ക്‌ പോലും വാഴപ്പഴങ്ങളുടെ വിപണനം നടത്തുമെന്നും കര്‍ഷകരിലൂടെ വാഴകൃഷിക്കാവശ്യമായ സാധ്യതകള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക്‌ മികച്ച വിളവ്‌ ലഭിക്കുന്ന തരത്തില്‍ വാഴകൃഷിയെ വിപുലപ്പെടുത്തുകയാണ്‌ ലക്ഷ്യം. ജില്ലയില്‍ ചെങ്ങാലിക്കോടന്‍ വാഴകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ വിവിധയിനം വാഴപ്പഴം കയറ്റുമതി ചെയ്യുന്നതിനായി കര്‍ഷകരുടെ നേതൃത്വത്തില്‍ കയറ്റുമതി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക്‌ ന്യായവില നല്‍കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ഉറപ്പാക്കും. വാഴപ്പഴത്തില്‍ നിന്നും തേനില്‍ നിന്നും മൂല്യവര്‍ധിത വരുമാനമുണ്ടാക്കാവുന്ന സാധ്യതകള്‍ കണ്ടെത്തും. ഇതിന്‌ കണ്ണാറയില്‍ ആരംഭിക്കുന്ന അഗ്രോപാര്‍ക്ക്‌ ഉപയോഗപ്പെടുത്തും. ഇവിടെ നിന്ന്‌ വൈന്‍ പോലുള്ള ഉപയോഗ്യ വസ്‌തുക്കളും തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ കോള്‍നില വികസനം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും. ഇതിനായി കാര്‍ഷിക സര്‍വ്വകലാശാല തയ്യാറാക്കിയ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ഉപയോഗപ്പെടുത്തും. കോള്‍നിലങ്ങളില്‍ ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണ്‌ മുതല്‍ ശാസ്‌ത്രീയമായ പരിശോധയ്‌ക്കു വിധേയമാക്കും. 790 കോടി രൂപയുടെ പഴയ കോള്‍നില വികസന പ്രോജക്ട്‌ പുന:പരിശോധിച്ച്‌ ഉല്‌പാദന ക്ഷമത വര്‍ധിപ്പിക്കാനും കോള്‍നിലങ്ങളെ ജൈവ കൃഷിമേഖലയാക്കി പരിപോഷിപ്പിക്കാനും ശ്രമിക്കും. കോള്‍ മേഖലയില്‍ ഇരുപ്പൂകൃഷി ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കും. മത്സ്യകൃഷി വിപുലപ്പെടുത്തി മത്സ്യകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button