Devotional

ശിവപ്രീതിയ്ക്ക് ഏറ്റവും നല്ലത് ശിവരാത്രി വ്രതം തന്നെ : വ്രതം അനുഷ്ടിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാന്‍ ഉത്തമമത്രേ . ദമ്പതികള്‍ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം .

കുംഭമാസത്തിലെ കൃഷ്ണചതുര്‍ദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഇക്കൊല്ലത്തെ വ്രതാനുഷ്ഠാനത്തിനു ഏറെ പ്രത്യേകതകള്‍ ഉണ്ട്. 2019 മാര്‍ച്ച് 04 തിങ്കളാഴ്ചയാണ് ശിവരാത്രി വരുന്നത്. ഭഗവാന്‍ ശിവശങ്കരന് ഏറ്റവും പ്രാധാന്യമുള്ള തിങ്കളാഴ്ച ശിവരാത്രി വരുന്നതു അതിവിശേഷമാണ്. അപൂര്‍വമായാണ് ഇങ്ങനെ വരുന്നത്. കൂടാതെ ശിവരാത്രിയുടെ തലേന്ന് മാര്‍ച്ച് 03 ഞായറാഴ്ച പ്രദോഷവും വരുന്നു. അതായത് ശിവ പ്രീതികരമായ പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു അനുഷ്ഠിക്കാവുന്ന ദിനങ്ങള്‍ .

പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി.

വ്രതാനുഷ്ഠാനം എങ്ങനെ

തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി ;ഓം നമശിവായ; ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവരാത്രി ദിനത്തില്‍ പൂര്‍ണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത് . അതിനു സാധിക്കാത്തവര്‍ ക്ഷേത്രത്തില്‍ നിന്നുളള നേദ്യമോ കരിക്കിന്‍ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമമാണ് . അതില്‍ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കില്‍ അത്യുത്തമം . ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂര്‍വ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂര്‍ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥം സേവിച്ച് പാരണ വിടാം.

ജപിക്കേണ്ട മന്ത്രങ്ങള്‍

1.അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.

2.ശിവപഞ്ചാക്ഷരസ്‌തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂര്‍വം ചൊല്ലുക.

3.സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന് .

സമര്‍പ്പിക്കേണ്ട വഴിപാടുകള്‍

1.ശിവരാത്രി ദിനത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ അതീവഫലദായകമാണ്

2.കൂവളത്തില സമര്‍പ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ശനിയാഴ്ചയെ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമര്‍പ്പിക്കാവുന്നതാണ് . കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്‌പ്പെടുകയില്ല.

3.ഭഗവാന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവളത്തില കൊണ്ട് അര്‍ച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.

4.പിന്‍വിളക്ക് , ജലധാര എന്നിവയും സമര്‍പ്പിക്കാവുന്നതാണ്.

5. ആയുര്‍ദോഷമുള്ളവര്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക.

6. ദാമ്പത്യദുരിതദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അര്‍ച്ചനയോ നടത്തുക .

7. സ്വയംവര പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാന്‍ സഹായകമാണ

ശിവരാത്രി ദിനത്തില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകള്‍ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്‌ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തില്‍ ഭക്തിപൂര്‍വം ശിവക്ഷേത്രദര്‍ശനം നടത്തിയാല്‍ നമ്മള്‍ അറിയാതെ ചെയ്ത പാപങ്ങള്‍ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

shortlink

Post Your Comments


Back to top button