KeralaLatest News

കേരള ചിക്കന്‍ സെപ്തംബറില്‍ വിപണിയിലേക്ക്; നിരവധി പേര്‍ക്ക് തൊഴില്‍

ആലപ്പുഴ: കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബറില്‍ വിപണിയിലേക്കെത്തും. ഒരു കിലോഗ്രാമിന് 85 രൂപ നിരക്കിലാണ് ചിക്കന്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കന്‍ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം നടത്തിവരുന്നത്.

ആഴ്ചയില്‍ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡര്‍ഫാമുകള്‍, ഒരു ജില്ലയില്‍ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കില്‍ ജില്ലാതല ഹാച്ചറികള്‍, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകള്‍, 50 ടണ്‍ ഉത്പാദനശേഷിയുള്ള മാംസസംസ്‌കരണശാല, ഇറച്ചി വില്‍ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, പ്രാദേശികാടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി.

ഉത്പാദനം മുതല്‍ വിപണനം വരെ കോര്‍ത്തിണക്കിയാണ് കുടുംബശ്രീ ചിക്കന്‍മേഖലയില്‍ ചേക്കേറുന്നത്.നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പുതുതായി 935 എണ്ണംകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 25,000 കിലോഗ്രാം ചിക്കന്‍വില്‍പ്പന നടത്താനാകും. ഇത് ക്രമേണ അഞ്ചുലക്ഷം വരെയാക്കി മാറ്റും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡര്‍ഫാമുകള്‍ ആരംഭിക്കുക. അതത് കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പുചുമതല. ഇതോടൊപ്പം ബ്രോയ്‌ലര്‍ കര്‍ഷകര്‍ക്കായി ജനനി സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും.
ഇതുപ്രകാരം ഒരുവര്‍ഷം 90 ലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഇന്‍ഷുറന്‍സ് പരിധിയിലാക്കും. സംസ്ഥാന ചിക്കന്‍ പദ്ധതിക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത് മൃഗസംരക്ഷണവകുപ്പാണ്. അയല്‍ക്കൂട്ടം വനിതകള്‍ മുഖേന നടത്തിവരുന്ന 50 ബ്രോയ്‌ലര്‍ ഫാമുകളില്‍നിന്ന് നിലവിലെ ധാരണപ്രകാരം കിലോയ്ക്ക് 85 രൂപ നിരക്കില്‍ ചിക്കന്‍ എടുത്ത് കെപ്‌കോ വിപണനം നടത്തുന്നുണ്ട്.കുടുംബശ്രീക്ക് വന്‍ വരുമാനനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. 1450 സ്ത്രീകള്‍ക്ക് നേരിട്ട് ജോലി ലഭിക്കും. പ്രാരംഭഘട്ടത്തില്‍ 25,000 കോഴികളെ പ്രതിദിനം വില്‍ക്കുമ്പോള്‍ 15 കോടിയുടെ വാര്‍ഷികവിറ്റുവരവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button