Latest NewsLiteratureWriters' Corner

മെഴുകുതിരി

ദീപാ.റ്റി.മോഹന്‍

വര്‍ഷങ്ങള്‍ കടന്നു പോയതറിയാതെ കടന്നുപോയ തിരക്കുപിടിച്ച ജീവിതം. ഓഹ് ! സമയം പോയതറിഞ്ഞില്ല .ഫയല്‍ മടക്കി വച്ചു ,രാവിലെ മുതല്‍ തുടങ്ങിയ ജോലിയുടെ ക്ഷീണത്താലാകും തലവേദന .ബാഗില്‍ കരുതിയിരുന്ന വിക്ക്സ് എടുത്തു പുരട്ടി.ഇനി നോക്കിയിരുന്നാല്‍ വീട്ടിലേക്കുള്ള ബസ്‌ പോകും.പെട്ടെന്ന് തന്നെ ബാഗുമെടുത്തു സ്റൊപ്പിലെക്ക് ഓടി.ഭാഗ്യം ബസ്‌ പോയില്ല ,തിക്കി നിറഞ്ഞ ബസ്സിലേക്ക് ചാടികയറി .ബസ്സില്‍ വെറുതെ കണ്ണോടിച്ചു ഒരല്പ്പം സ്ഥലം കിട്ടിയിരുന്നെങ്കില്‍ ,വെറുതെ ആഗ്രഹിക്കാം .ഇതുവരെ ഈ ബസ്സില്‍ ഇരിക്കാന്‍ എനിക്ക് യോഗം കിട്ടിയിട്ടില്ല . അടുത്ത സീറ്റില്‍ ഒരാള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുന്നു ,പതിയെ അടുത്തേക്ക് ചെല്ലാം .ആദ്യമായിട്ടാണ് ഈ ബസ്സില്‍ സീറ്റ്‌ കിട്ടിയത് .ഇനി അര മണിക്കൂര്‍ സമാധാനമായി മയങ്ങാം.

സ്റൊപ്പുകള്‍ കടന്നു പോയതറിഞ്ഞില്ല .അടുത്ത സീറ്റില്‍ ആരോ വന്നിരുന്നു .കുഞ്ഞിന്‍റെ കരച്ചില്‍ പെട്ടെന്നു മുഖമുയര്‍ത്തി അടുത്തിരുന്ന സ്ത്രീയേയും കുഞ്ഞിനേയും നോക്കി .ഇത് നമ്മുടെ ലച്ചുവല്ലേ ,അറിയാതെ ശബ്ദം പുറത്തേക്കു വന്നതിനാലാകും അവളും എന്നെ നോക്കി പെട്ടെന്നു ചോദിച്ചു നിമ്മിയല്ലേ .ഹാവൂ സമാധാനമായി ഒരിക്കലും കാണാന്‍ കഴിയില്ല കരുതിയതാണ് ലച്ചുവിനെ .മനസ്സറിയാതെ കോളേജ് കാലത്തിലേക്ക് പോയി .ലച്ചു എന്ന് വിളിപേരുള്ള, കൂട്ടു കാരി ലക്ഷ്മി ശരിയ്ക്കും ഒരു ലക്ഷ്മിദേവി തന്നെയാഅവളെ കുറിച്ച് വർണിക്കാൻ വാക്കുകളില്ല. അത്ര മനോഹാരിയാണ് .നീണ്ടു വിടര്‍ന്ന കണ്ണൂകൾ, ചുവന്ന ചുണ്ടുകൾ. ചുരുക്കത്തില്‍ ഒരു അപ്സരസ്സ് തന്നെ. ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് യോജിക്കുന്നപേര് തന്നെ അവളുടെ മാതാപിതാക്കള്‍ ഇട്ടു .നാട്ടിലും കോളേജിലും അവളുടെ നോട്ടത്തിനായി ആൺകുട്ടികൾ കാത്തുനിന്നു.എന്തെങ്കിലും ഒരു കമന്റ് കേട്ടാല്‍ പോലും കരയുന്ന ഒരു തൊട്ടാവാടിയായിരുന്നു അവള്‍ .അവള്‍ക്ക് വേണ്ടി പ്രതികരിച്ചതു ഞങ്ങള്‍ കൂട്ടുകാരികളായിരുന്നു. അവളുടെ സൗഹൃദത്തിനായ്‌ കാത്തിരുന്ന ആണ്‍ക്കുട്ടികളുടെ ഇടയില്‍ നിന്നാണ് ശ്രീയേട്ടന്‍ കടന്നു വന്നത് .ശ്രീയേട്ടന്‍ കോളേജ്‌ യൂണിയന്‍ ചെയര്‍മാനായിരുന്നു .ശ്രീയേട്ടനെ പറ്റി പറയുകയാണങ്കില്‍ കോളേജിലെ പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു. കൂടുതല്‍ ആരോടും സംസാരിക്കാറില്ല, എന്നാല്‍ കോളേജിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലായിരുന്നു ശ്രീയേട്ടൻ.

ഇതിനിടയില്‍ ലച്ചുവും ശ്രീയേട്ടനും തമ്മില്‍ ഇഷ്ടത്തിലായി. ആ ഒരു ഇഷ്ടത്തെ പ്രണയം എന്ന് പറയാമോ എന്നറിയില്ല .രണ്ടു പേരും തമ്മില്‍ സംസാരിച്ചു ഞാന്‍ കണ്ടിട്ടില്ല.ഈ പ്രണയത്തെ നിശബ്ദപ്രണയം എന്ന് പറയാം .കോളേജില്‍ എനിക്ക് മാത്രമെ അറിയാമായിരുന്നുള്ളൂ ഈ പ്രണയം.അവളെ കാണാന്‍ വേണ്ടി ശ്രീയേട്ടൻ ക്ലാസ്സ്‌ റൂമിന് മുന്നിലൂടെ പോകാറുണ്ട്.. ഞാന്‍ ആ സമയം അവളുടെ മുഖത്ത് നോക്കാറുണ്ട്. ചുവന്നു തുടുത്ത അവളുടെ മുഖം കാണാന്‍ എന്ത് രസമാണെന്നോ…എനിയ്ക്ക് തന്നെ അവളോട് ആരാധനയും അസൂയയും തോന്നാറുണ്ട് ആ സൗന്ദര്യം. അപ്പോഴത്തെ അവളുടെ മുഖഭാവം എന്റെ ഉള്ളില്‍ ചിരി വരും . ഈ ചിരിയ്ക്ക്‌ ടീച്ചര്‍ കുറെ തവണ വഴക്ക്‌ പറഞ്ഞിട്ടുണ്ട്. അങ്ങനെ ആറു മാസം കടന്നു പോയി. ശ്രീയേട്ടന് കോളേജില്‍ നിന്ന് പോകേണ്ട ദിവസമായി. ലച്ചുവിന്‍റെ അടുത്തേയ്ക്ക് ശ്രീയേട്ടന്‍ വന്നു. ആ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു .ലച്ചുവിനും വിഷമം സഹിയ്ക്കാന്‍ കഴിഞ്ഞില്ല. അവളും കരഞ്ഞു ..ശ്രീയേട്ടന്‍ പറഞ്ഞു വിഷമിയ്കേണ്ട ഞാന്‍ ഇടയ്ക്ക് വരാം . കുറെ നാള്‍ എടുത്തു ലച്ചു , ആ വിഷമത്തില്‍ നിന്ന് മുക്തയാവാന്‍ .അങ്ങനെ കോളേജിലെ ഞങ്ങളുടെ പഠനവും കഴിഞ്ഞു .സാമ്പത്തിക മായി പിന്നോക്കം നിന്നിരുന്ന ശ്രീഏട്ടനെ കെട്ടിയാൽ ആത്മഹത്യാ ഭീഷണി മുഴക്കിയ അച്ഛനു മുന്പിൽ തകർന്ന മനസ്സുമായി ല ച്ചുവിന്‍റെ വിവാഹം കഴിഞ്ഞു . പിന്നീട് ഞാന്‍ അവളെ കാണുന്നതു ഇപ്പോഴാണ് .അവള്‍ പഴയത് പോലെ സുന്ദരി തന്നെ . കണ്ടാല്‍ ഒരു കുട്ടിയുടെ അമ്മ ആണെന്ന് പറയില്ല.സ്വഭാവത്തിലും മാറ്റമില്ല. പണ്ടത്തെ ആ തൊട്ടാവാടി തന്നെ . ഞങ്ങള്‍ ഏറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു.ഇടയ്ക്ക് അവള്‍ മൗനത്തിലാണ്ടു. അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാന്‍ കാര്യം തിരക്കി .നിറഞ്ഞ കണ്ണുകളോടെ അവള്‍ ചോദിച്ചു…നീ പിന്നെ ശ്രീയേട്ടനെ കണ്ടിട്ടുണ്ടോ എന്ന്. ആ ചോദ്യം ആയിരം ശരങ്ങളായി ഹൃദയത്തെ കീറിമുറിച്ചു,അഗ്നിയിൽ അകപ്പെട്ടതുപോലെ. ദൈവമേ !!!ഞാൻ എങ്ങനെ ഈ സന്ദർഭത്തെ അതിജീവിക്കുമെന്ന തോന്നലിലൂടെ അവളുടെ കണ്ണുകളിലെ നിരാശ ഞാന്‍ കണ്ടു .പിന്നീട് ഞാനും ശ്രീയേട്ടനെ കണ്ടിട്ടില്ല . എന്ത് മറുപടിയാണ് ഞാന്‍ കൊടുക്കേണ്ടത് എന്നറിയാതെ മനസ്സ് ഉഴറി. പാപഭാരത്താൽ കണ്ണുകളിൽ നിന്നും ചുടു കണ്ണുനീരാൽ ചുട്ടു പൊള്ളുന്ന കവിൾത്തടം. എന്റെ മനസ്സ് മനസിലാക്കിയ അവള്‍ പറഞ്ഞു ….സാരമില്ല. സന്തോഷമായി എവിടെയാണെങ്കിലും സന്തോഷമായ് ജീവിയ്ക്കട്ടെ . ആ മറുപടിയില്‍ തന്നെ അവള്‍ക്ക് ഇപ്പോഴും ആ പ്രണയമുണ്ടെന്ന് മനസിലായി.അവളെ സമാധാനിപ്പിച്ചു പരസ്പരം പിരിഞ്ഞപ്പോള്‍ മനസ്സ്‌ വല്ലാതെ വേദനിച്ചു .ലച്ചു നിരാശയുംസങ്കടവും നിറഞ്ഞ ആ മുഖം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല .എൻറെ മനസ്സും കലങ്ങി മറിയുകയാണൂ ചില സത്യങ്ങൾ എന്നെ വല്ലാതെ കുത്തിനോവിക്കുന്നു. എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പായി, ഞാൻ പതിയെ ലച്ചുവിനോട് യാത്ര പറഞ്ഞു. നമ്പർ വാങ്ങാൻ മനസ്സനുവദിച്ചില്ല. കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം നൽകി പതിയെ ഇറങ്ങി..

സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങണം… ഇതെല്ലാം വാങ്ങി വീട്ടിൽ എത്തിയിട്ട് വേണം വീട്ടിലെ ജോലികൾ ചെയ്തു തീർക്കാൻ.. എല്ലാം മനസ്സിൽ ആലോചിച്ചു പതിയെ നീങ്ങവേ, നിമ്മി എന്നാ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.. അതാ ശ്രീയേട്ടൻ കാറിൽ എനിക്കായി വെയിറ്റ് ചെയുന്നു.. കാത്തിരുന്നു മുഷിഞ്ഞെന്നു കണ്ടാൽ അറിയാം.. പതിയെ ഒരു ചിരിയോടെ അടുത്ത് ചെന്ന്… ശ്രീയേട്ടന്റെ പഴയ ദേഷ്യത്തിന് ഇപ്പോള്തഴും ഒരു കുറവില്ല… എത്ര നേരമായി നിന്നെ വെയിറ്റ് ചെയ്യുന്നു പറഞ്ഞു കൊണ്ട് ഡോർ ശക്തിയായി അടച്ചു എനിക്കൊപ്പം സൂപ്പർ മാര്‍ക്കറ്റിലേക്ക് കയറി . എനിക്ക് ലച്ചുവിനെ കണ്ട കാര്യം പറയണം എന്നുണ്ട്. പിന്നെ ചിന്തിച്ചു വെറുതെ എന്തിനു ഞങ്ങളുടെ ദാമ്പത്യം കുളമാക്കുന്നു എന്നാ ചിന്തയോടെ ശ്രീയേട്ടനൊപ്പം ഞാനും സാദനങ്ങൾ വാങ്ങാൻ കൂടി.. വീട്ടിലെത്തി സാധനങ്ങൾ അടുക്കി വാക്കുമ്പോഴും എൻറെ പതിവില്ലാത്ത മൗനമാകാം ശ്രീയേട്ടനും ഇടക്ക് എന്നെ ശ്രെദ്ധിക്കുന്നുണ്ട്. രാത്രിയിൽ ശ്രീയേട്ടന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കുമ്പോൾ കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടുന്നു.

ഒരുനിമിഷം ഞാൻ ചിന്തിച്ചു ഇതിൽ ഞാൻ എന്ത് തെറ്റാണു ചെയ്തത്.. ബ്രോക്കർ മുഖേന വന്ന കല്യാണാലോചന, പെണ്ണ് കാണൽ ചടങ്ങിനിടയിൽ ആണ് ഞാൻ ശ്രീയേട്ടനെ കാണുന്നത്. അഥവാ ഞാൻ കല്യാണത്തിന് സമ്മതിച്ചില്ലങ്കിലും വേറൊരു പെൺകുട്ടി അദേഹത്തിന്റെ ജീവിതത്തിൽ കടന്നു് വരും. അപ്പോൾ ദൈവമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. മണ്ണും പെണ്ണും വിധിച്ചതേ ലഭിക്കൂ എന്നാ അമ്മമ്മയുടെ പഴഞ്ചൊല്ല് മനസ്സിലൂടെ കടന്നു്… പതിയെ ശ്രീയേട്ടനൊപ്പം ചേർന്ന് കിടന്നു. ആ നിശബ്ദപ്രണയത്തിന്‍റെ മൂകസാക്ഷിയായി ഞാൻ……..ഇന്നും അവളുടെ മുഖം ഉരുകിയൊലിക്കുന്ന മെഴുകുതിരി പോലെ….

shortlink

Related Articles

Post Your Comments


Back to top button