Kerala

വിദ്വേഷപ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത്‌ : കളക്‌ടര്‍ ടി.വി. അനുപമ

തൃശൂർ: ക്രമസമാധാനപാലനത്തിന്‌ വെല്ലുവിളിയാകുന്നതും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമായ വിദ്വേഷ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ചേമ്പറില്‍ നടത്തിയ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്കുള്ള വിവിധ നിര്‍ദേശങ്ങള്‍ വിശദ്ധീകരിക്കുകയായിരുന്നു അവര്‍. മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ്‌ പ്രചരണം തെരഞ്ഞെടുപ്പ്‌ ചട്ടപ്രകാരം നിരോധിച്ചിട്ടുള്ളതാണ്‌. അത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടായാല്‍ അവയ്‌ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്‌്‌. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പിന്‌ മാധ്യമങ്ങളുടെ പങ്കും പ്രധാനമാണ്‌. ഈ ഉത്തരവാദിത്വം മാധ്യമങ്ങള്‍ നിര്‍വഹിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

രാഷ്‌ട്രീയ പാര്‍ട്ടികളുമായോ ,സ്ഥാനാര്‍ഥികളുമായോ എതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കില്‍ അക്കാര്യം മാധ്യമങ്ങള്‍ വെളിപ്പെടുത്തണം. മാധ്യമ സ്ഥാപനമോ, മാധ്യമപ്രവര്‍ത്തകനോ, മറ്റു ഉത്തരവാദിത്വപ്പെട്ടവരോ പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കരുത്‌. പരസ്യവും വാര്‍ത്തയും വേര്‍തിരിച്ചു തന്നെ നല്‍കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ലഭ്യമാകുന്ന വീഡിയോ ഫീഡ്‌ വാര്‍ത്തയില്‍ ഉപയോഗിക്കുമ്പോള്‍ അക്കാര്യം വെളിപ്പെടുത്തുകയും ഉചിതമായി ടാഗ്‌ ചെയ്യുകയും വേണം. അഭിപ്രായ സര്‍വേകള്‍ കൃത്യമായും വസ്‌തുനിഷ്‌ഠമായും സംപ്രേക്ഷണം ചെയ്യണമെന്നും സര്‍വേ നടത്താന്‍ എല്‍പ്പിച്ചതും, നടത്തിയതും ആരാണെന്നും ഇതിന്‌ പണം നല്‍കിയത്‌ ആരാണെന്ന്‌ പരസ്യപ്പെടുത്തണമെന്നും അവര്‍ നിര്‍ദേശിച്ചു.

വോട്ടെടുപ്പ്‌ പ്രക്രിയ അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള 48 മണിക്കുറുകളില്‍ തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന രീതിയില്‍ തെരഞ്ഞെടുപ്പ്‌ സംബന്ധമായ വാര്‍ത്ത നല്‍കരുതെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഫലപ്രഖ്യാപനം നടത്തുന്നതിന്‌ മുന്‍പ്‌ അന്തിമവും ഔദ്യോഗികവും എന്നപേരില്‍ മാധ്യമങ്ങള്‍ ഒരു ഫലവും പുറത്തുവിടരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എല്ലാ പോളിംഗ്‌ കേന്ദ്രങ്ങളിലും ഈ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ്‌ സംവിധാനം എര്‍പ്പെടുത്തുന്നുണ്ട്‌. ജില്ലയിലെ 3000 കേന്ദ്രങ്ങളില്‍ വിവിപാറ്റ്‌ സംവിധാനം വോട്ടര്‍മാര്‍ക്ക്‌ പരിചയപ്പെടുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ബോധവല്‍ക്കരണത്തില്‍ മാധ്യമങ്ങള്‍ക്ക്‌ വലിയ പങ്കുവഹിക്കാനാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. എഡിഎം റെജി പി ജോസഫ്‌, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടര്‍ എസ്‌ വിജയന്‍, ആര്‍ഡിഒ പി.എ. വിഭൂഷണന്‍, അസിസ്‌റ്റന്‍്‌റ്‌ കളക്ടര്‍ എസ്‌്‌. പ്രേംകൃഷ്‌ണന്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button